ആലപ്പുഴ: ജില്ലയിലെ തീരപ്രദേശങ്ങളെ കടലാക്രമണത്തില്‍നിന്ന് സംരക്ഷിക്കാന്‍ 54 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുലിമുട്ടുകളുടെയും കടല്‍ഭിത്തിയുടെയും നിര്‍മ്മാണപ്രവൃത്തികള്‍ തുടങ്ങി. ചേന്നവേലിയില്‍ 766 മീറ്റര്‍ നീളത്തില്‍ ഒമ്പതു പുലിമുട്ടുകളാണ് നിര്‍മ്മിക്കുന്നത്.
ചെന്നൈ ഐഐടി തയാറാക്കിയ രൂപരേഖ പ്രകാരമാണ് പുലിമുട്ട് നിര്‍മ്മിക്കുന്നത്. ചേന്നവേലിയിലെ ഒമ്പതു പുലിമുട്ടുകളില്‍ ആറെണ്ണത്തിനായി നബാര്‍ഡ് 4.43 കോടി രൂപ ചെലവഴിക്കും. ശേഷിക്കുന്ന മൂന്നെണ്ണവും 20 മീറ്റര്‍ കടല്‍ഭിത്തിയും 1.94 കോടി രൂപ മുടക്കി സംസ്ഥാന സര്‍ക്കാരാണ് നിര്‍മിക്കുന്നത്. 20 മീറ്റര്‍ വരുന്ന നാലു പുലിമുട്ടും 30 മീറ്ററിന്റെയും 40 മീറ്ററിന്റെയും രണ്ടെണ്ണം വീതവും 40 മീറ്ററിന്റെ ഒരു പുലിമുട്ടുമാണ് നിര്‍മ്മിക്കുക. 20 മീറ്റര്‍ കടല്‍ഭിത്തിയും നിര്‍മിക്കും.
ആയിരംതൈ, ഓമനപ്പുഴ, ചെട്ടികാട്, കാട്ടൂര്‍, പുറക്കാട്, തൃക്കുന്നപ്പുഴ, പള്ളിപ്പാട്ടുമുറി, ആറാട്ടുപുഴ എന്നിവിടങ്ങളിലും പുലിമുട്ട് നിര്‍മ്മിക്കും. ആയിരംതൈയില്‍ 780 മീറ്റര്‍ നീളത്തില്‍ ഒമ്പതു പുലിമുട്ട് നിര്‍മ്മിക്കും. 10 മീറ്ററിന്റെയും 20 മീറ്ററിന്റെയും 30 മീറ്ററിന്റെയും രണ്ടെണ്ണം വീതവും 40 മീറ്ററിന്റെ മൂന്നെണ്ണവുമാണ് നിര്‍മ്മിക്കുക. 20 മീറ്റര്‍ കടല്‍ഭിത്തിയും നിര്‍മ്മിക്കും. ഇവിടെ ആറു പുലിമുട്ടുകള്‍ക്കായി നബാര്‍ഡ് 4.56 കോടി രൂപയും മൂന്നു പുലിമുട്ടുകള്‍ക്കും കടല്‍ഭിത്തിക്കുമായി സംസ്ഥാന സര്‍ക്കാര്‍ 1.88 കോടി രൂപയും ചെലവഴിക്കും.
ഓമനപ്പുഴയില്‍ 600 മീറ്റര്‍ തീരസംരക്ഷണത്തിനായി 5.56 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇവിടെ 20 മീറ്ററിന്റെ മൂന്നു പുലിമുട്ടും 30 മീറ്ററിന്റെ മൂന്നെണ്ണവും 35 മീറ്ററിന്റെ ഒരു പുലിമുട്ടും നിര്‍മ്മിക്കും. ചെട്ടികാട് 600 മീറ്റര്‍ തീരസംരക്ഷണത്തിന് 20 മീറ്ററിന്റെയും 30 മീറ്ററിന്റെയും മൂന്നെണ്ണം വീതവും 35 മീറ്ററിന്റെ ഒരു പുലിമുട്ടുമാണ് നിര്‍മ്മിക്കുക. കാട്ടൂര്‍ കോളേജ് ജങ്ഷന് സമീപം 180 മീറ്റര്‍ നീളത്തില്‍ കടല്‍ ഭിത്തിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 13-ാം ധനകാര്യകമ്മീഷന് ഇതിനായി 1.20 കോടി സഹായം അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: