കടവന്ത്ര: കതൃക്കടവ്-വാദ്ധ്യാര്‍ റോഡില്‍ ഒന്നര ഏക്കറോളം വരുന്ന കണ്ടല്‍കാടുകള്‍ വെട്ടിനിരത്തി തണ്ണീര്‍ത്തടം നികത്തുന്നു. നാലുവശവും വേലികെട്ടി മുന്‍വശത്ത് അന്യര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡും വച്ചിട്ടുണ്ട്. മണ്ണുമായി എത്തുന്ന ടിപ്പര്‍ലോറികള്‍ക്ക് മാത്രമാണ് പ്രവേശനം. നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കുമ്പോഴാണ് കണ്ടല്‍കാടുകള്‍ വെട്ടിനശിപ്പിച്ച് നികത്തല്‍ നടക്കുന്നത്.
കഴിഞ്ഞദിവസം പരാതിയെത്തുടര്‍ന്ന് ജെസിബിയും ഒരു ടിപ്പറും കസ്ബാ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാഹനങ്ങള്‍ സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പുതന്നെ വീണ്ടും ടിപ്പറുകള്‍ എത്തിത്തുടങ്ങിയിരുന്നു.
ഇതു തെളിയിക്കുന്നത് ഉന്നത ഉദേ്യാഗസ്ഥരുടെയും നിയമപാലകരുടെയും ഒത്താശയോടുകൂടിയാണ് ഇത് നടത്തുന്നത് എന്നാണ്. സ്റ്റോപ്പ് മെമ്മോ കൊടുത്തതാണെന്നും അതിനുശേഷം റിപ്പോര്‍ട്ട് താലൂക്കിലേക്ക് അയച്ചിട്ടുണ്ടെന്നും എളംകുളം വില്ലേജ് ഓഫീസര്‍ വ്യക്തമാക്കുന്നു.
















