കാക്കനാട്: ജില്ലാ ജയിലിനോട് ചേര്‍ന്നുളള വനിതാ ജയിലിലെ പ്രവേശന കവാടത്തില്‍ ക്യാമറ കണ്ടെത്തിയതിനെതുടര്‍ന്ന് വനിതാ കമ്മീഷന് അംഗം ലിസി ജോസ് ജയിലില്‍ മിന്നല്‍ പരിശോധന നടത്തി. ഇന്നലെ പകല്‍ 3 മണിയോടെയാണ് സംഘം ജയിലില്‍ എത്തിയത്. ക്യാമറ കണ്ടെത്തിയ സംഭവത്തെകുറിച്ച് ജയില്‍ അധികൃതരുമായി കമ്മീഷന് അംഗം ചര്‍ച്ച നടത്തി.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്‍ഫോപാര്‍ക്ക് സിഐക്ക് നിര്‍ദേശം നല്കി. പോലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിക്കായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്ന് ലിസി ജോസ് പറഞ്ഞു. ഒരു മണിക്കുറോളം ജയില്‍ അന്തേവാസികളോട് ജയിലിലെ പ്രശ്നങ്ങളെ കുറിച്ച് അന്വേഷിച്ചുവെങ്കിലും പ്രത്യേക പരാതികള്‍ ഒന്നും ലഭിച്ചില്ലെന്ന് അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വനിതാ ജയിലിലെ പ്രവേശന കവാടത്തില്‍ ജീവനക്കാരാണ് ഹീറോ ടൈപ്പ് ക്യാമറ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. മയക്കുമരുന്ന് കേസില്‍പ്പെട്ട മൈസൂര്‍ സ്വദേശികളായ സ്ത്രീകളെ ഈ വനിതാ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവരെ നിരീക്ഷിക്കുന്നതിനാണ് ക്യാമറ സ്ഥാപിച്ചതെന്നാണ് പോലീസ് നിഗമനം.
ക്യാമറയില്‍ റെക്കോര്‍ഡു ചെയ്തിട്ടുള്ള വിവരങ്ങള്‍ വിദഗ്ദ്ധരെ കൊണ്ട് പരിശോധിച്ചുവരുകയാണെന്ന് പോലീസ് വ്യക്തമാക്കി. എസ്ഐ രമണി, സിപിഓ സുനിത എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: