മണ്ണഞ്ചേരി: മണ്ണഞ്ചേരി ഐടിസി കോളനിയില്‍ പുതുവല്‍വെളി വേണുഗോപാലി (46)നെ വെട്ടിക്കൊന്ന കേസില്‍ ക്വട്ടേഷന്‍ സംഘത്തലവനായിരുന്ന കൊല്ലപ്പെട്ട എമ്മാച്ചന്റെ ഭാര്യയടക്കം നാല് സ്ത്രീകള്‍ പിടിയിലായി. എമ്മാച്ചന്റെ ഭാര്യ മണ്ണഞ്ചേരി 11-ാം വാര്‍ഡ് പന്നിശേരിയില് സ്മിത (28), ബന്ധുക്കളായ മണ്ണഞ്ചേരി ഐടിസി കോളനിയില്‍ പുതുവല്‍വെളിയില്‍ ഗിരിജ (42), മകള്‍ ഗ്രേഷ്മ (18), പുതുവല്‍വെളിയില്‍ രജനി (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കെഎസ്ഇബി തിരുവല്ല സെക്ഷന്‍ ഓഫീസിലെ മസ്ദൂറായിരുന്ന മണ്ണഞ്ചേരി പന്നിശേരി കോളനിയില്‍ ചന്ദ്രലാലി (എമ്മാച്ചന്‍-36)നെ വെട്ടിക്കൊന്ന കേസില്‍ വേണുഗോപാല്‍ പ്രതിയായിരുന്നു. എമ്മാച്ചനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് വേണുഗോപാലിനെ വധിക്കാന്‍ എമ്മാച്ചന്റെ ഭാര്യ സ്മിത ഗൂഢാലോചന നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതക ദിവസം പുലര്‍ച്ചെ അഞ്ചുമണിയോടെ അക്രമിസംഘം രജനിയുടെ വീട്ട് പരിസരത്ത് എത്തുകയും രജനിയും ഗിരിജയും ഗ്രീഷ്മയും ചേര്‍ന്ന് വേണുഗോപാലിന്റെ അടുത്തുള്ള പുരയിടത്തിലൂടെ നടന്ന് ഇയാളുടെ നീക്കങ്ങള്‍ അക്രമി സംഘത്തിന് കൈമാറുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
എമ്മാച്ചന്‍ വധക്കേസിലെ പ്രതിയായിരുന്ന പന്നിശേരിയില് പ്രേമലത എന്ന സ്ത്രീയുടെ വിലാസത്തില്‍ ഈ നാല്‍വര്‍ സംഘം മൊബൈല്‍ സിം എടുക്കുകയും പരസ്പരം വിളിക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ സ്മിത ഒഴികെയുള്ള മൂന്നുപേരെ റിമാന്റ് ചെയ്തു. സ്മിതയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴോളം പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നും ഇതില്‍ മൂന്നുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും ബാക്കിയുള്ളവര്‍ ഗൂഢാലോചന നടത്തിയവരാണെന്നും അന്വേഷണ ഉദ്യോഗസ്ഥരായ മാരാരിക്കുളം സിഐ: കെ.ജി. അനീഷ്, മണ്ണഞ്ചേരി എസ്ഐ: കെ.കെ.ഉത്തമന് എന്നിവര്‍ പറഞ്ഞു.
ജില്ലയിലെ ക്വട്ടേഷന്‍ നേതാവ് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലാകാനുള്ളതെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു. ജനുവരി 28ന് പുലര്‍ച്ചെയാണ് വേണുഗോപാല്‍ കൊല്ലപ്പെട്ടത്. മൂന്നു മാസത്തെ ഗൂഢാലോചനയ്ക്കു ശേഷമാണ് സംഘം കൃത്യനിര്‍വ്വഹണം നടത്തിയത്.
സംഭവത്തില്‍ പത്തനംതിട്ട ഈസ്റ്റ് കോഴഞ്ചേരി മരിയനന്ദനത്തില്‍ ഷാരോണ്‍ (26), മണ്ണഞ്ചേരി കുന്നിനകം കോളനിയില്‍ കണ്ണന് (മാട്ടക്കണ്ണന്‍-24), മണ്ണഞ്ചേരി തറമൂട് കണിയാംവെയില്‍ അസറുദ്ദീന് (അസര്‍-19), മണ്ണഞ്ചേരി നേതാജി വട്ടച്ചിറയില്‍ ജയരാജ് (42), മാരാരിക്കുളം തെക്ക് തണല്‍വീട്ടില്‍ ഗിരീഷ് (39) എന്നിവര്‍ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്പതുപേര് പോലീസ് പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: