കൊച്ചി: റിലയന്‍സ് കമ്യൂണിക്കേഷന്സിനായി റോഡ് കുഴിച്ച് കേബിള്‍ ഇടുന്ന കലൂര്പൊറ്റക്കുഴി റോഡില്‍ ഇന്ന് സംയുക്തപരിശോധന നടത്താന്‍ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം നിര്‍ദേശിച്ചു. കമ്പനി വെട്ടിപ്പൊളിക്കുന്ന റോഡ് പൂര്‍വസ്ഥിതിയിലായെന്ന് ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേബിള്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് ഈ റോഡില്‍ യാത്രക്ലേശം രൂക്ഷമായ സാഹചര്യത്തില്‍ ഹൈബി ഈഡന് എം.എല്‍.എ.യുടെ നിര്‍ദേശപ്രകാരമാണ് ജില്ല കളക്ടര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചത്.
കമ്പനി ബാങ്ക് ഗാരണ്ടി നല്‍കിയാണ് ഇവിടെ പണി നടത്തുന്നതെന്ന് വ്യക്തമാക്കപ്പെട്ടു. ഇതുപ്രകാരം റോഡ് പൂര്‍വസ്ഥിതിയിലായെന്ന് ഉറപ്പാക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്നും ഇക്കാര്യത്തില്‍ വകുപ്പ് ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ഹൈബി ഈഡന് എം.എല്‍.എ., പൊതുമരാമത്ത്, കെ.എസ്.ഇ.ബി., കൊച്ചി മെട്രോ, ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥര്‍, റിലയന്‍സ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: