ഇരുളും വെളിച്ചവും മാറിമാറി താലോലിക്കുന്ന വണ്ണാത്തിപ്പുഴയുടെ തീരത്ത് ധാരാളം ‘ഇല്ല’ങ്ങള് ഒരിക്കല്‍ ഉണ്ടായിരുന്നു. കര്‍ഷകരും വൈഷ്ണവക്ഷേത്രങ്ങളും വെള്ളാരം കല്ലുപാകിയ ഇടവഴികളുമുള്ള നാഗരികതയുടെ സ്പര്ശമേല്ക്കാത്ത ഗ്രാമം… കൈതപ്രം!
നാലുകെട്ടും കൂട്ടുകുടുംബ വ്യവസ്ഥയില്‍ മൂന്ന് തായ്വഴികളില്‍പ്പെട്ടവരും ഒത്തുചേര്‍ന്നുള്ള ധന്യമായ ജീവിതം കാലത്തിനു നിറം പിടിപ്പിച്ചവ തന്നെ…വിശാലമായ ഇല്ലപ്പറമ്പും നെല്‍വയലുകളും തെങ്ങിന്‍തോപ്പുകളും ഉണ്ടായിരുന്ന ഭൂതകാലം… വാഴകള്‍… കണ്ണാന്തളി പടര്പ്പുകള്… വെട്ടുകല്ലു ചെത്തിയെടുത്ത കുളം. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വേറെ കടവുകളും. ഇല്ലത്തെ പാത്രങ്ങളും തേവാരത്തിനുള്ള പാത്രങ്ങളും തേച്ചു വൃത്തിയാക്കുന്നതിനുള്ള കുളങ്ങളും വേറെ…
ഉപനയനവും സമാവര്‍ത്തനവും നടന്നവരും വിവാഹിതരും അവിവാഹിതരുമുള്ള ആ ഇല്ലം ഐശ്വര്യത്തിനും പ്രൗഢിക്കും ഉദാഹരണമാണ്.
മുറ്റത്തു തണല്‍ വിരിക്കുന്ന മരങ്ങള്‍… മാവുകള്‍ തന്നെ പലവിധത്തിലുള്ളവ… ആ തണലില്‍ ഇരിക്കുമ്പോള്‍ ശരീരവും മനസ്സും ഒന്നോടെ ഉണരുന്നു. ആ കാലഘട്ടത്തിന്റെ ഉജ്ജ്വല പ്രതാപത്തിന് സാക്ഷിയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കവി, സിനിമ സംവിധായകന്, ഗാനരചയിതാവ്, നടന്, സംഗീതജ്ഞന് ഇങ്ങനെ വിവിധനിലകളില്‍ അദ്ദേഹം അറിയപ്പെടുന്നു.
കണ്ണാടി ഇല്ലത്തെക്കുറിച്ച് വിസ്മയം കൂറുന്ന കഥകളാണ് മുത്തശ്ശിമാര്ക്കു പറയുവാനുള്ളത്. അത്താഴം കഴിഞ്ഞ് ഉറക്കത്തിനുമുന്‍പ് ഉണ്ണികളോട് ഇല്ലത്തെ കഥകളും മറ്റും പറയുന്ന അവര്‍ ഒരായിരം സ്വപ്നങ്ങളുടെ-യാഥാര്‍ത്ഥ്യങ്ങളുടെ കഥകള്‍ തലമുറയില്‍ നിന്നും തലമുറയിലേക്ക് പകരുന്നു.
ക്ഷേത്രസംസ്കാരത്തെക്കുറിച്ചും ബ്രാഹ്മണ്യത്തെക്കുറിച്ചും വ്യക്തമായ ധാരണകള്‍ കൈതപ്രത്തിനുണ്ട്. അവയുടെ പ്രതിഫലനംകൂടി ‘ദേശാടനം’ സിനിമയില്‍ ദര്‍ശിക്കാം. രാഷ്ട്രപതി അവാര്‍ഡു ലഭിച്ച ചിത്രമാണിത്.
എഴുതുന്നതിനോട് താല്‍പ്പര്യമുള്ള കവിയുടെ മനസ്സില്‍ വിരിയുന്ന കവിതയും ചുണ്ടിലെ സംഗീതവുമാണ് ജീവിതത്തിന്റെ താളവും ശക്തിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
മലയാള മണം നിറഞ്ഞ അര്‍ത്ഥവത്തായ വരികള്‍ ശ്രോതാക്കളില്‍ നിന്നും അകന്നുപോകാതിരിക്കുന്നു. ‘പഞ്ചാക്ഷര മന്ത്രവും ‘ശ്രീ രുദ്ര’വും ‘ചമക’വുമൊക്കെ ഉരുവിടുന്ന കവിയുടെ മനസ്സ് മറ്റു കവികളില്‍നിന്നും വ്യത്യസ്തമാണ്.
സംഗീതത്തെ ഏറ്റവുമധികം സ്നേഹിച്ച കേശവന് നമ്പൂതിരി പിതാവും അദിഥി അന്തര്‍ജ്ജനം അമ്മയുമാണ്. ചെമ്പൈ ഭാഗവതര്‍ സ്വാമിയുടെ ശിഷ്യനാണ് കേശവന് നമ്പൂതിരി. ബ്രഹ്മ സംസ്കാരം വേണ്ടുവോളമുള്ള കൈതപ്രത്തിന്റെ ഭാവന കടന്നുചെല്ലാത്ത മേഖലകളില്ല.
രണ്ടുനിലകളിലുള്ള വീട് ചെങ്കല്ലുകള്‍ ചെത്തി വൃത്തിയാക്കി പടുത്തുയര്‍ത്തിയതാണ്. ‘കാരുണ്യം’ എന്നാണ് കവി ഈ ഗൃഹത്തിനു നല്‍കിയിട്ടുള്ള പേര്.
കൊട്ടിയൂരില്‍നിന്നും ചെങ്കല്ലുകൊണ്ടുവന്ന് വടക്കന്‍ കേരളത്തിലെ ശില്‍പ്പികള്‍ നിര്‍മിച്ച കല്ലിലെ കവിതയാണ് കാരുണ്യം. അവിടെയുള്ള ഓരോ മണല്തരിയും കലാഭംഗിയുള്ള തൂണുകളും വരെ സംഗീതം കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു. കാറ്റടിച്ചിളകുമ്പോള്‍ വൃക്ഷങ്ങള്‍ ഉരുവിടുന്നതും പഞ്ചാക്ഷരമന്ത്രമാണ്.
കലാദേവതയായ കൊല്ലൂര്‍ മൂകാംബികയുടെ വരപ്രസാദത്താല്‍ സര്‍വകലകളും ഇദ്ദേഹത്തിന് വശമാണ്. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പരിഭവമുണ്ടെങ്കിലും സന്തോഷമുണ്ടെങ്കിലും ആ സന്നിധിയിലാണ് സമര്‍പ്പിക്കുക. ആ സംഗീതലഹരിയില്‍ അമ്മ മകനെ എങ്ങനെ അനുഗ്രഹിക്കാതിരിക്കും. താളമേളങ്ങളില്‍ ഇഴുകിച്ചേര്‍ന്ന് സ്വരരാഗസുധ ഒഴുകുകയാണ്. അതാണ് കൈതപ്രത്തിന്റെ സംഗീതം…
മൂകാംബിക ക്ഷേത്രത്തില്‍നിന്നും കൊളുത്തിക്കൊണ്ടുവന്ന ദീപം പൂജാമുറിയില്‍ അണയാതെ പ്രകാശിക്കുന്നു. അദ്ദേഹം സംസാരം തുടര്‍ന്നു. ഈ ചിത്രത്തൂണില്‍ ചാരിയിരുന്നുകൊണ്ട് ഞാന്‍ എഴുത്തിയത്….”കളി വീടുറങ്ങിയല്ലോ…. പെട്ടെന്ന് കവി നിശബ്ദനായി. ഏതോ ഓര്‍മയില്‍നിന്നും പെറുക്കി എടുക്കുന്നതുപോലെ… ചിന്തകളാണ് എനിക്ക് പ്രചോദനം നല്‍കുന്നത്. അദ്ദേഹത്തിന്റെ മുഖത്ത് നല്ല തിളക്കം. ചെറുതായി ചിരിച്ചുകൊണ്ട് കവി പാടി….” കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ…..!!
കൈതപ്രത്തിനെ അറിയുന്നവര്‍ ഏറെയാണ്. ഒപ്പം ആ നല്ല മനസ്സിനേയും! ആദ്ധ്യാത്മിക ചൈതന്യം നിറഞ്ഞുനില്ക്കുന്ന തിരുവണ്ണൂര്‍ ഗ്രാമം… ഗ്രാമദേവതാക്ഷേത്രങ്ങള്‍… സാമൂതിരി കോവിലകം… ഈശ്വരവിശ്വാസികളുടേയും കലാഹൃദയമുള്ളവരുടേയും നാടായ തിരുവണ്ണൂര്‍. മറ്റൊരിടത്തുനിന്നും ലഭിക്കാത്ത ശാന്തത ഇവിടെയുണ്ട്. വീശിയടിക്കുന്ന കാറ്റിനുപോലും എന്തോ ഒരു പ്രത്യേകത.
1993 ലെ കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് (ഏറ്റവും നല്ല ഗാനരചയിതാവ്) 96 ലെ അവാര്‍ഡ്, 97 ലെ സംഗീത സംവിധായകനുള്ള അവാര്‍ഡ്… 2013 ലെ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് എന്നിവ കൈതപ്രം നമ്പൂതിരിക്കു ലഭിച്ചു. ഇതിനുപുറമെ ധാരാളം സാംസ്കാരിക സംഘടനകളുടേയും ക്ഷേത്രങ്ങളുടേയും ബഹുമതി പത്രങ്ങളും കീര്‍ത്തി മുദ്രകളും!
ചിത്രകാരി കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ വരച്ച അനന്തശയനം മ്യൂറല്‍ പെയിന്റിംഗ് പൂജാമുറിയുടെ മുകളില്‍ കാണാം. ദീപാങ്കുരന് പിതാവിനോടൊപ്പം സംഗീതകച്ചേരികളിലും പങ്കെടുത്തുവരുന്നു. ഭാവിക്കു മികച്ച വാഗ്ദാനമാണ് ദീപാങ്കുരന്. രണ്ടാമത്തെ മകന് ദേവസേനനും കലാകാരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: