കൊച്ചി: ജിസിഡിഎ ബജറ്റ് പ്രാദേശിക വികസനത്തിനൊപ്പം ടൂറിസം മേഖലയ്ക്കും പശ്ചാത്തല സൗകര്യത്തിനും ഊന്നല്‍ നല്‍കുന്നതാണെന്ന് ചെയര്മാന് എന്‍.വേണുഗോപാല്‍ വ്യക്തമാക്കി. മുണ്ടംവേലിയില്‍ ഷോപ്പിങ് മാളും പാര്‍ക്കും സ്ഥാപിക്കുന്നതോടൊപ്പം മറൈന്‍ഡ്രൈവില്‍ മിനി ട്രെയിന്‍ പദ്ധതിയും ആ ലക്ഷ്യത്തോടെയാണ്. പാര്‍ക്കിങ് സൗകര്യം കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് മള്ട്ടിവെവല് പാര്‍ക്കിങ് സൗകര്യത്തിന് സംവിധാനമൊരുക്കുന്നത്. ഇതോടൊപ്പം ജീവനക്കാര്‍ക്കും പൊതുജനത്തിനും സൗകര്യപ്രദമായ ഭവനനിര്‍മാണ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ കൊച്ചിയിലെ മുണ്ടംവേലി പ്രദേശത്തിന്റെ വികസനം മുന്നില്‍ കണ്ട് കൊണ്ട് അതോറിറ്റിയുടെ കൈവശമുളള അഞ്ചേക്കര്‍ സ്ഥലത്ത് ഒരു ഷോപ്പിംഗ് മാള്‍, പാര്‍ക്ക്, സ്വിമ്മിംഗ് പൂള് ഉള്‍പ്പെടെയുളള സ്പോര്‍ട്സ് കോംപ്ലക്സ് എന്നിവയും പണ്ടാരച്ചാലിനോട് ചേര്‍ന്ന് ഒരു വാക്ക് വേയും നിര്‍മ്മിക്കും 10 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ഈ വര്‍ഷം 5 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
പനമ്പിളളി നഗറിനെയും ഗിരിനഗറിനെയും ബന്ധിപ്പിക്കുന്ന നിലവിലുളള പാലത്തിന് 5 മീറ്റര്‍ മാത്രമാണ് വീതിയുളളത്. ഈ പാലത്തിനോട് ചേര്‍ന്ന് രണ്ട് വരി പാതയില്‍ ഒരു പാലം കൂടി നിര്‍മ്മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പദ്ധതി ചെലവ് 1.5 കോടി രൂപയാണ് .
അംബേദ്കര്‍ സ്റ്റേഡിയത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് 370 മീറ്റര്‍ നീളത്തിലും 7 മീറ്റര്‍ വീതിയിലും റോഡ് നിര്‍മ്മിക്കുന്നതിലൂടെ കെഎസ്ആര്‍ടിസി സ്റ്റാനഡിലേക്കുളള ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതും മേല്പ്പാലത്തിലേക്കുളള പ്രവേശനമാര്‍ഗത്തിലെ തിരക്ക് കുറയുന്നതുമാണ്.1.2 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
മറൈന്‍ഡ്രൈവില്‍ കിന്‍കോ ജെട്ടിയില്‍ നിന്ന് വാക് വേയുടെ കിഴക്ക് വശം ചേര്‍ന്ന് ആരംഭിച്ച് മഴവില്‍ പാലം പരിസരത്ത് നിന്ന് ഷണ്മുഖം റോഡിന് സമാന്തരമായി തിരിച്ച് കിന്‍കോ ജെട്ടിയില്‍ എത്തിച്ചേരുന്ന വിധമാണ് മിനി ട്രെയിന്‍ പാത വിഭാവനം ചെയ്യുന്നത്. 2.51 കോടി രൂപ നീക്കിവച്ചിരിക്കുന്നു.
മറൈന്‍ഡ്രൈവ് മൈതാനത്തിന്റെ തെക്ക് ഭാഗത്ത് നിലവില്‍ 1 1/4 ഏക്കറിലുളള പാര്‍ക്കിംഗ് സ്ഥലത്ത് ഇരുനില പാര്‍ക്കിംഗ് സംവിധാനം, ടോയ്ലറ്റ്, ക്ലോക്ക് റൂം സൗകര്യങ്ങളോടെ ഏര്‍പ്പെടുത്തുവാനാണ് ലക്ഷ്യമിടുന്നത്. പ്രതീക്ഷിക്കുന്ന പദ്ധതി ചെലവ് 6 കോടി രൂപ. ഈ വര്‍ഷം 1 കോടി രൂപ നീക്കിവച്ചിരിക്കുന്നു.
എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് ഈസ്റ്റേണ്‍ എന്‍ട്രി കെട്ടിടത്തോട് ചേര്‍ന്നുളള പാര്‍ക്കിംഗ് സ്ഥലത്ത്, താഴത്തെ നില വാണിജ്യ ഉപയോഗത്തിന് നീക്കിവച്ച് കൊണ്ട് ബഹുനില പാര്‍ക്കിംഗ് സമുച്ചയമാണ് വിഭാവനം ചെയ്യുന്നത്. പ്രതീക്ഷിക്കുന്ന ചെലവ് 8 കോടി രൂപയാണ്. ഈ വര്‍ഷം 1 കോടി രൂപ നീക്കിവച്ചിരിക്കുന്നു.
മറൈന്‍ഡ്രൈവില്‍ നിലവിലുളള 5 ഏക്കര്‍ മൈതാനം ജനാകര്ഷകമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. മൈതാനത്തിന് ചുറ്റും ഫെന്‍സിംഗ്, ലൈറ്റിംഗ്, മൂന്ന് ഗേറ്റുകള്‍, എന്നിവയാണ് നിര്‍മ്മിക്കുവാനുദ്ദേശിക്കുന്നത്. പ്രതീക്ഷിക്കുന്ന പദ്ധതി ചെലവ് 4 കോടി രൂപ. 25 ലക്ഷം രൂപ ഈ വര്‍ഷം വകകൊളളിച്ചിരിക്കുന്നു.
കടവന്ത്രയില്‍ ചിലവന്നൂര്‍ പുഴയുടെ രണ്ട് വശത്ത് എത്തി നില്ക്കുന്ന രണ്ട് റോഡുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് 15 മീറ്റര്‍ നീളത്തിലുളള പാലവും 250 മീറ്റര്‍ റോഡും നിര്‍മ്മിക്കുമ്പോള്‍ അമലാഭവന്‍ റോഡിന് പകരം ഒരു റോഡ് കൂടി ലഭിക്കുന്നതാണ്. പ്രതീക്ഷിക്കുന്ന ചെലവ് 2.5 കോടി രൂപയും. ഈ വര്‍ഷം നീക്കിവച്ചിരിക്കുന്നത് 1 കോടി രൂപയുമാണ്
മാധവ ഫാര്‍മസി ജംഗ്ഷനിലെ നിര്‍ദ്ദിഷ്ട മെട്രോ സ്റ്റേഷനില്‍ നിന്നുളള കാല്‍നടയാത്രക്കാരെ ഹൈക്കോടതി, മാര്‍ക്കറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബോട്ടുജെട്ടികള്‍ എന്നിവയിലേക്ക് സുരക്ഷിതമായി എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റോഡില്‍ നിന്നും 5 1/2 മീറ്റര്‍ ഉയരത്തില്‍ 1.3 കി. മീറ്റര്‍ നീളത്തിലും 2 മീറ്റര്‍ വീതിയിലുമാണ്. സ്കൈ വാക്ക് വിഭാവനം ചെയ്തിരിക്കുന്നത്. എന്‍ട്രി, എക്സിറ്റ് സഥലങ്ങളില്‍ എക്സലേറ്ററുകളും സ്ഥാനിക്കുന്നതാണ്. പ്രതീക്ഷിക്കുന്ന പദ്ധതി ചെലവ് 65 കോടി രൂപ. ഈവര്‍ഷം 1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: