ആലപ്പുഴ: ആകാശവാണി ആലപ്പുഴ നിലയത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. നാല് പതിറ്റാണ്ടുകള്‍ മുമ്പ് കലവൂരില്‍ സ്ഥാപിച്ച ആലപ്പുഴ ആകാശവാണി പ്രസരണിയിലൂടെയുള്ള പരിപാടികളാണ് സംസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയുമെത്തുന്നത്. കേരളത്തിലെ ഏറ്റവും ശക്തികൂടിയ പ്രസരണിയാണ് മീഡിയം വേവില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ നിലയം.
ഇവിടെ സ്റ്റുഡിയോ ഇല്ലാത്തതിനാല്‍ ആലപ്പുഴയിലെയും സമീപ പ്രദേശങ്ങളിലെയും ജനകീയ വികസന പ്രശ്നങ്ങള്‍ യഥാസമയം പ്രക്ഷേപണം ചെയ്യാനാവുന്നില്ല. വര്‍ഷങ്ങള്‍ മുമ്പ് മാത്രം സ്ഥാപിതമായ കണ്ണൂരിലും കൊച്ചിയിലും സ്റ്റുഡിയോ ഉള്‍പ്പടെയുള്ള സ്വതന്ത്ര എഫ്എം സ്റ്റേഷനുകളാണുള്ളത്. കൊച്ചി-കണ്ണൂര്‍ എഫ്എം സ്റ്റേഷനുകള്‍ക്ക് പ്രാദേശിക വികസന പരിപാടികളും പ്രാദേശികാരോഗ്യ മലിനീകരണ പ്രശ്നങ്ങളും കാര്‍ഷിക വാര്‍ത്തകളും ഒരു മണിക്കൂര്‍ ഇടവിട്ടുള്ള വാര്‍ത്തകളും അറിയിപ്പുകളും തത്സമയം പ്രക്ഷേപണം ചെയ്യുവാന്‍ കഴിയുന്നതിലൂടെ പ്രാദേശിക വികസനത്തിന് തനതു സംഭാവനകള്‍ നല്കുവാന് സാധിക്കുന്നുണ്ട്,
ആലപ്പുഴയില്‍ എഫ്എം റേഡിയോ സ്ഥാപിക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. സ്റ്റുഡിയോ സഹിതം എഫ്എം വരുമെന്നാണ് ആദ്യം അറിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് സ്റ്റുഡിയോ ഇല്ലാത്ത എഫ്എം പ്രസരണി മാത്രം സ്ഥാപിച്ച് തിരുവനന്തപുരത്ത് നിന്നുള്ള പരിപാടികള്‍ റിലേ ചെയ്യാനാണ് നീക്കം നടത്തുന്നതെന്നാണ്.
സ്റ്റുഡിയോ തുടങ്ങുവാനും പ്രസരണ സ്ഥാപിക്കുവാനുമുള്ള സ്ഥല സൗകര്യം കലവൂരിലെ ആലപ്പുഴ നിലയത്തിലും പാതിരപ്പള്ളിയിലുള്ള ഓഫീസ് കോമ്പൗണ്ടിലും ലഭ്യമാണ്. നിലവിലുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഒരു സ്വതന്ത്ര എഫ്എം റേഡിയോ സ്റ്റേഷന് സ്ഥാപിക്കണമെന്ന് സ്നേഹക്കൂട്ടം ആരോഗ്യകൂട്ടായ്മയുടെ ഓര്‍ഗനൈസര്‍ സ്നേഹിതന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: