കൊട്ടാരക്കര: നഗരത്തിന്റെ കുരുക്കഴിക്കാന്‍ എത്തിയ വിദഗ്ധര്‍ക്കെല്ലാം പെട്ടി മടക്കേണ്ട അവസ്ഥയാണ് കൊട്ടാരക്കരയില്‍. കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന പല പദ്ധതികളും വിജയത്തിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. വിവിധ വകുപ്പുകള്‍തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാത്തതും ഇതിനായി രൂപീകരിച്ച സമിതികള്‍ കൃത്യമായ ഇടവേളകളില്‍കൂടി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാത്തതുമാണ് പ്രധാനകാരണം.
മെഡിക്കല്‍ കോളേജിലേക്ക് അത്യാസന്നനിലയില്‍ പോകുന്ന രോഗികള്‍ മുതല്‍ മന്ത്രിമാര്‍ വരെ കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്കിന്റെ ദുരന്തഫലം അനുഭവിക്കുന്നവരാണ്. എന്‍എച്ച് റോഡും, എംസിറോഡും സംഗമിക്കുന്ന അപൂര്‍വസ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. ട്രാഫിക് ഐലന്റിനോട് ചേര്‍ന്ന് തന്നെയാണ് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ്, ഗ്യാരേജ്, സ്വകാര്യബസ്സ്റ്റാന്‍ഡ് എന്നിവയുടെ സ്ഥാനം. കെഎസ്ആര്‍ടിസി ബസുകള്‍ എന്‍എച്ചില്‍ നിന്നും സ്വകാര്യബസുകള്‍, എംസി റോഡില്‍ നിന്നും ആണ് സ്റ്റാന്റിനകത്തേക്ക് കയറുന്നതും ഇറങ്ങുന്നതും. ഇതിന്റെ പ്രതിഫലനം പലപ്പോഴും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് കാരണമാവുന്നു.
കൊട്ടാരക്കരയെ ഗതാഗതക്കുരുക്കില്‍ നിന്ന് മോചിപ്പിക്കാനും റോഡപകടങ്ങളില്‍പ്പെടുന്നവരെ സഹായിക്കാനും ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കിയിരുന്നെങ്കിലും ബന്ധപെട്ടവരുടെ നിസഹകരണം എല്ലാം അട്ടിമറിക്കുന്നതിന് കാരണമായി. അയിഷാപോറ്റി എംഎല്‍എ മുന്‍കയ്യെടുത്ത് ഇതിനായി ഒരു സമിതിയും രൂപീകരിച്ചിരുന്നു. ഇതില്‍ കൊട്ടാരക്കരയിലെ ജനപ്രതിനിധികള്‍ ആര്‍ടിഒ, പോലീസ,് വ്യാപാരിവ്യവസായി, വിവിധയൂണിയന്‍പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ അംഗങ്ങളായി മാസം തോറും യോഗം ചേര്‍ന്ന് ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്കി നടപ്പാക്കിയിരുന്നു. ഈ സമിതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായെങ്കിലും എംഎല്‍എക്കും കുലുക്കമില്ല.
നഗരമധ്യത്തിലെ ഗതാഗതക്കുരുക്കിന്റെ പ്രധാനകാരണം കുത്തഴിഞ്ഞ പാര്‍ക്കിംഗ് സംവിധാനമാണ്. വാഹനങ്ങള്‍ അവരവരുടെ സൗകര്യങ്ങള്‍ അനുസരിച്ച് തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്ന കാഴ്ചയാണ് എവിടെയും. നോ പാര്‍ക്കിംഗ്, പാര്‍ക്കിംഗ് ബോര്‍ഡുകള്‍ പലതും അപ്രത്യക്ഷമായി കഴിഞ്ഞു. നോ പാര്‍ക്കിംഗ് ബോര്‍ഡിന്റെ കീഴിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് എന്നതാണ് മറ്റൊരു രസകരമായ കാര്യം. ടൗണിലെത്തുന്ന സ്വകാര്യവാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ഇടമില്ലാത്തതും വലിയപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പെര്‍മിറ്റ് ഇല്ലാത്ത ഓട്ടോകള്‍ പെരുകുന്നത് ഗതാഗതക്കുരുക്കിന് മറ്റൊരു കാരണമാണ്.
ടൗണിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികം ഓട്ടോകളാണ് ഇവിടെ ഓടുന്നതെന്നും ഇവയ്ക്കെതിരെ നടപടികള്‍ വേണമെന്ന് ഡ്രൈവര്‍മാരും വിവിധ സംഘടനകളും ആവശ്യമുന്നയിക്കുകയും രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു. ചരക്കിറക്കാന്‍ പ്രത്യേക സമയം ടൗണില്‍ നിയമിച്ചിട്ടില്ലാത്തത് പലപ്പോഴും ഗതാഗതതടസം സൃഷ്ടിക്കുന്നു. നിശ്ചിത സമയത്ത് മാത്രമേ ഇത്തരം വാഹനങ്ങള്‍ കടന്നു പോകാനാകൂ എന്ന് തിരക്കേറിയ ടൗണുകളില്‍ നിയമം ഉണ്ടെങ്കിലും ഇവിടെ ഒന്നും പാലിച്ചു കാണുന്നില്ല.
തിരക്കേറിയ സമയത്തുള്ള ചരക്കിറക്കം വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മുമ്പ് രാവിലെ 8 മണിക്ക് മുന്‍പ് മാത്രമെ ചരക്കിറക്കാവു എന്ന് നിഷ്കര്ഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഏത് സമയത്തും ചരക്കിറക്കുന്ന സ്ഥിതിയാണ്.
കാല്‍നടയാത്രക്കാരാണ് കൊട്ടാരക്കരയില്‍ ഏറ്റവും കൂടുതല്‍ ജീവന് ഭീഷണി നേരിടുന്ന വിഭാഗം. പ്രധാന കവലകളിലൊന്നും സീബ്രാലൈന്‍ ഇല്ലാത്തതും ടൗണില്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നിയന്ത്രണ മാനദണ്ഡമില്ലാത്തതും ഇതിന് ആക്കം കൂട്ടുന്നു. മുന്‍ കാലങ്ങളില്‍ എസ്ഐയും, സിഐയും മാത്രമേ ഉണ്ടായിരുന്നെങ്കിലും ട്രാഫിക്ക് കാര്യത്തില്‍ ഇവര്‍ വലിയ താല്പര്യം കാണിച്ചിരുന്നു. ഇപ്പോള്‍ റൂറല്‍ എസ്പി മുതല്‍ ട്രാഫിക്ക് എസ്ഐ വരെ അടങ്ങുന്ന പോലീസ് സംവിധാനം ഇവിടെ ഉണ്ടെങ്കിലും ഗതാഗതക്കുരുക്കഴിക്കാന്‍ നടപടി എടുക്കാന്‍ ആര്‍ക്കും താല്പര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: