ആലപ്പുഴ: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്നും രോഗബാധിതരുടെ എണ്ണം വളരെയധികം കുറഞ്ഞതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എ. സഫിയാബീവി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്ന യോഗത്തെ അറിയിച്ചു. കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ 2050 ചിക്കന്‍പോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 76 പേര്‍ക്കാണ് എലിപ്പനി പിടിച്ചത്. ഇതില്‍ ഏഴുപേര്‍ മരിച്ചു. 81 പേര്‍ക്കാണ് മലേറിയ പിടിപെട്ടത്. അന്യസംസ്ഥനത്തൊഴിലാളിലാണ് മലേറിയ കണ്ടത്. 46 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ മരിച്ചു. കഴിഞ്ഞവര്‍ഷം 1,48,928 പേര്‍ക്ക് വൈറല്‍ പനി പിടിച്ചു. ജില്ലയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പതിനൊന്നു പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും എലിപ്പനി സാധ്യത കൂടുതലുണ്ട്. 21 പഞ്ചായത്തുകളിലും കായംകുളം, ചേര്‍ത്തല, ആലപ്പുഴ നഗരസഭകളിലും ഡെങ്കിപ്പനി സാധ്യത കൂടുതലാണ്. പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മൂന്നുഘട്ടമായാണ് നടപ്പാക്കുന്നത്. മാര്‍ച്ചുവരെയുള്ള ആദ്യഘട്ടത്തില്‍ മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുക. കൊതുക്-കൂത്താടി നശിപ്പിക്കലും ബോധവല്‍ക്കരണ പരിപാടികളും നടക്കും.
രണ്ടാംഘട്ടം ഏപ്രില്‍ മുതല്‍ ജൂലൈ വരെയും മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയും നടക്കും. വാര്‍ഡുതല ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ പങ്കാളികളാകും. മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഡുതലത്തില്‍ ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തില്നിന്ന് 10,000 രൂപ നല്‍കിയിട്ടുണ്ട്. ശുചിത്വമിഷന് 10,000 രൂപ നല്‍കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് 5,000 രൂപ ചെലവഴിക്കാം.
ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍, പ്രത്യേകിച്ച് കുട്ടനാട്ടില്‍ കുടിവെള്ളമെത്തിക്കാന്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. ടാങ്കറിലും മറ്റും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്കി. എലിപ്പനി വരുന്നതു തടയാനായി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍ ജലാശയങ്ങളിലും മറ്റും ജോലിക്ക് ഇറങ്ങും മുമ്പ് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ നിര്‍ബന്ധമായും കഴിക്കണം. പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇത് ഉറപ്പുവരുത്തുന്നതിന് നടപടിയെടുക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എ. സഫിയാബീവി, ഡെപ്യൂട്ടി ഡിഎംഒ: ഡോ. ജേക്കബ് വര്‍ഗീസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: