ആലപ്പുഴ: വണ്ടാനത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ ആള്‍ക്കൂട്ടത്തിലേയ്ക്ക് പാഞ്ഞു കയറിയാണ് ഹോം ഗാര്ഡുള്പ്പടെ മൂന്നുപേര്‍ക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് നീര്‍ക്കുന്നം വണ്ടാനം കഞ്ഞിട്ടയില് വീട്ടില്‍ പ്രകാശന് (50), യാത്രക്കാരായ കരീലക്കുളങ്ങര സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ: പോള്‍ (54), വണ്ടാനം തയ്യില്‍ വീട്ടില്‍ ഗ്രിഗറി (50) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തേകാലോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി ജങ്ഷനിലായിരുന്നു സംഭവം. ആലപ്പുഴ ഭാഗത്ത് നിന്നും ഹരിപ്പാട് ഭാഗത്തേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് ആശുപത്രി ജങ്ഷനില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് പ്രകാശനെ ഇടിച്ചു വീഴ്ത്തുകയും തുടര്‍ന്ന് മുന്നോട്ട് നീങ്ങി ബസ് സ്റ്റോപ്പിനു സമീപത്തുണ്ടായിരുന്ന പോളിനേയും ഗ്രിഗറിയേയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന യാത്രക്കാര്‍ ഓടി രക്ഷപെട്ടതു മൂലം വന്‍ ദുരന്തം ഒഴിവായി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണു അപകടത്തിനു കാരണം. അമ്പലപ്പുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ചൊവ്വാഴ്ചവൈകിട്ട് മൂന്നേമുക്കാലോടെ ദേശീയ പാതയില്‍ വണ്ടാനം മെഡിക്കല്‍ കോളേജിനു സമീപം നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ സ്കൂട്ടറിടിച്ച് സ്ക്കൂട്ടര്‍ യാത്രികരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് ആലിശേരി വീട്ടില്‍ രാജേഷിന്റെ ഭാര്യ ബിനി (35), ഇവരുടെ മക്കളായ രാഹുല്‍ (11), അപര്‍ണ (ഏഴ്) എന്നിവരെയാണു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുന്നപ്രയില്‍ നിന്നും തോട്ടപ്പള്ളിക്ക് പോകുകയായിരുന്ന ബിനിയും മക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു മുന്നില്‍ വഴിയാത്രക്കാരന് മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വണ്ടി ബ്രേക്ക് ചെയ്തപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസിയുടെ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ഇവരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പുന്നപ്ര പോലീസ് മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: