കുന്നത്തൂര്‍: മതേതരത്വത്തിന്റെ പേരില്‍ കാവിയേയും ശ്രീരാമനേയും ഓംകാരത്തേയും ക്ഷേത്രങ്ങളില്‍ നിന്നും പുറത്താക്കാനാണ് നീക്കം നടക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു.
ഹിന്ദുധര്‍മ്മത്തിന്റെ ആധാരശിലകളായ ക്ഷേത്രങ്ങളില്‍ നിന്ന് മന്ത്രങ്ങളേയും ഒഴിവാക്കാനുള്ള ശ്രമമാണ് മതേതരക്കാരുടെ അടുത്തപടിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇനി നടത്തുക. പോരുവഴി അമ്പലത്തുംഭാഗം തവണൂര്ക്കാവ് ഇണ്ടിളയപ്പന് ഭഗവതീക്ഷേത്രത്തില്‍ നടന്നുവരുന്ന ഭാഗവതസപ്താഹയജ്ഞത്തിന്റെ ആറാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമാക്കണമെന്ന് ഏതോ കോണില്‍ നിന്ന് ഉയര്‍ന്ന അഭിപ്രായത്തിനെതിരെ വലിയ കോലാഹലങ്ങളാണ് ഉയര്‍ത്തുന്നത്. ഹിന്ദി ദേശീയഭാഷയായി തെരഞ്ഞെടുത്തത് അത് ഭാരതത്തിലെ മറ്റ് ഭാഷകളേക്കാള്‍ മെച്ചമായതുകൊണ്ടല്ല. മറിച്ച് രാജ്യത്ത് കൂടുതല്‍ ജനങ്ങള്‍ സംസാരിച്ചിരുന്നു എന്ന ന്യായത്തിലാണ്. അങ്ങനെയെങ്കില്‍ രാജ്യത്ത് 85 ശതമാനം ജനങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്ന കാരണം കൊണ്ടുതന്നെ ഗീതയെ ദേശീയഗ്രന്ഥമായി പ്രഖ്യാപിച്ചുകൂടേയെന്നും ശശികലടീച്ചര്‍ ചോദിച്ചു.
ഭാരതത്തിന്റെ ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയില്‍ ഉള്‍പ്പെടുത്തിയ 21 വര്‍ണചിത്രങ്ങളില്‍ ആദ്യത്തേത് ഗീതോപദേശവും രണ്ടാമത്തേത് ലങ്കാദഹനവും അവസാനത്തേത് ഗാന്ധിജിയുടേതുമായിരുന്നു. എന്നാല്‍ ഭരണഘടനാശില്പികളുടെ പോലും അനുമതിയില്ലാതെ ഈ ചിത്രങ്ങള്‍ ഒഴിവാക്കിയാണ് ഭരണഘടന പ്രിന്റ് ചെയ്തതെന്നും ഇത്തരം ഒഴിവാക്കലുകള്മൂലം മൂല്യങ്ങള്‍ നശിച്ച് ഭാരതം അറേബ്യയിലെ മരുഭൂമി പോലെയായെന്നും ടീച്ചര്‍ പരിഹസിച്ചു.
ആലിനെ ദേശീയവൃക്ഷമായും മഹാലക്ഷ്മിയുടെ കയ്യിലെ താമരയെ ദേശീയപുഷ്പമായും സുബ്രഹ്മണ്യന്റെ വാഹനമായ മയിലിനെ ദേശീയപക്ഷിയായും എല്‍ഐസി അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ ആപ്തവാക്യങ്ങളായി വേദങ്ങളിലെ മന്ത്രങ്ങള്‍ തെരഞ്ഞെടുത്തതും യഥാര്‍ത്ഥ മതേതരവിശ്വാസികളും ദേശീയ കാഴ്ചപ്പാടുള്ളവരുമായിരുന്നു.
എന്നാല്‍ കപട മതേതരക്കാരായ പുതുമോടിക്കാര്‍ ഇതൊക്കെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. സനാതനധര്‍മ്മമാണ് ഭാരതത്തിന്റെ അടിത്തറ. സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തില്‍ സരസ്വതിവന്ദനം നടത്തിയതിന്റെ പേരില്‍ യോഗം ചിലര്‍ ബഹിഷ്ക്കരിച്ചപ്പോള്‍ ബംഗ്ലാദേശ് പാര്‍ലമെന്റില്‍ സരസ്വതീവന്ദനം നടത്തിയത് മതേതരക്കാര്‍ കാണേണ്ടതാണെന്നും ടീച്ചര്‍ അഭിപ്രായപ്പെട്ടു.
എന്‍എസ്എസ് പോലെയുള്ള സാമുദായികസംഘടനകളും ഗീതയെ വര്‍ഗീയമായി കാണുന്നുവെന്നതാണ് ഒടുവിലത്തെ വിവരം. ചോറ്റാനിക്കരയിലെ എന്‍എസ്എസ് കോളേജ് ഹാള്‍ ചിന്മയാ മിഷന്റെ ഗീതാജ്ഞാനയജ്ഞത്തിന് വിട്ടുകൊടുക്കാതിരിക്കുന്നതിന് അവര്‍ പറഞ്ഞ കാരണം മതേതര സ്ഥാപനമായ എന്‍എസ്എസിന്റെ ഹാള്‍ ഹൈന്ദവചടങ്ങിനായി വിട്ടുകൊടുക്കാനാവില്ലെന്നതായിരുന്നു. ഗീതാപാരായണവും നാമജപവും സപ്താഹവേദികളിലൊതുങ്ങേണ്ടതല്ലെന്നും അത് ജീവിത ശൈലിയാകണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: