മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം ഫെബ്രുവരി 24ന് നടക്കും. ഇതിനായുള്ള ഒരുക്കം പുരോഗമിക്കുന്നതായി ക്ഷേത്രാവകാശികളായ 13 കരക്കാരുടെ ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്വന്ഷന് ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാന അനുഷ്ഠാനമായ കുത്തിയോട്ടം 17 മുതല്‍ വഴിപാടുകാരുടെ ഭവനങ്ങളില്‍ ആരംഭിക്കും. ഇത്തവണ പത്തു കുത്തിയോട്ടമാണുള്ളത്. 22ന് കുത്തിയോട്ടങ്ങള്‍ സമാപിക്കും.
ഭവനങ്ങളില്‍ നിന്നും ഘോഷയാത്രയായി കുത്തിയോട്ടങ്ങള്‍ പുറപ്പെട്ട് ഭരണി ദിവസം രാവിലെ 6.30ന് ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. വൈകിട്ട് 5.30ന് പതിമൂന്ന് കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലേക്ക് എത്തും. രാത്രി 8.30ന് ദേവസ്വം ബോര്‍ഡിന്റെ ഗ്രാന്റ് വിതരണ സമ്മേളനത്തില്‍ ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കണ്വന്ഷന് പ്രസിഡന്റ് ബി. ഹരികൃഷ്ണന്, സെക്രട്ടറി പി.രഘുനാഥ്, ജോയിന്റ് സെക്രട്ടറി രാജേഷ്, പത്മകുമാര്‍, കരനാഥന്മാര് തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: