തൃശൂര്‍: കൊലയാളി വ്യവസായി നിസ്സാമിനെ സംരക്ഷിക്കാന്‍ പോലീസ് ഗൂഢാലോചന നടന്നുവെന്ന ആരോപണത്തില്‍ പോലീസ് പ്രതിക്കൂട്ടില്‍തന്നെ. സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്താന്‍ ശ്രമമുണ്ടായില്ലെന്ന ആക്ഷേപത്തിന് തൃപ്തികരമായ വിശദീകരണമില്ല.
ജനുവരി 29ന് മര്‍ദ്ദനമേറ്റ് അമല ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിക്കപ്പെട്ട ചന്ദ്രബോസില്‍നിന്നും മരണമൊഴി രേഖപ്പെടുത്തണമെന്ന് തീരുമാനിച്ച് പോലീസ് കത്ത് നല്കിയതുതന്നെ ഫെബ്രുവരി 11നാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ചന്ദ്രബോസിന്റെ മൊഴിയെടുക്കണമെന്ന് തീരുമാനിക്കാന്‍ രണ്ടാഴ്ച വൈകിയതിന് പോലീസിന് വിശദീകരണമില്ല.
സംഭവദിവസം നിസാമിനൊപ്പം ഉണ്ടായിരുന്ന ഭാര്യ അമലിനെ കണ്ടെത്തി ഇതുവരെ ചോദ്യംചെയ്യാന്‍ ശ്രമിക്കാതിരുന്നതും കേസന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയായി നിയമവൃത്തങ്ങളും പോലീസ് ഉദ്യോഗസ്ഥരും തന്നെ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിനുശേഷമുള്ള വീഡിയോ ചിത്രങ്ങളില്‍ നിസാമിന്റെ മുഖത്ത് കണ്ട മുറിവുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ലെന്ന പുതിയ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതും വിചാരണയില്‍ പ്രതിക്ക് അനുകൂലഘടകമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒരു ക്രിമിനല്‍ സംഭവം ഉണ്ടായാല്‍ പോലീസ് സ്വീകരിക്കേണ്ട അന്വേഷണക്രമങ്ങളും മുറകളും സംബന്ധിച്ച് ക്രിമിനല്‍ നടപടി കോഡിലും ഡി.ജി.പിയുടെ സര്‍ക്കുലറുകളിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും ചന്ദ്രബോസ് വധക്കേസ്സില്‍ അവ കൃത്യമായി പാലിക്കപ്പെട്ടിട്ടില്ലെന്നാണ് വീഴ്ചകള്‍ വ്യക്തമാക്കുന്നത്. പ്രതിക്ക് രക്ഷപ്പെടാനുള്ള ബോധപൂര്‍വമായ വഴിയൊരുക്കലാണീ വീഴ്ചകളെന്നാണ് പ്രധാന ആരോപണം.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചന്ദ്രബോസ് ആദ്യ ചില ദിവസങ്ങളില്‍ സംസാരിച്ചിരുന്നുവെന്നും ബോധവാനായിരുന്നുവെന്നും അമല ആശുപത്രിയിലെ ചന്ദ്രബോസിനെ പരിചരിച്ച ഡോക്ടര്‍മാരിലൊരാളായ ഡോ.റെന്നിസ് ആന്റണിയും ചന്ദ്രബോസിന്റെ ബന്ധുക്കളും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പോലീസ് പ്രതിക്കൂട്ടിലായതോടെ ആശുപത്രി അധികൃതരും ഡോക്ടറും നിലപാട് മാറ്റി. പോലീസിന്റെ കടുത്ത സമ്മര്‍ദ്ദത്തിലും ഭീഷണിയിലുമാണീ നിലപാട് മാറ്റമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
പോലീസിന് വീഴ്ചപറ്റിയെന്ന ലോകായുക്തയുടെ നടപടിയെ തുടര്‍ന്ന് വീഴ്ച പറ്റിയോ എന്ന കാര്യത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിശാന്തിനിതന്നെ നേരിട്ട് അന്വേഷണം നടത്തിയിരുന്നു. ആശുപത്രി അധികൃതരും ഡോക്ടറും നിലപാട് മാറ്റി മൊഴി നല്‍കിയെങ്കിലും ജനുവരി 29 മുതല്‍ ഫെബ്രുവരി 11 വരെ മരണമൊഴിയെടുക്കാന്‍ പോലീസ് ആലോചനപോലും നടത്തിയില്ലെന്ന ആരോപണത്തിന് വിശദീകരണമില്ല. ഇക്കാര്യം പോലീസ് കമ്മീഷണര്‍ക്കും ബോധ്യമായതായാണ് വിവരം.
കേസ്സിലെ പ്രധാന കണ്ണിയായ നിസാമിന്റെ ഭാര്യ അമല്‍ സംഭവത്തിനുശേഷം ഫഌറ്റ് പൂട്ടിപ്പോയതായിരുന്നു. എന്നാല്‍ നടപടിക്രമമനുസരിച്ച് അമലിനെ കണ്ടെത്തി ചോദ്യംചെയ്യാന്‍ ശ്രമിക്കാതിരുന്നതിനും പോലീസിന് യുക്തിപൂര്‍ണമായ വിശദീകരണം നല്‍കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: