മുഹമ്മ: ശിവരാത്രി പതമെത്തുന്നതോടെ വേമ്പനാട് കായലില്‍ ചെമ്മീന്‍ സുലഭമായി കിട്ടുന്ന പതിവ് ഇത്തവണയും പിഴയ്ക്കില്ലെന്ന വിശ്വാസവുമായി കോരുവലക്കാരും ചീനവലക്കാരും കായലില്‍ ഉത്സവ പ്രതീതിയില്‍. ചീനവലക്കാര്‍ തെളിച്ചിടുന്ന വൈദ്യുത വെളിച്ചത്തില്‍ ചെമ്മീന്‍ ചാടിയെത്തും. അതോടെ ചുറ്റിലും വലവിരിച്ച് കാത്തിരിക്കും.
കോരുവലക്കാര് ചെമ്മീന്റെ വരവറിയുന്നത് നീര് കാക്കകളുടെ വരവോടെയാണ്. ചാടിത്തുള്ളി കായല്‍ പരപ്പിലേക്ക് ചെമ്മീനെത്തുമ്പോള് അതിനെ പിടിക്കാന്‍ നീര് കാക്കകള്‍ പറന്നുവരും. അതോടെ അവിടെ വലവിരിച്ച് ചെമ്മീന്‍ കൊയ്ത്ത് നടത്തും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചെമ്മീന്റെ വരവ് കുറവാണ്. ചെറിയ ചെമ്മീന്‍ കിലോയ്ക്ക് 100 രൂപ വരും.
സീസണില്‍ 40-50 കിലോ വരെ കിട്ടിയെന്നിരിക്കും. എന്നാല്‍ ചൂടന്‍ ചെമ്മീന്‍ 150 രൂപ വരെ വിലയുണ്ട്. ഉണക്ക ചെമ്മീന്‍ 500 രൂപയാണ് വില. എറണാകുളം പോലുള്ള വലിയ നഗരങ്ങളില്‍ 900 രൂപ വരെ വില ലഭിച്ചാല്‍ അത്ഭുതപ്പെടേണ്ട. ഉണക്കി പായ്ക്കറ്റിലാക്കി വില്ക്കുന്നവരും ഏറെയുണ്ട്. കയറ്റി അയക്കാനും അച്ചാര്‍ ഉണ്ടാക്കാനും ചമ്മന്തിപ്പൊടി ഉണ്ടാക്കാനും ഉപയോഗിക്കുന്ന ചെമ്മീന്‍ സ്വാദിഷ്ടമായ ആഹാരമാണ്. ശിവരാത്രിക്ക് തലേന്നാളും ശിവരാത്രി ദിവസവും അതിനടുത്ത ദിവസങ്ങളിലും ചെമ്മീന്‍ കൊയ്ത്ത് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യബന്ധനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: