കൊല്ലം: മാരകമായ എച്ച് വണ്‍ എന്‍ വണ്‍ പനിയെക്കുറിച്ച് അനാവശ്യ ഭയാശങ്കകള്‍ അകറ്റാനും, അതേസമയം രോഗത്തിന് എതിരെ സൂക്ഷ്മമായ ജാഗ്രത പുലര്‍ത്താനും രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ എത്രയും വേഗം ചികിത്സ ആരംഭിക്കാനും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
പന്നിപ്പനിയെക്കുറിച്ച് സാധാരണജനങ്ങള്‍ക്കുള്ള ഭീതി അകറ്റാനും രോഗത്തെക്കുറിച്ച് സംശയ നിവാരണത്തിനുമായി ജില്ലാ മെഡിക്കല്‍ ഭരണകൂടത്തിന്റെ സഹകരണത്തോടെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച സെമിനാര്‍ രോഗത്തെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റുന്നതും ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതുമായി.
ജില്ലയില്‍ മൂന്നു പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്ത സെമിനാര്‍. പൂര്ണാരോഗ്യമുള്ളവരില് യഥാസമയം ചികിത്സ ആരംഭിച്ചാല്‍ ഈ രോഗം രൂക്ഷസ്ഥിതി കൈവരിക്കാതെ തന്നെ ഭേദമാകും. സാധാരണ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന പനി, വിദഗ്ദ്ധ പരിശോധനയിലൂടെ എച്ച്വണ് എന്‍വണ്‍ ആണെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ 48 മണിക്കൂറിനകം ചികിത്സ ആരംഭിക്കണം.
നേരത്തേയുള്ള ചികിത്സയിലൂടെ പൂര്‍ണമായും ഭേദപ്പെടുത്താവുന്ന രോഗം മാരകവും അപകടകരവുമാകുന്നത് കരള്‍, വൃക്ക രോഗികളിലും ഹൃദ്രോഗികളിലും അനിയന്ത്രിതമായ പ്രമേഹം ഉള്ളവരിലുമാണ്. ഗര്‍ഭിണികളിലും കുട്ടികളിലും വാര്‍ദ്ധക്യത്തിലെത്തിയവരിലും ശാരീരിക പ്രതിരോധശേഷി താരതമ്യേന കുറഞ്ഞിരിക്കുമെന്നതിനാല്‍ രോഗം സങ്കീര്ണസ്ഥിതി കൈവരിക്കാനിടയുണ്ട്.
ചില രോഗങ്ങള്‍ക്കുള്ള ചികിത്സയുടെ ഭാഗമായി ദീര്‍ഘനാളായി സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവരും എച്ച്1 എന്‍1 രോഗത്തിന് എതിരെ ജാഗ്രത പാലിക്കണം. പനിബാധയുള്ളവര് തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യേണ്ടിവരുമ്പോള്‍ തൂവാല ഉപയോഗിച്ച് വായ മറയ്ക്കണം. രോഗബാധയുള്ളവരില്‍ നിന്ന് വായുവിലൂടെയാണ് രോഗാണുക്കള്‍ മറ്റുള്ളവരിലേക്കു പകരുന്നത്. വീട്ടിലുള്ളപ്പോഴും ഓഫീസിലായിരിക്കുമ്പോഴും ഇടയ്ക്കിടെ കൈകള്‍ കഴുകി വൃത്തിയാക്കുന്നതും രോഗത്തെ പ്രതിരോധിക്കാന്‍ സഹായകമാണെന്ന് സെമിനാറില്‍ ക്ലാസെടുത്ത വിദഗ്ദ്ധ ഡോക്ടര്‍മാര്‍ വിശദീകരിച്ചു.
സെമിനാര്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധിയായി വിജയകുമാര്‍ പങ്കെടുത്തു. ഡോ. നസിമുദ്ദീന്, ഡോ. ഷീലാമണി, ഡോ. പി.എസ്. രാകേഷ് എന്നിവര്‍ സെമിനാറിന് എത്തിയവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കി. ഡോ.നൈജു അജുമുദ്ദീന്‍ സ്വാഗതവും ഡോ. ഡോ.സുമിത്ദത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: