കൊച്ചി: റവന്യൂ സംബന്ധമായ തര്‍ക്കങ്ങളും പരാതികളും പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റവന്യൂ സര്‍വെ അദാലത്ത് ഇന്ന് ജില്ലയില്‍ നടക്കും. കാക്കനാട് കളക്ടറേറ്റ് മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ കൂറ്റന്‍ പന്തലിലാണ് ജില്ലാതല അദാലത്ത്. രാവിലെ 9.30ന് ആരംഭിക്കുന്ന അദാലത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ല കളക്ടര്‍ എം. ജി രാജമാണിക്കം അറിയിച്ചു. രാവിലെ 9.30ന് ആരംഭിക്കുന്ന അദാലത്തില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പങ്കെടുക്കും.
വര്‍ഷങ്ങളായി തീര്‍പ്പുകല്‍പ്പിക്കപ്പെടാതെ കിടക്കുന്ന ഭൂമി പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം, ദുരിതാശ്വാസ വിതരണം, പട്ടയ വിതരണം തുടങ്ങി അദാലത്തിലേയ്ക്ക് 28,000 അപേക്ഷകളാണ് പരിഗണനയ്ക്കുന്നത്. പോക്കുവരവ് സംബന്ധമായ അപേക്ഷകള്‍, പട്ടയത്തിനുള്ള അപേക്ഷകള്‍, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ തുടങ്ങിവയാണ് ഇവയില്‍ ഭൂരിപക്ഷവും. പുതുതായി അപേക്ഷകള്‍ നല്കുവാനുള്ള സംവിധാനവും അദാലത്ത് വേദിയില്‍ ഒരുക്കിയിട്ടുണ്ട്.
പുതിയ പരാതിക്കാരെ സ്വീകരിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് കളക്ടറേറ്റ് മൈതാനിയില്‍ തയാറാക്കിയ കൂറ്റന്‍ പന്തലില്‍ ഒരുക്കിയിട്ടുള്ളത്. 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലില്‍, ഏഴു താലൂക്കുകള്ക്കുമായി പ്രത്യേക കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുതുതായി അപേക്ഷ നല്‍കാനായി എത്തുന്നവര്‍ക്കുള്ള കൗണ്ടറുകളുമടക്കം അറുപതോളം കൗണ്ടറുകള്‍ പന്തലില്‍ തയാറാക്കിട്ടുണ്ട്.
താലൂക്ക് ഓഫീസ് കൗണ്ടറുകളില്‍ ഓരോന്നിലും പട്ടയം, ദുരിതാശ്വാസ വിതരണം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുന്നതിനായി ഓഫീസര്‍മാര്‍ക്കായി പ്രത്യേക കൗണ്ടറുകളും ചിട്ടപ്പെടുത്തിട്ടുണ്ട്. കളക്ടറേറ്റിന്റെ കൗണ്ടറും പന്തലില്‍ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപകാരപ്രദമാകും. അദാലത്തില്‍ പങ്കെടുക്കാനെത്തുന്ന മുഴുവന്‍ ജനത്തിനുമുള്ള ഭക്ഷണക്രമീകരണങ്ങളും കളക്ടറേറ്റ് മൈതാനിയില്‍ സജ്ജമായിട്ടുണ്ട്.
രാത്രി വൈകിയും അദാലത്ത് നടക്കാമെന്നതിനാല്‍, മടക്കയാത്രക്കാര്ക്കുള്ള വാഹന സൗകര്യങ്ങളും ക്രമീകരിച്ചിട്ടുള്ളതായി ജില്ല കളക്ടര്‍ അറിയിച്ചു.
ഇന്ന് രാവിലെ 9.30ന് കാക്കനാട് കളക്ടറേറ്റ് മൈതാനത്തെ വേദിയില്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, റവന്യൂ സര്‍വെ അദാലത്തിന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷനായിരിക്കും. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: