ആലപ്പുഴ: കാവും കുളവും സംരക്ഷിക്കാന്‍ ഫണ്ട് അനുവദിക്കണമെന്നും അപേക്ഷകര്‍ക്കെല്ലാം ആനുകൂല്യം നല്‍കണമെന്നും കാവ് പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എന്‍.എന്‍. ഗോപിക്കുട്ടന് ആവശ്യപ്പെട്ടു.
കാവുകള്‍ ഉള്‍പ്പെടെ ആരാധനാ സ്ഥലങ്ങളിലെ ഭൂമികള്‍ കല്‍ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് ആരാധനാ സങ്കേതകങ്ങളില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈകള്‍, ഔഷധ സസ്യങ്ങള്‍, പൂച്ചെടികള്‍, ഭക്ഷ്യോത്പാദന വിത്തുകള്‍ തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്യുക, ഇവയുടെ പരിരക്ഷയ്ക്ക് ഗ്രാന്റ് അനുവദിക്കുക, എല്ലാ കാവുകള്‍ക്കും പ്രതിവര്‍ഷം നിശ്ചിത തുക ഗ്രാന്റായി നല്‍കുക, ഭൂമിയുടെ രേഖ ഹാജരാക്കാന്‍ കഴിയാത്ത പരിരക്ഷകര്ക്കും ട്രസ്റ്റുകള്‍ക്കും വില്ലേജ് ഓഫീസര്‍ നല്കുന്ന കൈവശരേഖയുടെ അടിസ്ഥാനത്തില്‍ ഫണ്ടനുവദിക്കുകയും ഭൂമി വാങ്ങല്‍ പദ്ധതിയും നടപ്പാക്കണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കളക്ടര്‍ക്കും ത്രിതല പഞ്ചായത്തുകള്‍ക്കും നിവേദനം നല്‍കും. എംപി, എംപിഎല്എമാരുടെ പ്രാദേശിക വികസന ഫണ്ടുകള്‍ കാവും കുളങ്ങളും സംരക്ഷിക്കുന്നതിനും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ക്കും നിവേദനം സമര്‍പ്പിക്കും.
ജില്ലാ സെക്രട്ടറി ശ്യാം ആര്യാട്, വടക്കന്‍ മേഖലാ സെക്രട്ടറി സി.വി. രാജപ്പന്, തെക്കന്‍ മേഖലാ സെക്രട്ടറി സിദ്ദീഖ് ആര്യാട്, ജില്ലാ കമ്മറ്റി അംഗം ആര്. മോഹനന് പിള്ള, ചന്ദ്രിക, സുരേന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: