കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിന്റെ നെല്ലറയായി അറിയപ്പെടുന്ന പാടശേഖരങ്ങളില്‍ ഒന്നാണ് 30 ഏക്കറില്‍ കൂടുതലുള്ള മാരൂര്‍താഴെ നെല്‍വയല്‍. ഇരുപൂ കൃഷി ചെയ്യുന്ന സമൃദ്ധമായി നെല്ലുവിളയുന്നതുമായ പാടശേഖരമാണിത്.
കൃഷിചെയ്യുവാന്‍ ആള്ക്കാര് ഇല്ലാതിരുന്നിട്ടും പഞ്ചായത്തും കൃഷിവകുപ്പും മുന്‍കൈയെടുത്ത് തൊഴിലുറപ്പില്‍പ്പെടുത്തി ലാഭകരമായ നിലയില്‍ കൃഷി ചെയ്തുവരുമ്പോഴാണ് ഉപ്പുവെള്ളം കയറി വയല്‍ കൃഷി യോഗ്യമല്ലാതായത്.
ടിഎസ് കനാലിന് സമീപത്തായി കിടക്കുന്ന പ്രദേശമായതിനാല്‍ കായലില്‍ നിന്നും ഉപ്പുവെള്ളം കയറുവാന്‍ സാധ്യതയുള്ള സ്ഥലമാണിത്. ആ സമയങ്ങളില്‍ ചാലുകളും ബണ്ടുകളും അടയ്ക്കുകയും മഴ സമയങ്ങളില്‍ വെള്ളം ഒഴുകിപോകുവാന് ബണ്ടുകള്‍ തുറക്കുകയുമാണ് ചെയ്യുന്നത്. അത് സമയാസമയങ്ങളില്‍ പഞ്ചായത്ത് അധികൃതരാണ് ചെയ്തുവരുന്നത്. എന്നാല്‍ തുറന്നുകിടന്ന ബണ്ടുകള്‍ അടയ്ക്കാത്തതുമൂലം വേലിയേറ്റ സമയത്ത് കായലിലെ ഉപ്പുവെള്ളം പാടങ്ങളിലും മറ്റ് കൃഷിസ്ഥലങ്ങളിലും കയറുകയാണുണ്ടായത്. ആയതിനാല്‍ പരിസരപ്രദേശത്തെ കരകൃഷിയെപോലും ബാധിക്കുന്ന നിലയിലാണ് ഇപ്പോഴുള്ളത്.
കുലശേഖരപുരം പഞ്ചായത്തിലെ സംരക്ഷിത നെല്പ്പാടങ്ങളില്പ്പെട്ടതാണ് മാരൂര്‍താഴെ വയല്‍. നെല്‍വയല്‍ നികത്തുകയും കൃഷിക്ക് ജോലിക്കാര്‍ ഇല്ലാതാവുകയും ചെയ്യുന്ന ഈ കാലത്ത് സമൃദ്ധമായി ഇരുപൂ കൃഷി ചെയ്തിരുന്ന വയലില്‍ ഇനി നാലഞ്ച് വര്‍ഷക്കാലത്തേക്ക് കൃഷി ചെയ്യുവാന്‍ പറ്റുകയില്ലെന്ന് പഴമക്കാര്‍ പറയുന്നു.
ഉപ്പിന്റെ അംശം പാടത്തില്‍ നിന്നും ഇല്ലാതാകുമ്പോള്‍ മാത്രമെ ഇനി ഇവിടെ കൃഷി ഇറക്കുവാന്‍ സാധിക്കുകയുള്ളു. വെള്ളം കയറുവാന്‍ സാധ്യതയുള്ള വിവരം വാര്‍ഡ് മെമ്പര്‍മാരെ അറിയിച്ചിട്ടും അവര്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടില്ല. അധികൃതരുടെ അനാസ്ഥമൂലം ഉപ്പുവെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ഇനി രോഗങ്ങള്‍ പടരുമോയെന്ന ഭീതിയിലാണ് നാട്ടുകാര്‍. ഇനി ദുരിതങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: