ആലപ്പുഴ: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സുനാമി ബാധിത പ്രദേശത്തെ 110 ഓളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പട്ടയം നിഷേധിക്കുന്നത് കരിമണല്‍ ലോബികളുടെ സ്വാധീനം മൂലമാണെന്ന് ജനകീയ അന്വേഷണ സമിതി രക്ഷാധികാരി അഡ്വ. സുനില്‍ എം.കാരാണി, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ സേതുപാലന്, മധു താച്ചയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
1981ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ വലിയഴീക്കല്‍ പ്രദേശവാസികളായ വന്‍കിട ഭൂഉടമകള്‍ക്കും രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കും പട്ടയം നല്‍കിയെങ്കിലും നാലു സെന്റിലും 10 സെന്റിലുമുള്ള പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പട്ടയം നല്‍കിയില്ല. ബന്ധപ്പെട്ട റവന്യു അധികാരികള്‍ക്കും മന്ത്രിമാര്‍ക്കും നിരന്തരം പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് പത്ത് കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു.
2014 നവംബറില്‍ ഇവര്‍ക്ക് പട്ടയം നല്കാന് ഹൈക്കോടതി ഉത്തരവായി. എന്നാല്‍ റവന്യു അധികാരികള്‍ കോടതിവിധി മാനിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ പ്രത്യക്ഷ സമര പ്രക്ഷോഭങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ആഭ്യന്തര മന്ത്രി പ്രതിനിധീകരിക്കുന്ന ഹരിപ്പാട് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട വലിയഴീക്കല്‍ നിവാസികളുടെ ദുരവസ്ഥ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മലയോര കര്‍ഷകര്‍ക്ക് ലക്ഷങ്ങള്‍ മുടക്കി പട്ടിയമേളകള് നടത്തുന്ന സര്‍ക്കാര്‍ തീരദേശവാസികളെ കണ്ടില്ലെന്ന് നടിക്കുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തും. സൂചനാ സമരത്തിന്റെ ഭാഗമായി 27ന് കളക്ട്രേറ്റിന് മുന്നില്‍ നിരാഹാര ധര്‍ണയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: