ആലപ്പുഴ: ദേശീയ ഗെയിംസിന്റെ തുഴച്ചില്‍ മത്സരങ്ങളുടെ അവസാന ദിവസം അവസാന മത്സരത്തില്‍ സ്വര്‍ണമണിഞ്ഞ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ രജിന കിറോ താരമായി. വനിതകളുടെ കയാക്കിങ് സിംഗിള്‍ വിഭാഗം 200 മീറ്ററില്‍ മിന്നുന്ന പ്രകടനമാണ് രജിന കിറോ കാഴ്ചവച്ചത്. തുടക്കം ഫൗളായെന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞദിവസം മാറ്റിവച്ച മത്സരം വീണ്ടും നടത്തിയപ്പോഴും രജനി തന്നെ സ്വര്‍ണമണിഞ്ഞു.
മത്സരത്തിന്റെ തുടക്കം ഫൗള്‍ ആണെന്ന് കര്‍ണാടകയുടെ റ്റ്വിഷ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മത്സരം ഇന്നലത്തേക്ക് മാറ്റിയത്. വീണ്ടും മത്സരം നടന്നപ്പോഴും മത്സരഫലത്തില്‍ മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസത്തേതു പോലെ തന്നെ രജിന കിറോ ആദ്യ സ്ഥാനത്തും മദ്ധ്യപ്രദേശിന്റെ നനാവോദേവി രണ്ടാം സ്ഥാനത്തും കര്‍ണാടകയുടെ റ്റ്വിഷ മൂന്നാം സ്ഥാനത്തും എത്തി.
വനിതകളുടെ കയാക്കിങ് ഡബിള്‍ 200 മീറ്റര്‍ വിഭാഗത്തില്‍ രജിന കിറോ, സന്ധ്യ കിസ്പോട്ട ടീം സ്വര്‍ണവും ഫോര്‍ 200 മീറ്ററില്‍ വെങ്കലവും നേടിയിരുന്നു. മത്സരങ്ങള്‍ക്ക് ഒടുവില്‍ മെഡല്‍ സ്വീകരിക്കാനായി വിക്ടറി സ്റ്റാന്‍ഡില്‍ കയറി നിന്നപ്പോള്‍ നിറഞ്ഞ കൈയടികളോടെയാണ് കാണികള്‍ രജിനയുടെ നേട്ടത്തെ എതിരേറ്റത്. ആന്ഡമാനിന് അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവും നേടാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: