ഹരിപ്പാട്: ഭാരതീയ ഗോ വംശത്തില്‍പ്പെട്ട നാടന്‍പശുക്കളെ വളര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ സഹായം 15000 രൂപയായി ഉയര്‍ത്തണമെന്ന് ഗോ ഗ്രാമസേവാസമിതി സംസ്ഥാന സമിതിയംഗം എ. ജയകുമാര്‍ ആവശ്യപ്പെട്ടു.
ഗോ ഗ്രാമസേവാ സമിതിയും കെഎല്‍ഡി ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഗോ കര്‍ഷകര്‍ക്കുള്ള പ്രശിക്ഷണ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ നാടന്‍ പശുക്കളുടെ പരിപാലനത്തിനായി ഒരു കര്ഷകന് 7,500 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. 2,500 രൂപ സംസ്ഥാന സര്‍ക്കാരും കൂടി അനുവദിച്ചതോടെ കര്ഷകന് 10,000 രൂപ ധനസഹായം ലഭിക്കും. എന്നാല്‍ ഈ തുക അപര്യാപ്തമായതിനാല്‍ 15,000 രൂപ അനുവദിക്കണമെന്നാണ് സമിതിയുടെ ആവശ്യം. നാടന്‍ പശുവിനേയും പശുക്കുട്ടിയേയും വാങ്ങുന്നതിന് ത്രിതലപഞ്ചായത്ത് സബ്സിഡി നല്‍കണം. 16 വയസിന് താഴെയുള്ള പശുക്കളേയും രണ്ട് വയസിന് താഴെയുള്ള കാളകിടാരികളേയും അറവുശാലകളില്‍ വധിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള നിയമം ഉണ്ടെങ്കിലും ഇത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നാടന്‍പശുക്കളുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് കുട്ടികള്‍ ശീലമാക്കുകയും സ്കൂളുകളില്‍ ഇതേപ്പറ്റി പാഠ്യപദ്ധതി തയ്യാറാക്കണമെന്നും പ്രഭാഷണം നടത്തിയ കെഎല്‍ഡി ബോര്‍ഡ് ഡെപ്യൂട്ടി മാനേജര്‍ സജീവ് കുമാര്‍ പറഞ്ഞു. നാടന്‍പശു സംരക്ഷണ ഗവേഷണം, പാല് ഉത്പന്ന നിര്‍മ്മാണം ഊര്‍ജ സംരക്ഷണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ പഠിക്കുന്നതിന് വിദഗ്ധര്‍ ഉള്‍പ്പെട്ട കോര്പ്പറേഷന് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: