ഇളംവെയിലില്‍ തിളങ്ങുന്ന ബാംഗ്ലൂര്‍ നഗരത്തിലൂടെ പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാര്‍, യാഹുവിന്റെ ഓഫീസിന് മുന്നില്‍ നിര്‍ത്തി. ഓടിയെത്തിയ സെക്യൂരിറ്റി ബഹുമാനത്തോടെ കാറിന്റെ ഡോര്‍ തുറന്നു. അതില്‍ നിന്നും യുവാവായ വിവേക് പുറത്തേക്ക്. ബഹുമാനംകൊണ്ട് കുനിഞ്ഞ ശിരസുമായ് സെക്യൂരിറ്റി
ഗുഡ്മോര്‍ണിംഗ് സര്…
ഗൗരവം നിറഞ്ഞ മുഖവും അഹങ്കാരത്തിന്റെ കിരീടം വച്ച ശിരസുമായി വിവേക്
ഗുഡ്മോര്‍ണിംഗ് …
വിവേകിനെക്കണ്ട് ഭയന്നപോലെ തുറന്ന വാതിലുകള്‍. അവന് അകത്തേക്ക്.
ചെറുക്യാബിനുകളില് ബുദ്ധിയോട് മല്‍പ്പിടുത്തം നടത്തിയിരുന്നവര്‍ ഓരോരുത്തരായി ചാടിയെഴുന്നേറ്റ് ഗുഡ്മോര്‍ണിംഗ് സര്…
അവരെ കടന്ന് അവന് സീനിയര്‍ ഡിസൈന്‍ മാനേജറുടെ റൂമിലേക്ക്.
വിവേകെന്ന ഉച്ചത്തിലുള്ള വിളികേട്ട് പുതപ്പിനുള്ളില്‍ ഞെട്ടിയുണര്‍ന്ന് കണ്ണുകള്‍ തിരുമ്മി.
നേരം വെളുത്തോ…
നല്ല സ്വപ്നം, പ്രഭാതത്തിലെ സ്വപ്നമാണ്, ഫലിക്കും.
അല്ലെങ്കിലും അതിന്റെ ആദ്യപടി നാളെ ചവിട്ടുകയല്ലേ.
നാളെ ഞാന്‍ യാഹുവില്‍ ഡിസൈന്‍ അസിസ്റ്റന്റായി ജോയിന്‍ ചെയ്യുകയല്ലേ.
കാലങ്ങളായുള്ള സ്വപ്നം, നാളെ….
പാദസരങ്ങളുടെ കിലുക്കത്തോടെ ചെറു പുഞ്ചിരിയുമായി അവള് അകത്തേക്ക് കയറി വന്നു.
മീര…
മാമന്റെ മകള്‍…
മുറപ്പെണ്ണ്…
ഞങ്ങള്‍ നായന്മാര്ക്കങ്ങനെയാ മാമന്റെ മകള്‍ മുറപ്പെണ്ണാ…
കാണാന്‍ വല്യ തരക്കേടില്ലേ പ്രണയിക്കും.
കാലത്തിന്റെ കണക്കു പുസ്തകത്തില്‍ മറ്റൊന്നല്ലേ കല്യാണവും.
തുമ്പപ്പുവിന്റെ നിറവും, തൊണ്ടിപ്പഴംപോലത്തെ ചുണ്ടുകളും, പനംകുലപോലെ നീണ്ട മുടികളും.
ഇവള് എല്ലാമാണ്…
കൂട്ടുകാരി… കാമുകി അങ്ങനെ….
കയ്യിലിരുന്ന പ്രസാദമെടുത്ത് നെറ്റിയില്‍ തൊട്ടു.
ചന്ദനത്തിന്റെ തണുപ്പോ അവളുടെ കണ്ണുകളിലെ പ്രണയമോ പ്രഭാതത്തിലെ സ്വപ്നത്തേക്കാള്‍ സന്തോഷവാനാക്കി.
ഏയ് ഞാന്‍ കുളിച്ചിട്ടില്ല…
എന്റെ ഭഗവാന് കുളിച്ചില്ലേലും നറുനെയ്യിന്റെ പുണ്യമല്ലേ…
അവള് ഒപ്പം കട്ടിലിരുന്ന് കിന്നാരം പറഞ്ഞ് തുടങ്ങി.
ഇന്ന് വൈകിട്ട് ഞാന്‍ ബാംഗ്ലൂര്‍ക്ക് പോകും. പിന്നെ സ്വപ്നം, പ്രണയം എല്ലാം ആ നഗരം തന്നെ.
മഞ്ഞുമൂടിയ ബാംഗ്ലൂര്‍ കണ്ട്രോള്മെന്റ് സ്റ്റേഷനിലേക്ക് ട്രെയിന്‍ വന്ന് നിന്നു.
ഇന്ന് എന്റെ ദിവസമാണ്. എന്റെമാത്രം എന്ന ചിന്തയോടെ ഞാന്‍ കര്‍ണ്ണാടകയുടെ മണ്ണിലേക്ക്. ജനത്തിരക്കുള്ള റെയില്വേസ്റ്റേഷനിലുടെ മുട്ടിയുരുമ്മി തണുത്ത് വിറച്ച് നടന്ന് നീങ്ങി.
ഏതോ അപൂര്‍വ്വ സൃഷ്ടിയിലെന്നപോലെ കണ്ണുകള്‍ ആ കുരുന്ന് മുഖത്തുടക്കി. റെയില്‍വേ സ്റ്റേഷന്റെ മൂലയില്‍ മുഷിഞ്ഞു കിറിയ വസ്ത്രവും പൊട്ടിയൊലിക്കുന്ന വ്രണങ്ങളുമായി ആരോ വലിച്ചെറിഞ്ഞ പഴകിയ ഭക്ഷണം കഴിക്കാനുള്ള തത്രപ്പാടിലാണ് ആ കുരുന്ന്.
ഏതോജന്മത്തിലെന്നപോലെ ഒരടുപ്പം.. ഒരിഷ്ടം ആ കുരുന്നിനോട്.
അടുത്ത് ചെന്ന് അവളുടെ മുടിയിലും മുഖത്തും തലോടി, നിഷ്കളങ്കമായ കണ്ണുകള്‍ എന്നോടെന്തോ പറയാന്‍ കൊതിക്കുന്നു.
മുന്നിലിരുന്ന പഴകിയ ഭക്ഷണം വലിച്ച് നീക്കി അവളെയും എടുത്ത് നടന്നു.
കംഫര്‍ട്ട് സ്റ്റേഷനില്‍ അവളെ കുളിപ്പിച്ച് സുന്ദരിയാക്കി. തൊട്ടടുത്ത റസ്റ്റോറന്റില്‍ നിന്നും നല്ലഭക്ഷണം വാങ്ങി മുന്നില്‍ വച്ചു.
അവള് ഭക്ഷണം കഴിക്കുന്നില്ല. ആ കണ്ണുകള്‍ എന്നെ തന്നെ നോക്കിനില്ക്കുന്നു.
എന്റെ മനസ്സ് ഒരമ്മയുടെ മനസ്സായി. ഭക്ഷണമെടുത്ത് ഞാനവളുടെ ചെറുചുണ്ടുകളിലേക്ക് നല്കി. ഏതോ ഒരു ശക്തി സിരകളിലേക്ക് പ്രവഹിച്ചു. സ്വപ്നം, പ്രണയം എല്ലാം മാഞ്ഞ് പോകുന്നു.
എന്നോ ബാക്കിവച്ച കര്‍മ്മത്തിന്റെ പൂര്‍ത്തീകരണത്തിനായി ആരോ വിളിക്കുന്നു.
പിന്നെ ഒന്നും ചിന്തിച്ചില്ല, അവള് എന്നെ ചിന്തിപ്പിച്ചില്ല. കര്‍ണ്ണാടകയുടെ മണ്ണില്‍ നിന്നും ആ കുരുന്നുമായി കേരളത്തിലേക്ക്.
വീട്ടില്‍ ജന്മം നല്കിയവര് ശത്രുക്കളായി, പ്രണയിനിയുടെ കണ്ണുകള്‍ കലങ്ങി മറിഞ്ഞു.
കൂട്ടുകാരും നാട്ടുകാരും ഭ്രാന്തനെന്നു വിളിച്ചു.
കൂട്ടത്തില്‍ ഉപദേശത്തിന്റെ പെരുമഴ.
ഗൗരവം നിറഞ്ഞ ശബ്ദത്തില്‍ മാമാന് അലറി. ഒരു കുഞ്ഞുമായി നില്ക്കുന്ന നിന്റെ കൂടെ എന്റെ മകള്‍ എങ്ങനെ ജീവിക്കും. അനാഥരെ നോക്കാനല്ലേ ഇവിടെ അനാഥാലയങ്ങള്‍. അവിടെ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ എന്റെ മകളെ മറക്കണം.
പ്രണയിനിയുടെ ഉടലഴകിനേക്കാള് എന്നെ അപ്പോള്‍ ഭ്രമിപ്പിച്ചത് ആ കുരുന്നുമുഖത്തെ നിശബ്ദതയാണ്.
ലോകം എതിരായാലും ഞാന്‍ ഈ കുഞ്ഞിനെ നോക്കും, മിടുക്കിയാക്കും.
ആ ദേവതയെ കൂടുതല്‍ അറിയും മുന്നേ അവരെത്തി. സേവക പ്രവര്‍ത്തകര്‍. സേവനം മൊത്തമായും ചില്ലറയായും ഏറ്റെടുത്തവര്‍.
സേവനത്തിനായി ഫ്ളക്സടിക്കുന്നവര്. ബക്കറ്റ് പിരിവ് നടത്തുന്നവര്‍.
അവരില്‍ ശക്തന് ആ മനുഷ്യനായിരുന്നു. ജനസമക്ഷം സേവാ കേന്ദ്രത്തിന്റെ പ്രസിഡന്റ് ഹരിചന്ദ്രന്.
സംസാരശേഷിയില്ലാത്ത ബാലിക ഒരു അവിവാഹിതനായ യുവാവിനൊപ്പം, ഇതാ ആകാശം ഇടിഞ്ഞ് വിഴും. അദ്ദേഹം ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു.
ഈ നാടിന്റെ നിയമം അതിന് കുടപിടിച്ചു.
ഓര്‍ക്കുന്നു, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ദുലേഖയിലെ ചന്ദ്രക്കാരനെപ്പോലെ ഉരുണ്ട ഈ രൂപം എന്റെ സ്കൂളിലേക്ക് കടന്ന് വന്നത്.
അന്ന് നാല് പെണ്‍കുട്ടികള്‍ എന്റെ കൊച്ചനുജത്തിമാര്‍. അവര്‍ക്കാണ് സേവന കച്ചവടക്കാര്‍ക്ക് മുന്നില്‍ നിശബ്ദരായി നില്‍ക്കേണ്ടി വന്നത്.
ത്രിവര്‍ണ്ണങ്ങളെ കടന്നെത്തിയ ഈ മതേതരനാണ് അന്നവരെ കൊത്തിപ്പറന്നത്.
വര്‍ഷം 10 കഴിഞ്ഞിരിക്കുന്നു. അവരിപ്പോള്‍ യൗവന യുക്തകളായിട്ടുണ്ടാവും. അവരെവിടെ…
എന്തും പത്രത്താളുകളില്‍ വാര്‍ത്തകളാക്കുന്ന ഈ സേവാകേന്ദ്രത്തില്‍ ഒരു മിന്നുകെട്ടുപോലും ഇതുവരെ നടന്നിട്ടില്ല. അല്ലെങ്കില്‍ അവ വാര്‍ത്തയായിട്ടില്ല.
കാലം, നിയമം എല്ലാം എന്നെ ആ കുരുന്നില്‍ നിന്നും അകറ്റി.
ആ നിശബ്ദ മുഖവും അനാഥക്കച്ചവടത്തിന്റെ ചുമരെഴുത്തിലേക്ക്.
ശത്രുക്കള്‍ വീണ്ടും മിത്രങ്ങള്‍. പ്രണയവും സ്വപ്നവും വീണ്ടും.
ജീവിതത്തിന്റെ രണ്ടാം അങ്കത്തിനായി മറ്റൊരു ഐടിനഗരത്തിലെ റെയില്‍വേ സ്റ്റേഷനിലേക്ക് വന്നിറങ്ങി.
എന്തിനോ കാത്തിരിക്കുന്ന ഭിക്ഷാടകരുടെ നീണ്ട നിര…
ആ ദൃശ്യം
ഹൃദയതാളം നിലച്ചു…
എന്റെ കുരുന്ന്, എന്റെ ദേവത,
കണ്ണുകള്‍ ഇടവത്തിലെ പെരുമഴയെ തോല്‍പ്പിച്ചു.
കാലുകള്‍ നിശ്ചലമായി….
അവള്‍ക്കിപ്പോള്‍ എന്നെ കാണാന്‍ കഴിയില്ല…
ആരോ മുറിച്ച് മാറ്റിയ നാവുകള്‍ക്കൊപ്പം കണ്ണുകളും ചൂഴ്ന്നെടുക്കപ്പെട്ടിരിക്കുന്നു.
ഇതുകാണാന്‍ ഇവിടെ നിയമമില്ല. അല്ല അവയ്ക്കുപേടിയാണ്, എല്ലാറ്റിനേയും.
ഈ നിശബ്ദതയ്ക്കും അന്ധതയ്ക്കും കാലം കണക്ക് പറയും. ഒരു പരാജിതന്റെ ചിന്തയെന്നറിയാം എങ്കിലും ഇപ്പോള്‍ അങ്ങനയെ പറ്റൂ…
കാരണം കാലത്തിന്റെ കരുനീക്കം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: