മുഹമ്മ: ഇടതു-വലതു രാഷ്ട്രീയ കക്ഷികളുടെ കടുംപിടിത്തം; ആര്യാട്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തുകളില്‍ 2015-16 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടക്കത്തിലേ പാളി. കോണ്‍ഗ്രസ് ഭരിക്കുന്ന ആര്യാട് പഞ്ചായത്തിനെ തളയ്ക്കാന്‍ സിപിഎമ്മും എല്‍ഡിഎഫ് ഭരിക്കുന്ന മണ്ണഞ്ചേരി പഞ്ചായത്തിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസും കച്ചമുറുക്കി ഇറങ്ങിയതോടെയാണ് ഇരുകക്ഷികളുടെയും രാഷ്ട്രീയ പാപ്പരത്തം മറനീക്കി പുറത്താകുന്നത്.
ഗ്രാമസഭകള്‍ ചേര്‍ന്ന് കരടു പദ്ധതികളുടെ രൂപീകരണം പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം വാര്‍ഷിക പദ്ധതിയുടെ രൂപീകരണവും ചേരേണ്ടതുണ്ട്. ആര്യാട് പഞ്ചായത്തില്‍ യുഡിഎഫിന്റെ വാര്‍ഡുകളില്‍ ഗ്രാമസഭകള്‍ ചേര്‍ന്ന് കരട് പദ്ധതിക്ക് രൂപം നല്കി. എന്നാല്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ഇതിനു തയാറായില്ല. ഭരണകാലാവധി അവസാനിക്കാനിരിക്കെ പുതിയ ഭരണസമിതി വാര്‍ഷിക പദ്ധതി രൂപീകരണം നടത്തിക്കോട്ടെ എന്ന നിലപാടിലാണ് ആര്യാട് പഞ്ചായത്തിലെ പ്രതിപക്ഷം. എന്നാല്‍ എല്‍ഡിഎഫിന്റെ ഈ നീക്കത്തെ വെല്ലുവിളിച്ച് സിപിഐയുടെ ഏക അംഗം അവരുടെ വാര്‍ഡില്‍ 21ന് ഗ്രാമസഭ വിളിച്ചിട്ടുണ്ട്.
സിപിഎം തന്ത്രം മനസിലാക്കി മറു തന്ത്രവുമായി മണ്ണഞ്ചേരി പഞ്ചായത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസും രംഗത്തെത്തി. ആര്യാട് പഞ്ചായത്തില്‍ സിപിഎം നിസഹകരണത്തിന്റെ ഭാഗമായി ഗ്രാമസഭകള്‍ ചേരാതിരുന്ന അതേനയം മണ്ണഞ്ചേരിയില്‍ കോണ്‍ഗ്രസും നടപ്പാക്കി. ആര്യാട്ടെ പ്രശ്നത്തിന് സിപിഎം പരിഹാരം കണ്ടാലേ മണ്ണഞ്ചേരിയിലെ പത്ത് വാര്‍ഡുകളിലും ഗ്രാമസഭ വിളിക്കുകയുള്ളൂവെന്ന് കഴിഞ്ഞ 29ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മണ്ണഞ്ചേരിയില്‍ വര്‍ക്കിങ് ഗ്രൂപ്പുകളുടെ യോഗം കഴിഞ്ഞു. ഇനി ഗ്രാമസഭകളാണ് കൂടേണ്ടത്. ഗ്രാമസഭകള്‍ കൂടിയില്ലെങ്കില്‍ 2015-16 വര്‍ഷത്തെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും. സിപിഎം മാരാരിക്കുളം ഏരിയ സെക്രട്ടറി ആര്യാട്ടും മാരാരിക്കുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മണ്ണഞ്ചേരിയും പഞ്ചായത്ത് അംഗങ്ങളാണ്. ഫലത്തില്‍ രണ്ടുപേരുടെയും രാഷ്ട്രീയ തന്ത്രങ്ങളാണ് ആര്യാട്ടും മണ്ണഞ്ചേരിയിലും പരീക്ഷിക്കുന്നത്. ഇത് ജനദ്രോഹമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: