ആലപ്പുഴ: ദേശീയ ഗെയിംസിന്റെ ഭാഗമായി വേമ്പനാട് കായലില്‍ നടന്ന റോവിങ്, കനോയിങ്, കയാക്കിങ് മത്സരങ്ങളില്‍ നിന്നായി കേരളം നേടിയത് 30 മെഡലുകള്‍. എല്ലാ മെഡല്‍ നേട്ടങ്ങളിലും കരുത്തായി മാറിയത് ആതിഥേയരായ ആലപ്പുഴയുടെ അഭിമാനങ്ങളായ താരങ്ങളായിരുന്നു.
റോവിങ്ങില്‍ ഡിറ്റിമോള്‍ വര്‍ഗീയ് താരമായപ്പോള്‍ കനോയിങ് കയാക്കിങ് വിഭാഗങ്ങളില്‍ ട്രിപ്പിള്‍ സ്വര്‍ണത്തോടെ നിത്യാ കുര്യാക്കോസാണ് താരമായത്. റോവിങ്ങില്‍ കേരളത്തിന് പുരുഷ-വനിതാ വിഭാഗത്തിലായി ലഭിച്ചത് ഒമ്പത് മെഡലുകളായിരുന്നു. നാലു വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും. കയാക്കിങ് കനോയിങില് ആതിഥേയര്‍ക്ക് ലഭിച്ചത് അഞ്ചു സ്വര്‍ണം, പത്ത് വെള്ളി, ആറ് വെങ്കലവുമാണ്. പത്ത് സ്വര്‍ണമായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. നേരിയ വ്യത്യാസത്തിലും നിര്‍ഭാഗ്യവും മൂലമാണ് ചില ഇനങ്ങളില്‍ കേരള താരങ്ങള്‍ക്ക് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
വനിതകളായിരുന്നു ജലകായിക ഇനത്തില്‍ കേരളത്തിന്റെ കരുത്ത്. കേരളത്തിന് ലഭിച്ച ഒന്‍പത് സ്വര്‍ണവും വനിതകളുടെ സമ്പാദ്യമായിരുന്നു. വെള്ളി മെഡലും ബഹുഭൂരിപക്ഷവും നേടിയത് വനിതകളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: