മുതലമട: നാളികേര വികസന ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 173 ഫെഡറേഷനുകളുടെ നീര ടാപ്പു ചെയ്യുന്നതിന് നല്കിയ ലൈസന്‍സിനെ ബാധിക്കുന്നതൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയുടെ മുതലമടയിലുള്ള നീര പ്ലാന്റിന്റെ ശിലാ സ്ഥാപനവേളയില്‍ നീര കമ്മിറ്റി കര്‍ഷക പ്രതിനിധി ബാബു ജോസഫ് വഴിയാണ ഉമ്മന്‍ചാണ്ടി ഈ വിവരം കര്‍ഷകരെ അറിയിച്ചത്. ഭരണകൂടവും ജനപ്രതിനിധികളും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്യവേ മുന്‍ എം.എല്‍.എയും കാര്‍ഷിക നയ രൂപീകരണ കമ്മിറ്റി ചെയര്‍മാനുമായ കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു.
കര്‍ഷക കൂട്ടായ്മകള്‍ ഒന്നിച്ചു നിന്നാല്‍ സാധിക്കാത്തതായി ഒന്നുമില്ല എന്ന് നെന്മാറ എം.എല്‍.എ ചെന്താമരാക്ഷന് നീര റീഫര്‍ വാഹനത്തിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു കൊണ്ട് അറിയിച്ചു. മുതലമട ഫെഡറേഷന് പ്രസിഡന്റ് പി. സുദേവനാണ് ശ്രീ. ചെന്താമരാക്ഷനില്‍ നിന്നും താക്കോല്‍ ഏറ്റു വാങ്ങിയത്.
പാലക്കാട് കമ്പനിയുടെ നേതൃത്വത്തില്‍ ഇതിനോടകം തന്നെ 18 കിയോസ്ക്കുകള്‍ നിലവിലുണ്ട്. ഈ വര്‍ഷം തന്നെ ഇത് 100 എണ്ണം ആക്കി ഉയര്‍ത്താന്‍ സാധിക്കുമെന്ന് കമ്പനി ചെയര്മാന് വിനോദ്കുമാര്‍ പറഞ്ഞു. ശിലാസ്ഥാപനം നടത്തിയ പ്ലാന്റ് അത് പൂര്‍ണരീതിയില്‍ 60 ദിവസത്തിനകം തന്നെ മണിക്കൂറില്‍ 500 ലിറ്റര്‍ നീര ഉത്പാദനം നടക്കത്തക്കവിധത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വിനോദ്കുമാര്‍ അറിയിച്ചു.
ലെമണ്‍, ജിഞ്ചര്‍, ഗ്രീന്‍ ആപ്പിള്‍, ലിച്ചി എന്നീ വ്യത്യസ്ത രുചികളിലുള്ള നീര പാനീയമാണ് ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. പ്രതിദിനം 10,000 ലിറ്റര്‍ ഉത്പാദനശേഷിയുള്ള ഫഌഷ് പാസ്ച്വറൈസേഷന്‍ ടെക്നിക് വഴി ‘പെറ്റ് ബോട്ടിലു’കളിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ നീര ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനാവശ്യമായ 5 കോടി 60 ലക്ഷം രൂപ വായ്പ അനുവദിച്ചുകൊണ്ടുള്ള അനുമതിപത്രം കെ.എസ്.എസ്.ഡി.സി യുടെ സോണല്‍ മാനേജര്‍ അശോക്കുമാര് കമ്പനി ചെയര്മാന് കൈമാറി. നീര ടെക്നീഷ്യന്മാര്ക്കുള്ള 2.74 ലക്ഷം രൂപയുടെ വേതനവിതരണവും കര്‍ഷകര്‍ക്കുള്ള 3.74 ലക്ഷം രൂപയുടെ പ്രതിഫല വിതരണവും ചെന്താമരാക്ഷന് എംഎല്‍എ നിര്‍വ്വഹിച്ചു.
പാലക്കാട് , തമിഴ്നാട്ടിലെ പൊള്ളാച്ചി, ഉദുമല്‍പേട് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകകൂട്ടായ്മകളെ പ്രതിനിധീകരിച്ച 2000-ല്‍ പരം കര്‍ഷകര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: