കൊച്ചി: മാവോയിസ്റ്റ് ഭീഷണിയുടെ മറവില്‍ ജയില്‍ മതിലിന് ഉയരം വര്‍ദ്ധിപ്പിക്കുന്നു. സുരക്ഷകാരണം മുന്‍നിര്‍ത്തിയാണ് മതിലിന് ഉയരം കൂട്ടുന്നതെന്ന് പോലീസ്. കാക്കനാട്ടെ ജില്ലാ ജയില്‍, വനിതാ ജയില്‍, ബോസ്റ്റല്‍ സ്‌കൂള്‍ ക്യാംപസ് എന്നിവയുടെ മതിലിനാണ് ഉയരം വര്‍ദ്ധിപ്പിക്കുന്നത്.
20 അടി ഉയരത്തിലുള്ള ചുറ്റുമതിലാണു നിര്‍മിക്കുന്നത്. വനിതാ ജയില്‍ വളപ്പിനോടനുബന്ധിച്ചു ചുറ്റുമതില്‍ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. പഴയ മതില്‍ പൊളിച്ചുനീക്കി ഷീറ്റ് കൊണ്ടു താല്‍ക്കാലിക മതില്‍ ഉയര്‍ത്തിയ ശേഷമാണു കോണ്‍ക്രീറ്റ് മതില്‍ നിര്‍മാണം. വനിതാ ജയില്‍ അധികൃതരുടെയും ബോസ്റ്റല്‍ സ്‌കൂളിന്റെയും ശുപാര്‍ശ പരിഗണിച്ചാണു പുതിയ മതില്‍ നിര്‍മാണം.പൊതുമരാമത്തു വകുപ്പിന്റെ ചുമതലയിലാണു മതില്‍ പണിയുന്നത്. ജില്ലാ ജയിലില്‍ പലപ്പോഴും കുപ്രസിദ്ധ കേസുകളിലെ റിമാന്‍ഡ് തടവുകാരെ താമസിപ്പിക്കാറുണ്ട്.
തീവ്രവാദ കേസുകളിലെ പ്രതികളെയും റിമാന്‍ഡ് ചെയ്ത് ഇവിടേയ്‌ക്ക് അയയ്‌ക്കാറുണ്ട്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഇവിടെ താമസിപ്പിച്ച വേളയില്‍ ജയില്‍ വളപ്പു സുരക്ഷിതമല്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ജില്ലാ ജയിലിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോള്‍ തന്നെ ഉയരം കൂടിയ മതില്‍ നിലവിലുണ്ട്. ഇതിനോടു ചേര്‍ന്നുള്ള വനിതാ ജയിലിന്റെ ഭാഗങ്ങളിലാണു ഉയരക്കുറവുണ്ടെന്നു കണ്ടെത്തിയിരുന്നത്.
















