ആലുവ: ജില്ലാ സഹകരണ ബാങ്കിന്റെ നൂതന പദ്ധതികളുടെ സമര്‍പ്പണം വി.ഡി. സതീശന് എംഎല്‍എ നിര്‍വഹിച്ചു. മെട്രോ റെയിലിനു മുതല്‍ സംയോജിത മുട്ട ഗ്രാമത്തിനു വരെ വായ്പ നല്കുന്ന ജില്ല സഹകരണ ബാങ്ക് ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രംഗത്തും സ്വാശ്രയത്വം കൈവരിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ബാങ്ക് നൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
സംയോജിത മുട്ട ഗ്രാമം പദ്ധതി, ജില്ലയിലെ സര്‍ക്കാര്‍അര്‍ധ സര്‍ക്കാര്‍ പൊതുമേഖലഎയ്ഡഡ് മേഖലയിലെ ജീവനക്കാര്‍ക്ക് ഇഡിസിബി പദ്ധതി, സ്മാര്‍ട്ട് വായ്പ, എട്ടാം ക്ലാസ്സു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ടാബ്ലെറ്റ് കമ്പ്യൂട്ടറുകള്‍, സൈക്കിള്‍ വായ്പ, ക്ഷീരകര്‍ഷകര്‍ക്കായി പ്രത്യേക വായ്പ, രാജ്യത്തുടനീളമുള്ള ബാങ്കുകളില്‍ ഉപയോഗിക്കാവുന്ന റുപേ കാര്‍ഡ് എന്നീ പദ്ധതികളുടെ വിതരണ ഉദ്ഘാടനം നടന്നു.
റുപേ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ജോസ് തെറ്റയില്‍ എംഎല്‍എ നിര്‍വ്വഹിച്ചു. എടിഎം, ക്രെഡിറ്റ് കാര്‍ഡുകള്‍ സാധാരണയായ ഇക്കാലത്ത് കര്‍ഷകര്‍ക്കും പണമിടപാടുകള്‍ സ്മാര്‍ട്ടായി നിര്‍വഹിക്കാനുള്ള ഒരു നല്ല നീക്കമാണ് റുപേ കാര്‍ഡുകളെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വിഷലിപ്തമായ ആഹാര ശീലങ്ങളില്‍ നിന്ന് ഒരു പരിധി വരെയെങ്കിലും രക്ഷ നേടാനും പാലിന്റെയും മുട്ടയുടെയും കാര്യത്തിലെങ്കിലും സ്വയം പര്യാപ്തരാകാനുമുള്ള സുവര്‍ണ്ണാവസരമാണ് ജില്ലാ സഹകരണ ബാങ്കിന്റെ പദ്ധതികള്‍ വഴി തുറന്നു കിട്ടിയിരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
വനിത ഗുണഭോക്താക്കളെ ഉദ്ദേശിച്ചുള്ള സംയോജിത മുട്ട ഗ്രാമം പദ്ധതി പ്രകാരം ഒരു ഉപഭോക്താവിന് 15000 രൂപ വായ്പ ലഭിക്കും.
ഇതിനൊപ്പം പത്ത് കോഴികളും മൂന്ന് മാസത്തേക്കാവശ്യമായ തീറ്റയും ലഭ്യമാണ്. കോഴിക്കൂട് ഉള്‍പ്പെടെയാണ് വേണ്ടതെങ്കില്‍ 20000/ രൂപയാണ് തുക അനുവദിക്കുന്നത്്. ഭാരത് സേവക് സമാജിനു കീഴിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. കോഴിമുട്ടക്ക് വിപണി കണ്ടെത്തേണ്ടതില്ല എന്നതാണ് പദ്ധതിയുടെ സവിശേഷത. ഭാരത് സേവക് സമാജ് തന്നെ മുട്ട വിലക്കെടും. മുട്ടയുത്പ്പാദനം കുറഞ്ഞാല്‍ അതിനു പ്രതിവിധി നിര്‍ദേശിക്കുകയും ഉത്പ്പാദന ശേഷിക്കുറവുള്ള കോഴിയെ മാറ്റി നല്‍കുകയും ചെയ്യും. ഉത്പ്പാദനശേഷി കുറഞ്ഞ കോഴിയെ ഭാരത് സേവക് സമാജ് തന്നെ ഇറച്ചിക്കോഴിയുടെ മാര്‍ക്കറ്റ് വിലക്ക് എടുക്കും. ഇതു കൂടാതെ ഗ്രൂപ്പുകള്‍ക്കും കോഴിവളര്‍ത്തലില്‍ ഏര്‍പ്പെടാവുന്നതാണ്.
ആലുവ മഹാത്മ ഗാന്ധി മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി. ഉതുപ്പാന്, കെ.പി. ബേബി, എം.ഇ. ഹസൈനാര്‍, കെ.ബി. അറുമുഖന്, അബ്ദുള്‍ മുത്തലിബ്, ജോയ് പോള്‍, പി.പി. അവറാച്ചന്, എം.കെ. ബാബു, സെല്‍വകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: