മികച്ച സംവിധായകനോ പ്രതിഭയുള്ള ഛായാഗ്രാഹകനോ എ. വിന്‍സന്റ് എന്ന ചോദ്യത്തിന് രണ്ടിലും മുമ്പനായ ജീനിയസ് എന്നാവും ലഘുവായ ഉത്തരം. മലയാളത്തിലെ പല ക്ലാസിക്കുകളും ജനിച്ചത് വിന്‍സന്റിന്റെ സംവിധാനത്തിലോ ക്യാമറയിലോ ആണ്. സ്വന്തം സൃഷ്ടി സ്വന്തം പേരിനെക്കാള്‍ വലുതാകാന്‍ അപൂര്‍വഭാഗ്യം കിട്ടിയ സംതൃപ്തിയോടെയാകും അദ്ദേഹം വിടപറഞ്ഞിട്ടുണ്ടാകുക. സംവിധായകന്റെ ഹൃദയവും ക്യാമറാമാന്റെ കണ്ണുംകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ സിനിമ.
മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക്കായ ഭാര്ഗവിനിലയമെന്ന ഒറ്റ സിനിമകൊണ്ടുതന്നെ എന്നും നിലനില്‍ക്കുന്നതാണ് അതിന്റെ സംവിധായകനായ എ. വിന്‍സന്റിന്റെ പേര്. അരനൂറ്റാണ്ട് കഴിഞ്ഞ ഈ സിനിമ ഇന്നു കാണുമ്പോള്‍ അതിന്റെ നാനാവിധ മികവുകൊണ്ട് ഇതിന്റെ സംവിധായകനാരെന്ന് സ്വാഭാവികമായും ചോദിച്ചുപോകും. ഏച്ചുകെട്ടലുകളില്ലാതെ ഫിക്ഷനും റിയാലിറ്റിയും സമാസമം ചേര്‍ത്ത ‘ഭാര്‍ഗവി’യുടെ നിര്‍മിതി ഇന്നും അതിശയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ശക്തമായ തിരക്കഥയില്‍ രൂപമെടുത്ത ഈ ചിത്രം ഒരു പ്രേതകഥയുടെ പ്രത്യക്ഷമാനം ഇല്ലാതെതന്നെ അതനുഭവിപ്പിക്കുന്നുണ്ട്. ഇത് വിന്‍സന്റിന്റെ സംവിധായകനെന്ന നിലയിലുള്ള കയ്യൊതുക്കമാണ്.
മുറപ്പെണ്ണ്, അസുരവിത്ത്, നഗരമേ നന്ദി, അശ്വമേധം, തുലാഭാരം തുടങ്ങിയ സിനിമകള്‍ വിന്‍സന്റിന് മികവിന്റെ സംവിധായക കിരീടം നേടിക്കൊടുത്തു. വിജയത്തിന്റെ അലങ്കാരപദമായി ‘ഹിറ്റുകള്‍’ എന്നത് ആഘോഷമാകും മുമ്പ് അതിന് സാരാംശം നല്കിയ ചിത്രങ്ങളാണിവ. തുലാഭാരം മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റാണ്. മലയാളത്തിലെ മികച്ച എംടി കൃതികളായ മുറപ്പെണ്ണ്, അസുരവിത്ത് തുടങ്ങിയവയുടെ ഗൗരവം ചോരാതെതന്നെയാണ് ചലച്ചിത്രരചന. സ്വന്തം കൃതികള്‍ക്ക് എംടി നല്കിയ തിരക്കഥ സിനിമക്ക് മറ്റൊരു മാറ്റായി. മനുഷ്യന്റെ നഗരവാരിധി നടുവിലെ ആശങ്കയും ആകുലതയും അന്നത്തെ രീതിയില്‍ തുറന്നുകാട്ടിയ ചിത്രമാണ് എംടി തൂലികയേകിയ നഗരമേ നന്ദി. വിന്‍സന്റ് എന്ന സംവിധായകന്റെ ആധുനിക മനസുള്ള വീക്ഷണകോണ് സിനിമയിലുണ്ട്.
പ്രമേയത്തിന്റെ സ്വഭാവമനുസരിച്ചുള്ള ചലച്ചിത്രഭാഷയുടെ സൂക്ഷ്മത അവകാശപ്പെടാവുന്നവയാണ് വിന്‍സന്റിന്റെ നദി, ആല്‍മരം, ത്രിവേണി, ഗന്ധര്‍വ്വക്ഷേത്രം, നഖങ്ങള്‍, കൊച്ചുതെമ്മാടി തുടങ്ങിയ മറ്റു ചിത്രങ്ങളും. അന്നത്തെ തലമുറക്ക് മാതൃകയും ഇന്നത്തെ തലമുറക്ക് പഠനവുമാക്കാവുന്നവയാണ് അദ്ദേഹത്തിന്റെ സിനിമാരീതി. പഴയ-പുതുതലമുറകളെ സഹകരിപ്പിച്ച് അവരില്‍നിന്നും തികച്ചും വ്യത്യസ്തനും പുതുമക്കാരനുമാവുകയായിരുന്നു വിന്‍സന്റ്.
മലയാളസിനിമയുടെ കലാപരമായ വളര്‍ച്ചാഗ്രാഫില്‍ അടയാളപ്പെട്ട കുഞ്ഞാലിമരയ്ക്കാര്‍, തച്ചോളിഒതേനന്, മൂടുപടം, മുടിയനായ പുത്രന്, നീലക്കുയില്‍, ദൗത്യം, അങ്കിള്‍ബണ്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു വിന്‍സന്റ്. ഈ സിനിമകളുടെ വിജയങ്ങള്‍ക്കു പിന്നില്‍ ഇദ്ദേഹത്തിന്റെ ചടുലമായ ക്യാമറാരീതികളുമുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിലും വിന്‍സന്റിന്റെ പ്രതിഭാത്തിളക്കം പരന്നു.
വിന്‍സന്റിന്റെ ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിലെ സംവിധായകനും ക്യാമറാമാനും സര്‍ഗാത്മകമായി മത്സരിക്കുന്നുണ്ട്. സംവിധായകന്റെ ഹൃദയവും ക്യാമറാമാന്റെ കണ്ണും ചേര്‍ന്നൊരു ഹൃദയനേത്രം ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ മികവിനെ വിടാതെ പിന്തുടര്ന്നിരുന്നു. ക്യാമറ കഥാപാത്രമാകാതെ കഥാപാത്രങ്ങളുടെയും കഥാപരിസരത്തിന്റെയും സ്വഭാവ വിശേഷങ്ങളുടെ പശ്ചാത്തലമുള്ക്കൊണ്ടതായിരുന്നു വിന്‍സന്റിന്റെ ക്യാമറ. കേവലം പ്രകൃതി പശ്ചാത്തല ധാരാളിത്തത്തില്‍നിന്നും ഇദ്ദേഹത്തിന്റെ ക്യാമറ എന്നും രക്ഷപ്പെട്ടു. കറുപ്പും വെളുപ്പും നിറഞ്ഞൊരു കാഴ്ചക്കാലം ക്യാമറാചലനങ്ങളിലൂടെ അനുഭവമാക്കി വിന്‍സന്റിന്റെ ക്യാമറ. കണ്ണിലൂടെ മാത്രമല്ല ഹൃദയത്തില്കൂടിയുമാണ് അദ്ദേഹം ക്യാമറ നോക്കിയത്. മനുഷ്യന് ജീവിക്കുന്ന പരിസരം അവന്റെ വിധിയാകുന്നതെങ്ങനെയെന്നുള്ള സാഹിത്യത്തിലെ വിചാരങ്ങള്‍ മറ്റൊരു തരത്തില്‍ സിനിമയിലുമുണ്ട്. നമ്മുടെ സിനിമയില്‍ ഈ വിചാരധാര പതിറ്റാണ്ടിനു മുമ്പേതന്നെ വിന്‍സന്റിന്റെ സിനിമകളില്‍ കാണാം. അതിനെക്കാളുപരിയായി സ്ഥലകാലങ്ങള്‍ സിനിമയുടെ ആന്തരികഘടനയില്‍ എങ്ങനെ പ്രസക്തമാകുന്നുവെന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: