കൊല്ലം: ജനങ്ങളുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരഹരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി തുടരുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കൊല്ലം പീരങ്കി മൈതാനത്ത് റവന്യു-സര്‍വേ അദാലത്ത് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം ജില്ലയിലെ അദാലത്തിനു മുന്‍പ് പന്ത്രണ്ടു ജില്ലകളില്‍ നടത്തിയ അദാലത്തുകളില്‍ മൂന്നര ലക്ഷം പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സാധിച്ചു. കൊല്ലത്തെ അദാലത്തുകൂടി കഴിമ്പോള്‍ ഏകദേശം നാലേകാല്‍ ലക്ഷം പരാതികളില്‍ തീര്‍പ്പുണ്ടാകും. പരാതികളിന്മേലുള്ള തുടര്‍നടപടികള്‍ എല്ലാ ദിവസവും പരിശോധിക്കുന്നതിന് പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ഷിബു ബേബിജോണ്‍ പരിപാടി ഉദ്ഘാടനംചെയ്തു. പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നവയില്‍ ഏറെയും കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ്. കോടതി വ്യവഹാരവുമായി ബന്ധമില്ലാത്തവ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. കൊല്ലത്ത് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് സമയബന്ധിതമായ പരിഹാരനടപടി സ്വീകരിക്കും. ഇതുവരെ നടന്ന അദാലത്തുകളില്‍ പുതിയതായി പരാതി നല്‍കിയവരെ നേരില്‍ കണ്ട് പ്രശ്നപരിഹാരത്തിന് ശ്രമിച്ചിട്ടുണ്ട്. തീര്‍പ്പാക്കുന്നതിന് കൂടുതല്‍ സമയം വേണ്ട പരാതികളില്‍ ഉദ്യോഗസ്ഥരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അടൂര്‍പ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി ലക്ഷക്കണക്കിനാളുകള്‍ക്ക് സമാശ്വാസം പകര്‍ന്നു. വിവിധ വകുപ്പുകളിലെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് മന്ത്രിമാര്‍ക്ക് പ്രത്യേകം അദാലത്തുകള്‍ നടത്താമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമാണ് റവന്യു അദാലത്തിന് പ്രചോദനമായത്. റവന്യൂ, സര്‍വേ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സജീവമായ സഹകരണം അദാലത്തുകള്‍ വിജയകരമാകാന്‍ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലയില്‍ അദാലത്തിനായി മികച്ച സജ്ജീകരണങ്ങളൊരുക്കിയ ജില്ലാ കളക്ടറെയും ഉദ്യോഗസ്ഥരെയും മന്ത്രി അ‘ിനന്ദിച്ചു.
റവന്യു, സര്‍വ്വേ എന്നിവയുമായി ബന്ധപ്പെട്ട മൂന്നു ലക്ഷത്തിലധികം പരാതികള്‍ പരിഹരിച്ചത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് മന്ത്രി ഷിബു പറഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് നടത്തുന്ന റവന്യൂ അദാലത്ത് സര്‍ക്കാരിന്റെ ജനകീയ മുഖമാണ് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും എല്ലാവര്ക്കും അവരവരുടെ മേഖലകളില്‍തന്നെ ഭൂമി കണ്ടെത്തുക എത് ഏറെ ക്ലേശകരമാണ്. ഭാവിയില്‍ കേരളം നേരിടാനിരിക്കുന്ന വലിയ പ്രശ്നങ്ങളിലൊന്ന് ഭൂമിയുമായി ബന്ധപ്പെട്ടതാണ്.
പൊതുപ്രവര്‍ത്തകര്‍ക്ക് ഏറ്റവുമധികം പരാതികള്‍ ലഭിക്കുന്നതും ഈ വിഷയത്തിലാണ്. എല്ലാവര്ക്കും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതി ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പ്രഖ്യാപിക്കുന്നത് ഉചിതമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ ഹണി ബഞ്ചമിന്, എംഎല്‍എമാരായ എ.എ.അസീസ്, കോവൂര്‍ കുഞ്ഞുമോന്, ലാന്‍ഡ് റവന്യു കമ്മീഷണര്‍ മോഹന്‍ദാസ്, മുന്‍ എംഎല്‍എമാരായ എ.യൂനുസ്കുഞ്ഞ്, ഡോ.പ്രതാപവര്‍മ്മ തമ്പാന്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന് സ്വാഗതവും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വി ചന്ദ്രസേനന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: