നൂറ്റിയെട്ടാം വയസ്സിലും ഗുരുകുല മാതൃകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാരഥ്യമേകുന്ന ഡോക്ടര്‍ ശിവകുമാര സ്വാമിക്ക് ലഭിച്ച പത്മഭൂഷണ്‍ പുരസ്കാരം അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഗവേഷണതലംവരെയുള്ള 8700 ല്‍പ്പരം വിദ്യാര്‍ത്ഥികളാണ് ഈ ‘ഗുരുകുല’ത്തില്‍ ഇപ്പോള്‍ പഠിക്കുന്നത്. അവരുടെ താമസവും ഭക്ഷണവും എന്നുവേണ്ടാ പഠനച്ചെലവുകളും സൗജന്യമാണന്നറിയുമ്പോള് നാം വിസ്മയിച്ചുപോകും! ഈ ഗുരുകുലത്തില്‍ ജാതി-മത-ഭേദ ചിന്തകളൊന്നുമില്ല. ‘വിദ്യാധനം സര്‍വധനാല്‍ പ്രധാനം’ എന്ന ഒരു മന്ത്രമേയുള്ളൂ. മാനുഷികമായ പരിഗണനകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള സഹാനുഭൂതിയുമാണ് ഇങ്ങനെയൊരു വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കമിടാന്‍ കാരണം. 1930 മുതല്‍ ഡോ.ശിവകുമാര സ്വാമിജിയാണ് ഈ ഗുരുകുലത്തില്‍ സാരഥ്യം വഹിക്കുന്നത്. ഈ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയവരുടെ ഉദാരസമീപനങ്ങളും ദേശീയവും അന്തര്‍ദ്ദേശീയവുമായ സഹായസഹകരണങ്ങളും കൊണ്ട് ഈ ആധുനിക ഗുരുകുലം കാര്യക്ഷമമായി അതിന്റെ ധര്‍മം നിറവേറ്റിപ്പോരുന്നു. 75 വര്‍ഷക്കാലത്തെ നിസ്വാര്‍ത്ഥമായ ഈ സേവനത്തിനാണ് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ പത്മഭൂഷണ്‍ പുരസ്കാരം നല്കി രാഷ്ട്രം അദ്ദേഹത്തെ ബഹുമാനിച്ചത്.
ബെംഗളൂരു നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള തുംകൂര്‍ സ്വച്ഛന്ദമായ ഒരു സ്ഥലമാണ്. അവിടെയാണ് ഈ വിദ്യാഭ്യാസ സമുച്ചയം സ്ഥിതി ചെയ്യുന്നത്. 130 ല്‍പ്പരം വിദ്യാഭ്യാസ വിഭാഗങ്ങള്‍ ഈ ഗുരുകുലത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. വിവരസാങ്കേതിക വിദ്യ മുതല്‍ ഗവേഷണ തലം വരെ പഠിക്കുന്നവരില്‍ നിന്നും ഒരു ചില്ലിക്കാശ് പോലും ഗുരുകുലം വസൂല്‍ ചെയ്യുന്നില്ല. പാരാമെഡിക്കല്‍ വിഭാഗം, ഇംഗ്ലീഷ്, കന്നട, സംസ്കൃതം, ദൃശ്യകലകള്‍, ചിത്രകല, നാടക ഗവേഷണ വിഭാഗം എന്നിവയ്ക്കെല്ലാം മികച്ച ഫാക്കല്റ്റിയുമുണ്ട്. ഓരോ സെഷനിലും നിപുണരും ലോകപ്രശസ്തരുമായ അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ സെമിനാറുകാരും ശില്‍പ്പശാലകളും ചര്‍ച്ചകളും നടത്തപ്പെടുന്നുമുണ്ട്. ലോകവിദ്യാഭ്യാസ ഭൂപടത്തില്‍ ഈ ഗുരുകുലത്തിന് ഉന്നതമായ സ്ഥാനം ലഭിച്ചതും ഇതിന്റെ മാനദണ്ഡത്തിലാണ്.
കൃഷിയിടങ്ങള്‍, കളിസ്ഥലങ്ങള്‍, നാട്യശാലകള്‍, സെമിനാര്‍ ഹോളുകള്‍, അതിഥിമന്ദിരങ്ങള്‍, വനിതാ ഹോസ്റ്റലുകള്‍ അദ്ധ്യാപകര്‍ക്കുള്ള ചെറുമന്ദിരങ്ങള്‍, സ്വീകരണ മണ്ഡപങ്ങള്‍, ശൗചാലയങ്ങള്‍ എന്നുവേണ്ടാ ഒരു മികച്ച വിദ്യാഭ്യാസ സമുച്ചയത്തിന് വേണ്ടതെല്ലാം ഈ ഗുരുകുലത്തിലുണ്ട്. വിശാലമായ പ്രാര്ത്ഥനാനിലയങ്ങളും അതിന്റെ ലാളിത്യംകൊണ്ട് ആകര്‍ഷകമാണ്. ആര്‍ഭാടങ്ങള്‍ തീരെയില്ലന്ന് പറയാം. ‘തുറന്ന പുസ്തകമാണ്’ സ്വാമിജി എന്ന് അന്തേവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഈ ഗുരുകുലത്തില്‍ രണ്ടുനേരം പ്രാര്‍ത്ഥനയുണ്ട്. രാവിലെ 6 മണിക്കും വൈകിട്ട് 6 മണിക്കും. ഈ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നത് ഗുരുവരനായ കുമാരസ്വാമിയാണ്. കന്നടയിലും സംസ്കൃതത്തിലുമുള്ള പ്രാര്‍ത്ഥനാ ഗാനങ്ങളാണ് ആലപിക്കുന്നത്. ലളിതവും ഭക്തിസാന്ദ്രവുമായ പ്രാര്‍ത്ഥനാ വേളകളില്‍ എല്ലാവരുടേയും മനസ്സും വപുസ്സും ഈശ്വരനില്‍ മാത്രം അര്‍പ്പിക്കുന്നത് കാണാം. 20 മിനിറ്റിനുശേഷം സ്വാമിയുടെ ഹ്രസ്വമായ ഒരു പ്രഭാഷണമുണ്ട്. നിത്യജീവിതവുമായി ബന്ധമുള്ള കാര്യങ്ങള്‍ 10 മിനിറ്റുകൊണ്ട് സ്വാമിജി പറയുന്നു. അറിവിന്റെയും കനിവിന്റെയും കരുണാ-വാത്സല്യങ്ങളുടെയും വചനങ്ങളാണ് സ്വാമിജിയുടേത്.
തൊഴിലിനെക്കുറിച്ച് സ്വാമിക്ക് ഒരു പ്രത്യേക കാഴ്ചപ്പാടുണ്ട്. അവനവന്റെ കഴിവിനും ആരോഗ്യത്തിനും അനുയോജ്യമായ തൊഴില്‍ ചെയ്യുക; പ്രതിഫലം ആഗ്രഹിക്കരുത്; സഹജീവികളെ കഴിവതും സഹായിക്കുക!! തൊഴിലിന്റെ മഹത്വത്തെയാണ് സ്വാമി പ്രകീര്‍ത്തിക്കുന്നത്. ആരോഗ്യത്തിനും മാനസികമായ ഉല്ലാസത്തിനും തൊഴില്‍ നല്ല ഉപാധിയാണെന്നും അദ്ദേഹം പറയുന്നു.
1907 ല്‍ കര്‍ണാടകയിലെ വീരപുരത്താണ് അദ്ദേഹം ജനിച്ചത്. ഗംഗമ്മയും ഹൊന്നപ്പയുമാണ് മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസം വീരപുരത്തായിരുന്നു. സെക്കന്ററി വിദ്യാഭ്യാസം തുംകൂറിലാണ് നടത്തിയത്. പ്രീ-യൂണിവേഴ്സിറ്റിക്കും ഡിഗ്രിക്കും ബെംഗളൂരു സെന്‍ട്രല്‍ കോളേജിലാണ് പഠിച്ചത്. കന്നടയിലും ഇംഗ്ലീഷിലും സംസ്കൃതത്തിലും ബിരുദാനന്തരബിരുദവും നേടി. 1930 ല്‍ അദ്ദേഹം ഈ ‘ഗുരുകുല’ത്തിന്റെ സാരഥ്യം ഏറ്റെടുത്തു. ബെംഗളൂരു യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്കി ആദരിച്ചു. 2007 ല്‍ കര്‍ണാടക ഗവണ്മെന്റ് ‘കര്‍ണാടക രത്ന’ പുരസ്കാരം നല്കി ബഹുമാനിച്ചു. 2015 ല്‍ പത്മഭൂഷണും അദ്ദേഹത്തെ തേടിയെത്തി. വര്‍ണനാതീതമായ മറ്റനേകം പുരസ്കാരങ്ങളും ഈ കുലപതിക്ക് ലഭിച്ചിട്ടുണ്ട്. അനേകം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘സഞ്ചരിക്കുന്ന ദൈവം’ എന്ന അപരനാമത്താലാണ് ഡോ.ശ്രീ.ശീ. ശിവകുമാരസ്വാമി അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: