കായംകുളം: ഹൃദ്രോഗികള്‍ക്കുള്ള ചികിത്സാ സഹായത്തിന്റെ പേരില്‍ ആറ് ലക്ഷം രൂപ തട്ടിപ്പ് നടത്തിയ സിഐടിയു നേതാവിനെ അറസ്റ്റ് ചെയ്തു. കായംകുളം പെരിങ്ങാല കണിശേരിത്തറയില് പ്രഭാകരനാ (53)ണ് പോലീസ് പിടിയിലായത്. മറ്റൊരു പ്രതിയും ഇയാളുടെ കൂട്ടാളിയുമായ ഓലകെട്ടിയമ്പലം കൊയ്പ്പള്ളികാരായ്മ മുട്ടക്കുളത്ത് ഫിലിപ്പ് ഒളിവിലാണ്.
നിര്‍ദ്ധന കുടുംബാംഗമായ പെരിങ്ങാല കന്നേപ്പറമ്പില് രാജേഷിന്റെ ഹൃദയമാറ്റ ശസ്ത്രക്രീയയ്ക്ക് വേണ്ടി പിരിവ് നടത്തി തുക തട്ടിയെടുത്ത കേസിലാണ് അറസ്റ്റിലായത്. 2012ല്‍ രാജേഷിന് ഹൃദയസംബന്ധമായ അസുഖത്താല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നതിനാല്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ രാജേഷിനെ എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
ശസ്ത്രക്രിയയ്ക്കായി 15 ലക്ഷത്തോളം രൂപ ആവശ്യമായി വരുമെന്ന് ആശുപത്രി അധികൃതര്‍ ഇവരെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രഭാകരനും ഫിലിപ്പും കൂടി കേരള ആര്‍ട്ടിസാന്‍ യൂണിയന് (സിഐടിയു) സഹായനിധി രൂപീകരിച്ച് നോട്ടീസ് ഇറക്കി വന്‍പിരിവ് നടത്തി. ഇതില്‍ നിന്നും ആറ് ലക്ഷത്തോളം രൂപ ഇവര്‍ കൈക്കലാക്കുകയായിരുന്നു.
ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് രാജേഷിന്റെ ഭാര്യ ഇവരെ സമീപിച്ചപ്പോള്‍ എംഎല്‍എയെ സമീപിച്ച് തരാമെന്ന്പറഞ്ഞ് ഇവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് തട്ടിപ്പ് മനസിലായത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജേഷിന്റെ ഭാര്യ സുനില നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കായംകുളം ഡിവൈഎസ്പി: ദേവമനോഹര്‍, സിഐ: ഉദയഭാനു, എസ്ഐ: രജീഷ്കുമാര് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: