ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവം മാര്‍ച്ച് 2ന് കൊടികയറ്റത്തോടെ ആരംഭിക്കും. ഉത്സവത്തിന്റെ സമാരംഭം കുറിക്കുന്ന പ്രസിദ്ധമായ ആനയോട്ടം അന്നേദിവസം ഉച്ചതിരിഞ്ഞ് 3ന് നടക്കും. ഉത്സവാഘോഷത്തിന്റെ അതിപ്രധാനമായ താന്ത്രിക വൈദിക പ്രാധാന്യമുള്ള ഉത്സവബലി 9-നും, പള്ളിവേട്ട 10നും നടക്കും. 11ന് ആറാട്ടോടെ സ്വര്‍ണ്ണ കൊടിമരത്തിലുയര്‍ത്തിയ സപ്തവര്‍ണ്ണകൊടി ഇറക്കുന്നതോടെ ഈ വര്‍ഷത്തെ ഉത്സവാഘോഷ ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവ ചടങ്ങുകള്ക്കുള്ല എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്മാന് ടി.വി. ചന്ദ്രമോഹന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉത്സചടങ്ങുകള്ക്ക് 1,75,85,870 രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചതായും ചെയര്മാന് അറിയിച്ചു. കലശചടങ്ങുകള്ക്കായി 4,60,000രൂപയും, മറ്റു ചടങ്ങുകള്‍ക്കായി 6,10,000രൂപയും, വൈദ്യുതാലങ്കാരത്തിനായി 10,55,500രൂപയും, വാദ്യങ്ങള്ക്കായി 10,00,00രൂപയും, സ്റ്റേജ് പരിപാടികള്‍ക്ക് 22,00,000രൂപയും, പ്രസാദഊട്ടിന് 1,14,25,280രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
ക്ഷേത്രോത്സവത്തിന്റെ നടത്തിപ്പിനായി പ്രത്യേകം സബ്ബ്കമ്മറ്റികളും, ഇതിന്റെ മേല്‍നോട്ടത്തിനായി വിവിധ പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാരായി ഭരണ സമിതിയംഗങ്ങളായ അഡ്വ: എ. സുരേശന്, എന്‍. രാജു, കെ. ശിവശങ്കരന്, അനില്തറനിലം, അഡ്വ: എം. ജനാര്ദ്ദനന് എന്നിവരേയും, കൂടാതെ നാട്ടുകാരും, ജീവനക്കാരും ഉള്‍പ്പടെ ഓരോ വിഭാഗത്തിലും പ്രത്യേകം സബ്ബ് കമ്മറ്റികളേയും നിശ്ചയിച്ചതായും ചെയര്മാന് അറിയിച്ചു. തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 3ന് നടക്കുന്ന ആനയോട്ടമത്സരത്തില്‍ മെഡിക്കല്‍ ഫിറ്റ്നസ് ലഭിക്കുന്ന 10ആനകളില്‍ നിന്ന് നറുക്കെടുപ്പിലൂടെ ലഭിക്കുന്ന 5ആനകളെയാണ് ഓട്ടമത്സരത്തിനായി പരിഗമിക്കുന്നത്.
രണ്ടാനകളെ കരുതലായും ഉള്‍പ്പെടുത്തും. രണ്ടാം ദിവസം മുതല്‍ ക്ഷേത്രത്തില്‍ പ്രഗദ്ഭ വാദ്യകലാകാരന്മാര് പത്മശ്രി പെരുവനം കുട്ടന്മാരാര്, തിരുവല്ല രാധാകൃഷ്ണന്, ചോറ്റാനിക്കര വിജയന്‍മാരാര്‍, ചെര്‍പ്പുളശ്ശേരി ശിവന് എന്നിവരുടെ മേള പ്രമാണത്തില്‍ ദേവസ്വത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പന്മാര് അണിനിരക്കുന്ന കാഴ്ച്ച ശീവേലിയും ഉണ്ടാകും. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് പുറത്ത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും, പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലുമായി വിവിധ ദിവസങ്ങളില്‍ കലാപരിപാടികളും ഭക്തിപ്രഭാഷണങ്ങളും നടക്കും.
കലാപരിപാടികളില്‍ പ്രശസ്തരായ സിനിമാ പിന്നണി ഗായികരായ കെ.എസ്. ചിത്ര, മഞ്ജരി, ബിജുനാരായണന് എന്നിവരുടെ ഭക്തിഗാനമേള, സുപ്രസിദ്ധ സിനിമാതാരം ശോഭനയുടെ ‘നൃത്താ വിഷ്ക്കാരം, പ്രകാശ് ഉള്ള്യേരിയുടെ സംഗീത സമന്വയം, പ്രശാന്ത് മേനോന് അവതരിപ്പിക്കുന്ന ഭജന്‍സ്, ബാലെഎന്നിവയും ഉണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: