കൊല്ലം: പുത്തൂര്‍ മിനിമോള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പത്രമാധ്യമ പുരസ്കാരത്തിന് ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന് അര്‍ഹയായി. പ്രമുഖ മാധ്യമപ്രവര്‍ത്തകരായ എം.എസ്. രവി, തേവള്ളി ശ്രീകണ്ഠന്, ജയചന്ദ്രന് ഇലങ്കത്ത് എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ സമ്മാനിക്കും.
25,555 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിന് വൈകിട്ട് മൂന്നിന് പുത്തൂര്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തല പുരസ്കാരം സമ്മാനിക്കും.
ദൃശ്യമാധ്യമ അവാര്‍ഡ് ജോണി ലൂക്കോസ്, മായാ ശ്രീകുമാര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് കൈമാറും. മിനിമോള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 55,555 രൂപയുടെ സദ്കീര്‍ത്തി പുരസ്കാരം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഏറ്റുവാങ്ങും. സമ്മേളനത്തില്‍ സ്വാമി പ്രകാശാനന്ദ ഭദ്രദീപം തെളിക്കും. സ്വാമി ഗുരുപ്രസാദ് അനുഗ്രഹപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്മാന് ഡോ. ഗോകുലം ഗോപകുമാര്‍, എച്ച്. ജയന്, കല്ലുംപുറം വസന്തകുമാര്‍, പി.ഒ. മാത്യൂസ്, സുജയ് ഡി.വ്യാസന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: