കൊട്ടാരക്കര: വാലിട്ട് കണ്ണെഴുതി, കയ്യില്‍ വളകളണിഞ്ഞ്, കാര്‍കൂന്തലില്‍ മുല്ലപ്പൂ ചൂടി, ചേലയും ഞൊറിഞ്ഞുടുത്ത് ഇഷ്ടദേവന് മുന്നില്‍ ഉദ്ദിഷ്ട കാര്യസാധ്യത്തിനായി പുരുഷന്മാര് അംഗനമാരായി മാറി താലമേന്തുന്ന ശുഭദിനത്തിന് ഇനി രണ്ട് നാള് മാത്രം. പുരുഷാംഗനമാരുടെ താലപ്പൊലിക്കായി ഇഞ്ചക്കാട് തിരുവേളിക്കോട് മഹാദേവ ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായികഴിഞ്ഞു.
നാട്ടുകാരായ ഭക്തരെ കൂടാതെ നാടിന്റ നാനാഭാഗങ്ങളില്‍ നിന്നുമുള്ള പുരുഷന്മാര് വ്രതാനുഷ്ഠാനങ്ങളോടെ താലപ്പൊലിയെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. അണിഞ്ഞൊരുങ്ങാനുള്ള വസ്ത്രങ്ങളും ആടയാഭരണങ്ങളും മേക്കപ്പ് സാധനങ്ങളും ഇതിനകം തന്നെ പലരും വാങ്ങികഴിഞ്ഞു. വിദൂര സ്ഥലങ്ങളില്‍ നിന്ന് അന്നേ ദിവസം എത്തുന്ന ഭക്തര്‍ക്ക് താലപ്പൊലിയില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
അര്‍ദ്ധനാരീശ്വരനായ ഭഗവാന് ദക്ഷിണാമൂര്‍ത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ.
ഭഗവാന് ഏറ്റവും പ്രിയങ്കരമായ ഈ താലപ്പൊലി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഇവിടെ നടന്നു വന്നിരുന്നു. കാലപ്പഴക്കത്തില്‍ ലോപം സംഭവിച്ചെങ്കിലും പൂര്‍വാധികം ശക്തിയോടെ വര്‍ഷങ്ങളായി ആചാരം തുടര്‍ന്നുവരുന്നു. പങ്കെടുത്തവരുടെയും കുടുംബാംഗങ്ങളുടെയും അനുഭവകഥകളാണ് താലപ്പൊലിയെ ഇത്രമേല്‍ ജനകീയമാക്കിയത്.
തൊഴില്‍ഭാഗ്യം, മാംഗല്യയോഗം, സന്താനസൗഭാഗ്യം തുടങ്ങി ഉദ്ദിഷ്ടകാര്യങ്ങള്ക്കാണ് വ്രതശുദ്ധിയോടെ പുരുഷന്മാരും അവര്‍ക്കൊപ്പം ബാലികമാരും താലപ്പൊലി എടുക്കുന്നത്. സ്ത്രീവേഷത്തിലെത്തുന്ന പുരുഷന്മാരെ കളിയാക്കുന്നതും മറ്റും ദോഷമാണെന്ന വിശ്വാസവുമുണ്ട്. 24ന് ദീപാരാധനയ്ക്ക് ശേഷം രാത്രി 9 മണിയോടെ കോടിയാട്ട് കാവില്‍ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര ഭൂതത്താന്നട വഴി ക്ഷേത്രത്തിലെത്തി പ്രദക്ഷിണത്തോടെ അവസാനിക്കും. ഗജവീരന്മാരും മുത്തുക്കുടകളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. താലപ്പൊലി എടുക്കാന്‍ താത്പര്യമുള്ളവര്‍ 9895322093 നമ്പരില്‍ ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ ബി.ആര്. പ്രദീപ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: