കൊച്ചി: മാള അരവിന്ദന്റെ കുടുംബത്തിന് സര്‍ക്കാര്‍തലത്തില്‍ സാധ്യമായ സഹായങ്ങള്‍ ചെയ്യാന്‍ സാംസ്കാരിക വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് കൊച്ചിയില്‍ പറഞ്ഞു. സ്റ്റേജ് കലാകാരന്മാരുടെ കൂട്ടായ്മയായ ജയ് സവാക്കിന്റെ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച നടന് മാള അരവിന്ദന് അനുസ്മരണസമ്മേളനം എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയേറ്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മാള അരവിന്ദന്റെ കഴിവിനൊത്ത അംഗീകാരങ്ങള്‍ ബന്ധപ്പെട്ട വേദികളില്‍നിന്നും ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍ പ്രേക്ഷകമനസില്‍ എക്കാലത്തും മലയാളികള്‍ക്കിടയില്‍ വലിയ സ്ഥാനമാണുള്ളത്. ജയ്സവാക്കിന്റെ ആഭിമുഖ്യത്തില്‍ മാള അരവിന്ദന് ഫൗണ്ടേഷന് രൂപീകരിക്കാനും തീരുമാനിച്ചു.
സമ്മേളനത്തില്‍ ജയ് സവാക്ക് സംസ്ഥാന ഡയറക്ടര്‍ മോഹന്‍ ജി. വെണ്‍പുഴശ്ശേരി അധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ രാജു മുഖ്യ അനുസ്മരണം നടത്തി. ഞാറക്കല്‍ ശ്രീനി, മനോജ് ഗോപി, പ്രദീപ് റോയി, ഉണ്ണികൃഷ്ണന് പറവൂര്‍, തമ്മനംഗോപി, കലാമന്ദിരം തങ്കപ്പന്, പി.വി. രാധ, മരട് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജയ് സവാക്ക് സംസ്ഥാന സെക്രട്ടറി ജനറല്‍ സുന്ദരന്‍ പനങ്ങാട് നന്ദിയും സംസ്ഥാന സെക്രട്ടറി അലക്സ് പോള്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: