അഭിനയരംഗത്ത് പകരക്കാരില്ലാത്ത നടി, കെ.പി.എ.സി. ലളിത. സ്വാഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിച്ചുനിര്‍ത്തുന്ന, അഭിനയത്തിന്റെ രസതന്ത്രം കൈമുതലാക്കിയ നടി. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള വേഷപ്പകര്‍ച്ചകള്‍. ഇതിലൊരിടത്തും ആവര്‍ത്തന സ്വഭാവം ഏതുമില്ലാത്ത അഭിനയം. തുടക്കം നാടകത്തിലൂടെ. അതും പത്താം വയസ്സില്‍ അഭിനയക്കളരിയില്‍ പിച്ചവച്ചുതുടങ്ങി.
അക്കാലത്ത് കേരളത്തിലെ പ്രമുഖ നാടക ട്രൂപ്പായിരുന്നു കെപിഎസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്. കെപിഎസിയുടെ നാടകങ്ങളില്‍ അഭിനയക്കുകയെന്ന മോഹവുമായി നടന്ന കാലം. ഒടുവില്‍ ആ ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടു.
കൃത്യമായി പറഞ്ഞാല്‍ 1964 ല്‍. വേദിയില്‍ നിന്നും വേദിയിലേക്കുള്ള പാച്ചില്‍, ആ തിരക്കിനിടയില്‍ വീട്ടിലേക്കൊന്നുപോകാന് കൊതിയോടെ കാത്തിരുന്ന നാളുകള്‍. 1970 ലാണ് സിനിമയിലെത്തുന്നത്, തോപ്പില്‍ ഭാസി സംവിധാനം നിര്‍വഹിച്ച കൂട്ടുകുടുംബമെന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിലൂടെ.
കെ.എസ്. സേതുമാധവനാണ് ഈ ചിത്രം സംവിധാനം നിര്‍വഹിച്ചത്. മഹേശ്വരി അമ്മയെന്ന യഥാര്ത്ഥപേരുവിട്ട് നാടക സമിതിയുടെ പേരിനൊപ്പം ലളിതയെന്നു ചേര്‍ത്ത് കെ.പി.എ.സി. ലളിതയെന്ന പേരിലുള്ള പ്രയാണം അവിടെ തുടങ്ങുകയായിരുന്നു. പിന്നെ നീലപ്പൊന്മാന്, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം തുടങ്ങിയ ചിത്രങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധേയയായി.
നിത്യഹരിത നായകന് പ്രേം നസീറിന്റെ നായികയായി ചക്രവാകത്തിലും തിളങ്ങി. മലയാള ചലച്ചിത്രകാവ്യത്തിലെ എക്കാലത്തേയും ഉദാത്ത ചിത്രമായി കരുതപ്പെടുന്ന കൊടിയേറ്റത്തില്‍ ഗോപിയുടെ നായികയായതും ലളിതതന്നെ. പിന്നെയിങ്ങോട്ട് എത്രയെത്ര അഭിനയ മുഹൂര്‍ത്തങ്ങള്‍. 1978 ല്‍ സംവിധായകന് ഭരതന്റെ ജീവിത സഖിയായി.
കുടുംബവും അഭിനയവും ഒരുമിച്ചുകൊണ്ടുപോയി. ബ്ലാക് ആന്റ് വൈറ്റ് യുഗത്തില്‍ നിന്നും മലയാള സിനിമ നിറങ്ങളുടെ ലോകത്തിലേക്ക് ചേക്കേറിയപ്പോഴും അവിഭാജ്യഘടകമായി ലളിതയടക്കമുള്ളവര് മാറി.
1947 ഫെബ്രുവരി 25 ന് കായംകുളത്തിനടുത്തുള്ള രാമപുരത്ത് കടയ്ക്കാത്തറയില് വീട്ടില്‍ കെ. അനന്തന് നായരുടേയും ഭാര്‍ഗവി അമ്മയുടേയും മകളായി ജനനം. അച്ഛന് അനന്തന് നായരാണ് മകളിലെ കലാവാസനയെ പോഷിപ്പിക്കുന്നതിന് മുന്‍കൈ എടുത്തത്. മകളെ കലാമണ്ഡലത്തില്‍ ചേര്‍ക്കുന്നതിന് അച്ഛന്റെ സഹോദരിമാര്‍ തടസ്സം നിന്നതിനെത്തുടര്‍ന്നാണ് അഭിനയത്തിന്റെ തട്ടകത്തിലേക്ക് ലളിത ചുവടുമാറ്റിയത്.
തനി നാട്ടിന്‍പുറത്തുകാരിയായും പൊങ്ങച്ചക്കാരിയായും പ്രതിനായികയായും അങ്ങനെ വേഷമേതുമാവട്ടെ അതെല്ലാം ലളിത ഉജ്വലമാക്കി. സാധാരണക്കാരിയായ വീട്ടമ്മയുടെ റോളിലാണ് ഈ നടിയെ മലയാളികള്‍ ഏറെ കണ്ടിട്ടുള്ളത്. നമുക്ക് പരിചയമുള്ള അല്ലെങ്കില്‍ നമ്മളില്‍ ഒരാളല്ലേ എന്ന് സംശയമുളവാക്കുന്ന കഥാപാത്രങ്ങളായിരുന്നു അതില്‍ പലതും.
സന്മനസുള്ളവര്ക്ക് സമാധാനം, പൊന്മുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കിയന്ത്രം, ദശരഥം തുടങ്ങിയ വിജയചിത്രങ്ങളുടെയെല്ലാം ഭാഗമായി ഈ നടിയുണ്ടായിരുന്നു. ഇന്നസെന്റും കെ.പി.എ.സി. ലളിതയും വിജയജോഡികളാണെന്നും പ്രേക്ഷകര്‍ വിലയിരുത്തി.
കെ.പി.എ.സി. ലളിതയെപ്പോലെ അപാരമായ റേഞ്ച് ഉള്ള നടിമാര്‍ ചുരുക്കമാണെന്നുതന്നെ പറയാം. ഹാസ്യവും വില്ലത്തരവും എല്ലാം അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന, സ്വഭാവ റോളുകള്‍ മികവുറ്റതാക്കിത്തീര്ക്കുന്ന അങ്ങനെ ഏത് റോളും വിശ്വസിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന നടി. ഗോഡ്ഫാദറിലെ കൊച്ചമ്മിണി, അമരത്തിലെ ഭാര്‍ഗവി, മണിച്ചിത്രത്താഴിലെ ഭാസുര ഇതെല്ലാം കെ.പി.എ.സി. ലളിത വ്യത്യസ്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ച ചിത്രങ്ങളാണ്.
ഭരതന് തന്നെ സംവിധാനം നിര്‍വഹിച്ച അമരത്തില്‍ നടന് മുരളി അവതരിപ്പിച്ച കൊച്ചുരാമന് എന്ന കഥാപാത്രത്തിന്റെ ഭാര്യാ വേഷത്തിലെത്തിയ, കടപ്പുറത്തിന്റെ ഭാഷ സംസാരിക്കുന്ന ഭാര്‍ഗവിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് 1991 ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലളിതയെത്തേടിയെത്തിയത്. ശാന്തത്തിലെ അഭിനയത്തിനും ഇതേ പുരസ്കാരം 2000 ത്തില്‍ ലഭിക്കുകയുണ്ടായി.
ശുദ്ധമായ സംഭാഷണമാണ് ലളിതയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്ന ഘടകങ്ങളില്‍ ഒന്ന്. മലയാളക്കരയിലെ ഏത് ദേശത്തെ ഭാഷയായാലും ലളിത ആ ഭാഷ ഗംഭീരമായി കൈകാര്യം ചെയ്തിരുന്നു. ശബ്ദംകൊണ്ടുമാത്രം ഒരു ചിത്രത്തിലെ നായികയാകാനുള്ള ഭാഗ്യവും ഈ നടിക്കുകണ്ടായി. അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത മതിലുകളില്‍ തന്റെ ശബ്ദത്തിലൂടെ നായികയുടെ സാന്നിധ്യം പ്രേക്ഷകരിലേക്കെത്തിക്കുകയായിരുന്നു കെപിഎസി. ലളിത.
സംസ്ഥാന സര്‍ക്കാരിന്റേതടക്കം ഒട്ടനവധി പുരസ്കാരങ്ങള്‍ ഈ കലാകാരിയെത്തേടിയെത്തിയിട്ടുണ്ട്. പ്രേംനസീര്‍, സത്യന് തുടങ്ങി ഇന്നലകളിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം തുടങ്ങിയ അഭിനയ സപര്യ ഇന്നത്തെ ന്യൂജെന്‍ താരങ്ങള്‍ക്കൊപ്പം വരെ എത്തിനില്‍ക്കുന്നു. അഭിനയത്തില്‍ കാലത്തിനൊത്ത മാറ്റങ്ങള്‍ വരുത്തിയുള്ള മുന്നേറ്റത്തില്‍ പൂര്‍ത്തിയാക്കിയത് എത്രയെത്ര ചിത്രങ്ങള്‍.
1998 ലാണ് സിനിമയില്‍ അത്ഭുതം സൃഷ്ടിച്ച ഭരതന്റെ വിയോഗം. സ്വന്തം ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെപ്പോലും അതിജീവിക്കാന്‍ കെ.പി.എ.സി. ലളിതയെന്ന അനുഗ്രഹീത നടിയെ പ്രാപ്തയാക്കിയതും അഭിനയം തന്നെ. നടനും സംവിധായകനുമായ സിദ്ദാര്‍ത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: