കോട്ടയം: അനുഭവങ്ങള്‍ ആളുകളുമായി പങ്കുവയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ആത്മീയാചാര്യന് ശ്രീ എം പറഞ്ഞു. പ്രത്യാശയുടെ പദയാത്രയ്ക്ക് തിരുനക്കര ക്ഷേത്രമൈതാനിയില്‍ നല്കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃദയത്തിനുള്ളില്‍ ബലമായ ഒരു ശക്തിയുണ്ടായതുമൂലമാണ് പദയാത്ര തുടങ്ങിയത്. ആ ശക്തിയെന്നത് സ്നേഹവും പ്രേമവുമാണ്. ആത്മാവിനെ അനന്തമായി തിരക്കി നടക്കുന്ന ഒരു യാത്രയാണിത്. സര്‍വ്വവ്യാപിയായ ഈശ്വരന്റെ ഒരംശം എല്ലാ ജീവികളിലും മനുഷ്യരിലും ഉണ്ട്. ഇത് മനുഷ്യരിലെ എല്ലാ മതസ്ഥര്‍ക്കിടയിലും ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ തലമുറയിലെ കുട്ടികള്‍ അമേരിക്കയിലും അതുപോലുള്ള രാജ്യങ്ങളിലും പോയാണ് പഠിക്കുന്നത്. എന്നാല്‍ ഒരു കാലത്ത് മറ്റ് രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് പലകാര്യങ്ങളും പഠിക്കുവാനായി വന്നിരുന്നു. നമ്മള് വീണ്ടും ആ അവസ്ഥയില്‍ തന്നെ എത്തിച്ചേരണമെന്നും അദ്ദേഹം പറഞ്ഞു.
മാത്യൂസ് ദ്വിതീയന്‍ കത്തോലിക്കാബാവാ, ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യൂ മൂലേക്കാട്, അഡ്വ. സുരേഷ്കുറുപ്പ് എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ് പത്മനാഭന് ശ്രീ എം നെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പദയാത്ര നാഗമ്പടത്തുനിന്നും മുനിസിപ്പല്‍ പാര്‍ക്ക്, ചന്തക്കവല, സെന്‍ട്രല്‍ ജങ്ഷന് വഴി ഗാന്ധിസ്ക്വയറില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, നഗരസഭാ ചെയര്‍ കെ.ആര്.ജി വാര്യര്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, സിഎംപി ജനറല്‍ സെക്രട്ടറി കെ.ആര് അരവിന്ദാക്ഷന് തുടങ്ങിയവരും സാമുദായിക സംഘടനകളും സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: