ആലപ്പുഴ: തൊഴിലുറപ്പ് നിയമത്തിന്റെ ഒന്നും രണ്ടും ഷെഡ്യൂളുകളില്‍ വരുത്തിയ മാറ്റത്തെ തുടര്‍ന്ന് ഏറ്റെടുക്കാവുന്ന പ്രവൃത്തികളില്‍ കാതലായ മാറ്റങ്ങളുണ്ടായതായി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. വിജയകുമാര്‍ പറഞ്ഞു. സ്ഥായിയായ, ഉത്പാദനക്ഷമമായ, ആവര്‍ത്തന സ്വഭാവം ഇല്ലാത്ത, അളന്നു തിട്ടപ്പെടുത്താവുന്ന പ്രവൃത്തികള്‍ മാത്രമേ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഏറ്റെടുക്കാനാകൂ. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന പ്രവൃത്തികളില്‍ 60 ശതമാനം കാര്‍ഷികാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് മാറ്റിവയ്ക്കണമെന്നു നിര്‍ദ്ദേശമുണ്ട്. ഇതനുസരിച്ച് പാടശേഖരങ്ങളുടെ ബണ്ട് നിര്‍മാണം, ഫാം റോഡുകളുടെ നിര്‍മാണം, നീര്‍ച്ചാലുകളുടെ നിര്‍മാണവും പുനരുദ്ധാരണവും തുടങ്ങി ആവര്‍ത്തന സ്വഭാവമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഏറ്റെടുക്കാം.
പാലുത്പാദനവുമായി ബന്ധപ്പെട്ട തീറ്റപ്പുല്‍ കൃഷി, പശുത്തൊഴുത്ത്, ആട്ടിന്‍കൂട് തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വ്വഹിക്കാം. ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി പന്നി വളര്‍ത്തുന്ന കൂട്, കോഴിക്കൂട് തുടങ്ങിയവ നിര്‍മ്മിക്കാം. ജലസംരക്ഷണത്തിന്റെ ഭാഗമായി മഴക്കുഴി, കിണര്‍ റീചാര്‍ജിങ്ങ് തുടങ്ങിയവ ഗ്രാമപഞ്ചായത്തുകള്‍ക്ക് സംയോജിത പദ്ധതികളായി നടപ്പാക്കാം.
കടലാക്രമണം തടയാന്‍ തീരങ്ങളില്‍ കണ്ടല്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതി സംയോജിതമായി നടപ്പാക്കാം. റോഡുകള്‍, കോണ്‍ക്രീറ്റ് നടപ്പാതകള്‍, സിമന്റ് കട്ടകള്‍ ഉപയോഗിച്ചുള്ള പാതകള്‍ തുടങ്ങിയ പദ്ധതികള്‍ ഏറ്റെടുക്കാവുന്നതാണ്. പദ്ധതികളുടെ നിര്‍വ്വഹണത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ വിഹിതം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വഹിക്കാം.
ഇന്ദിര ആവാസ് യോജനയും വിവിധ വകുപ്പുകളുടെ ഭവന പദ്ധതികള്‍ പ്രകാരവും വീട് നിര്‍മിക്കാന്‍ സഹായിക്കുന്നതിന് 90 ദിവസത്തെ അവിദഗ്ദ്ധ തൊഴില്‍ സേവനം തൊഴിലുറപ്പിലൂടെ നല്‍കാം. ഇതിലൂടെ 19080 രൂപ അധികമായി ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. പട്ടികജാതി-വര്‍ഗ, മത്സ്യതൊഴിലാളി വിഭാഗങ്ങള്‍ക്കായി വകുപ്പുകള്‍ നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതികള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
സ്കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍ തുടങ്ങിയവയുടെ കമ്മ്യൂണിറ്റി ലാട്രിനുകളുടെ നിര്‍മാണത്തിന് പദ്ധതിയിലൂടെ ലഭ്യമാകുന്ന വിദഗ്ദ്ധ/അവിദഗ്ദ്ധ തൊഴില്‍ സേവനം പ്രയോജനപ്പെടുത്താം. കളിസ്ഥലം, ഖര-ദ്രവ മാലിന്യ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തികളും ഏറ്റെടുക്കാവുന്നതാണ്.
സ്വന്തമായി സ്ഥലമുള്ള അങ്കണവാടികള്‍ക്ക് കെട്ടിടവും ബേബി ഫ്രണ്ട്ലി ടോയ്ലറ്റുകള് നിര്‍മിക്കാനും വിദഗ്ദ്ധ/അവിദഗ്ദ്ധ തൊഴില്‍ സേവനം ലഭ്യമാക്കാന്‍ കഴിയും. പട്ടികജാതി-വര്‍ഗ, മത്സ്യതൊഴിലാളി കോളനികളില്‍ വിവിധ പദ്ധതികള്‍ സംയോജിതമായി തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം ഉപയോഗിച്ച് നടപ്പാക്കാമെന്ന് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് അവശ്യമെങ്കില്‍ പരിശീലനം നല്‍കും.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമപഞ്ചായത്തുകളില്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളും വ്യക്തമായ പദ്ധതി തയാറാക്കണമെന്നും പ്രത്യേക നോഡല്‍ ഓഫീസറെ നിയോഗിക്കണമെന്നും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് തൊഴിലുറപ്പ് പദ്ധതി വിനിയോഗിക്കാം. ഇതനുസരിച്ച് പദ്ധതി ഫലപ്രദമായി നടത്തുന്നതിന് വിവിധ വകുപ്പുകള്‍ വിവരശേഖരണം നടത്തി പദ്ധതി തയാറാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. പ്രവൃത്തികളുടെ നടത്തിപ്പും പുരോഗതിയും വിലയിരുത്തുന്നതിന് വകുപ്പുതലത്തില്‍ നോഡല്‍ ഓഫീസറെ നിയോഗിക്കാന്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: