ആലപ്പുഴ: ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ അധികൃതര്‍. ഏതാനും വര്‍ഷങ്ങളായി ഇവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ ഇവരുടെ വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാന്‍ യാതൊരു നടപടിയുമില്ല. ജില്ലയില്‍ ആകെ മൂവായിരത്തില്‍ താഴെ അന്യസംസ്ഥാന തൊഴിലാളികളെയുള്ളൂവെന്നാണ് ജില്ലാ ലേബര്‍ ഓഫീസിലെ കണക്ക്. എന്നാല്‍ ഇതിന്റെ പത്തിരട്ടിയധികമെങ്കിലും ഉണ്ടാകുമെന്നതാണ് യാഥാര്‍ത്ഥ്യം. സ്വന്തം പരിധിയിലുള്ള അന്യസംസ്ഥാനക്കാരുടെ വിവരങ്ങള്‍ ഓരോ പോലീസ് സ്റ്റേഷനിലും രേഖപ്പെടുത്തണമെന്നാണ് നിയമം. സ്റ്റേഷനുകളില്‍ നിന്നാണ് ലേബര്‍ ഓഫീസിലേക്ക് വിവരങ്ങള്‍ കൈമാറേണ്ടത്. എന്നാല്‍ ഇതൊന്നും നടക്കുന്നില്ല. അടുത്തിടെയായി അന്യ സംസ്ഥാനക്കാര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇവരെ കുറിച്ചുള്ള എണ്ണമെടുക്കേണ്ടതും വിവരങ്ങള്‍ ശേഖരിക്കേണ്ടതും അത്യാവശ്യമാണ്. കൂടാതെ ബംഗാളികള്‍ എന്ന വ്യാജേന ബംഗ്ലാദേശികള്‍ വരെ എത്തുന്ന സാഹചര്യത്തില്‍ വിവര ശേഖരണം അത്യാവശ്യമാണ്. ഇവരെ വിവിധ തൊഴിലുകള്‍ക്കായി കൊണ്ടു വരുന്ന കരാറുകാരും കൃത്യമായ വിവരങ്ങള്‍ നല്കുന്നതില് വീഴ്ച വരുത്തുന്നു.
അന്യസംസ്ഥാനക്കാര്‍ വഴിയാണ് ജില്ലയിലേക്ക് ഹാന്‍സ് പോലെയുള്ള പുകയില ഉത്പന്നങ്ങള്‍ എത്തുന്നത്. പുകയില ഉത്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതും ഇവരാണ്. ഇവരെ ആശ്രയിച്ചാണ് ജില്ലകളിലെ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന കൂടുതലായും നടക്കുന്നത്. ഏജന്റുമാര്‍ മുഖേന ജില്ലയിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ സ്ഥിരമായി ഒരു പ്രദേശത്ത് താമസിക്കാതെ വിവിധ പ്രദേശങ്ങളില്‍ ജോലിക്ക് പോകുന്നതും വിവര ശേഖരണത്തിന് തടസമാകുന്നു. ഹോട്ടലുകളിലും ഹൗസ്ബോട്ടുകളിലും ഇഷ്ടികക്കളങ്ങളിലും കെട്ടിട നിര്‍മാണ മേഖലകളിലുമാണ് അന്യസംസ്ഥാനക്കാര്‍ കൂടുതലായി ജോലി ചെയ്യുന്നത്.
രാജസ്ഥാന്, പശ്ചിമ ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കൂടുതലായി ജില്ലയിലേക്ക് എത്തുന്നത്. ആദ്യകാലത്ത് തമിഴ്നാട്ടില്‍ നിന്നായിരുന്നു തൊഴിലാളി പ്രവാഹം. എന്നാല്‍ ഇപ്പോള്‍ തമിഴ്നാട്ടുകാരുടെ എണ്ണത്തില്‍ കുറവുണ്ട്. 18 വയസില്‍ താഴെയുള്ള കുട്ടികളെക്കൊണ്ട് തൊഴില്‍ ചെയ്യിക്കരുതെന്ന നിയമം നിലനില്‍ക്കെ ജില്ലയിലെ പല ഹോട്ടലുകളിലും പ്രായപൂര്‍ത്തിയാകാത്ത അന്യസംസ്ഥാന കുട്ടികളെ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: