ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്കും ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ജുവന്റസിനും ജയം. ബാഴ്സലോണ എവേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ 2-1ന് തോല്‍പ്പിച്ചപ്പോള്‍ ജുവന്റസ് സ്വന്തം തട്ടകത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയും ഇതേ സ്കോറിന് പരാജയപ്പെടുത്തി.
ഉറുഗ്വെയ്ന്‍ സൂപ്പര്‍താരം ലൂയി സുവാരസ് നേടിയ രണ്ട് ഗോളുകളാണ് ബാഴ്സക്ക് ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന കൡയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ വിജയം സമ്മാനിച്ചത്. 74-ാം മിനിറ്റില്‍ സിറ്റിയുടെ ക്ലിച്ചി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും അവര്‍ക്ക് തിരിച്ചടിയായി. വിജയത്തോടെ ബാഴ്സ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കുകയും ചെയ്തു.
കളിയുടെ തുടക്കം മുതല്‍ മെസ്സി, നെയ്മര്‍, സുവാരസ്, ഇനിയേസ്റ്റ തുടങ്ങിയ സൂപ്പര്‍താരങ്ങളടങ്ങിയ ബാഴ്സക്കുതന്നെയായിരുന്നു മുന്‍തൂക്കം. തുടര്‍ച്ചയായ ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 16-ാം മിനിറ്റില്‍ ബാഴ്സ ലീഡ് നേടി. വലതുവിംഗില്‍ നിന്ന് മെസ്സി നല്കിയ പാസ് പിടിച്ചെടുത്തശേഷ ലൂയി സുവാരസ് ഇടംകാലുകൊണ്ട് നിറയൊഴിച്ചത് സിറ്റി വലയില്‍ കയറി. പിന്നീട് 26-ാം മിനിറ്റില്‍ സുവാരസിന്റെ മറ്റൊരു ശ്രമം സിറ്റി ഗോളി തട്ടിയകറ്റി. എന്നാല്‍ 30-ാം മിനിറ്റില്‍ ബാഴ്സ വീണ്ടും ലീഡ് നേടി. മെസ്സിയും ജോര്‍ഡി ആല്‍ബയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ലഭിച്ച സുവാരസാണ് ഇത്തവണയും ലക്ഷ്യം കണ്ടത്. പിന്നീട് ഗോള്‍മടക്കാനായി സിറ്റി താരങ്ങള്‍ അദ്ധ്വാനിച്ച് പൊരുതിയെങ്കിലും ബാഴ്സ പ്രതിരോധവും ഗോളിയും പിടിച്ചുനിന്നു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സിറ്റിയുടെ നസ്റി പായിച്ച ഷോട്ട് ബാഴ്സ ഗോളി കഷ്ടിച്ചാണ് രക്ഷപ്പെടുത്തിയത്.
രണ്ടാം പകുതിയുടെ തുടക്കം മുതല്ക്കേ സിറ്റി താരങ്ങള്‍ ബാഴ്സ ഏരിയയില്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തി. എഡിന് സെക്കോയും സെര്‍ജിയോ അഗ്യൂറോയും സമിര്‍ നസ്റിയും മാര്ട്ടിന് ഡെമിഷെല്‍സും നിരവധി അവസരങ്ങള്‍ തുലച്ചുകളയുകയും ചെയ്തു. തുടര്‍ച്ചയായി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയശേഷം 69-ാം മിനിറ്റില്‍ സിറ്റി ഒരു ഗോള്‍ നേടി. ഡേവിഡ് സില്‍വ നല്കിയ പാസില്‍ നിന്ന് സെര്‍ജിയോ അഗ്യൂറോ വലംകാലുകൊണ്ട് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. പിന്നീട് 74-ാംമിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് സിറ്റിയുടെ ഗെയ്ല് ക്ലിച്ചി പുറത്തുപോയത് അവര്‍ക്ക് തിരിച്ചടിയാവുകയും ചെയ്തു. അധികം കഴിയും മുന്നേ മെസ്സിയുടെ ഒരുഷോട്ട് സിറ്റി ഗോളി രക്ഷപ്പെടുത്തി.പിന്നീട് കളിയുടെ അധികസമയത്ത് ലയണല്‍ മെസ്സിയെ സിറ്റി പ്രതിരോധക്കാരന് സബലേറ്റ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസി തുലച്ചു. മെസ്സിയുടെ അടി മാഞ്ചസ്റ്റര്‍സിറ്റി ഗോളി ജോയ് ഹാര്‍ട്ട് തട്ടിയകറ്റി. റീബൗണ്ട് ചെയ്തുവന്ന പന്തിന് ഡൈവിംഗിലൂടെ മെസി തലവച്ചെങ്കിലും പുറത്തേക്കാണ് പോയത്.
ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരായ മത്സരത്തില്‍ ജുവന്റസിനായി 13-ാം മിനിറ്റില്‍ കാര്‍ലോസ് ടെവസും 42-ാം മിനിറ്റില്‍ മോര്ട്ടയും ഗോളുകള്‍ നേടിയപ്പോള്‍ 18-ാം മിനിറ്റില്‍ റയസാണ് ബൊറൂസിയയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്. മൂന്ന് ഗോളുകളും ആദ്യപകുതിയിലാണ് പിറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: