തുറവൂര്‍/മുഹമ്മ: തണ്ണീര്‍മുക്കത്തും തുറവൂരിലും സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടി. തണ്ണീര്‍മുക്കത്ത് വീടിനു നേരെയാണ് ആക്രമണമുണ്ടായത്. തണ്ണീര്‍മുക്കം പഞ്ചായത്ത് 11-ാം വാര്‍ഡ് തകിടിവെളി സബീനയുടെ വീടിനു നേരെയാണ് ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ആക്രമണമുണ്ടായത്. ഇവരുടെ വീടിന്റെ മുന്‍വശത്തെ മൂന്ന് ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇവിടെ 75 വയസോളം പ്രായമുള്ള ഒരു വൃദ്ധനും അഞ്ച് സ്ത്രീകളും അഞ്ച് കുട്ടികളുമാണ് താമസം. കഴിഞ്ഞദിവസം വീടിന് സമീപത്തെ വെളിയില്‍ ഒരു സംഘം മദ്യപിക്കാനെത്തിയിരുന്നു. ഇതിനെ പരിസരവാസികള്‍ ചോദ്യം ചെയ്തിരുന്നു. ആക്രമണ കാരണം ഇതാകാനാണ് സാദ്ധ്യതയെന്ന് കരുതുന്നു. മുഹമ്മ പോലീസില്‍ പരാതി നല്കി.
തുറവൂര്‍ പഴുക്കാട് മേഖലയില്‍ സമൂഹ്യവിരുദ്ധര്‍ രാത്രിയില്‍ വാഴകളും പച്ചക്കറികളും നശിപ്പിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശവാസിയായ ശ്രീധരന്റെ കൃഷിയിടത്തിലെ 30 വാഴകളും ചീര, കപ്പ എന്നിവയാണ് നശിപ്പിച്ചത്. ഇവിടങ്ങളില്‍ മദ്യപരുടെ ശല്യം കൂടുതലാണെന്നാണ് ജനങ്ങള്‍ പറയുന്നത്. വാഴകളും പച്ചക്കറികളും വിളവെടുപ്പിന് പാകമായിവരികയായിരുന്നു. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രദേശത്ത് അരക്ഷിതാവസ്ഥയുണ്ടാക്കുന്നവരെ പിടികൂടണമെന്നും പോലീസ് പട്രോളിങ് ശക്തമാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: