ചെട്ടികുളങ്ങര: ഓലക്കാലില്‍ തീര്‍ത്ത തടയില്‍ വച്ച വാഴയിലയില്‍ വിളമ്പുന്ന ചെറു ചൂടുള്ള കഞ്ഞി, തൊട്ടു പിന്നാലെ എത്തുന്നു അസ്ത്രം, മുതിര, ഉണ്ണിയപ്പം, പഴം, പപ്പടം, അവല്, മാങ്ങ അച്ചാര്‍. മുന്നിലും മനസിലും വിഭവങ്ങള്‍ നിറയുന്നു. കുത്തിയ പ്ലാവിലയില് അമ്മയെ മനസില്‍ ധ്യാനിച്ച് കഞ്ഞി കോരി കുടിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദംഅത് ചെട്ടികുളങ്ങരയ്ക്ക് സ്വന്തം.
കുംഭഭരണി മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് കെട്ടുകാഴ്ച നിര്‍മ്മാണങ്ങള്‍ ആരംഭിക്കുന്നതോടൊപ്പം തന്നെ ചെട്ടികുളങ്ങരയില്‍ കുതിരമൂട്ടില്‍ കഞ്ഞിയും ആരംഭിക്കും. ഓണാട്ടുകരക്കാര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന രുചിക്കൂട്ടാണ് കുതിരമൂട്ടില്‍ കഞ്ഞിക്കുള്ളത്. ഈരേഴ തെക്ക്, ഇരേഴവടക്ക് കരകളില്‍ കുതിരമൂട്ടില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തും മറ്റുള്ള കരകളില്‍ കെട്ടുകാഴ്ച നിര്‍മ്മാണ സ്ഥലത്തും വഴിപാടുകാരന്റെ വീട്ടിലുമായാണ് കഞ്ഞി നടക്കുന്നത്. ചില കരകളില്‍ നാലു കഞ്ഞിവരെ ഒരു ദിവസം നടക്കുന്നു. വഴിപാടുകഞ്ഞികളും പതിവു കഞ്ഞികളും കരകളില്‍ നടക്കുന്നു. ചില കരകളില്‍ 2018 വരെയുള്ള വഴിപാട് കഞ്ഞികള്ക്കുള്ള ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്.
കഞ്ഞിവിളമ്പുന്നതിനും ആചാരപെരുമ നിലനില്ക്കുന്നു. വഴിപാടുകാരന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും വായ്ക്കുരവയുടെയും കുത്തിയോട്ടപ്പാട്ടിന്റെയും അകമ്പടിയില്‍ കരക്കാരെ കുതിരച്ചുവട്ടില്‍ നിന്നും സ്വീകരിച്ചുകൊണ്ട് വന്നതിനു ശേഷമാണ് കഞ്ഞി വിളമ്പുന്നത്. കെട്ടുകാഴ്ച നിര്‍മ്മാണ ആരംഭിക്കുന്ന ദിനം മുതല്‍ അശ്വതിനാള്‍ വൈകുന്നേരം വരെ ചെട്ടികുളങ്ങരയിലെ കരകളില്‍ ഇത് ലഭ്യമാണ്. ഒരു തവണ ഈ സ്വാദ് രുചിച്ചിട്ടുള്ളവര്‍ നിശ്ചയമായും പിന്നീട് എല്ലാ വര്‍ഷവും ഇത് നുകരാന്‍ കരകളില്‍ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: