ആലപ്പുഴ: കുറത്തികാട് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ഇ.ഡി. ബിജുവിന് അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായി പരിശീലനം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. പ്രതിയെ പിടിക്കുന്നതിനായി തന്റെ ഇരുചക്രവാഹനത്തില്‍ യാത്രചെയ്യാന്‍ പോലീസുകാരനെ അനുവദിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ വിമുക്തഭടന് കൃഷ്ണപുരം സ്വദേശി വി.എം. പുരുഷോത്തമന് ഫയല്‍ ചെയ്ത കേസിലാണ് നടപടി.
2014 ആഗസ്റ്റ് 26ന് മഞ്ഞാടിത്തറ പള്ളിക്ക് സമീപത്തായിരുന്നു സംഭവം. എസ്ഐ: ബിജുവിന്റെ നേതൃത്വത്തില്‍ അവിടെ കാത്തുനില്‍ക്കുകയായിരുന്ന പോലീസ് സംഘം അതുവഴി വന്ന പുരുഷോത്തമന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തി ഒരു പ്രതിയെ പിടിക്കാന്‍ ഒരു പോലീസുകാരനെ കൂട്ടി പോകണമെന്ന് ആവശ്യപ്പെട്ടു. പുരുഷോത്തമന് സമ്മതിച്ചില്ല. കുപിതനായ എസ്.ഐ പുരുഷോത്തമന്റെ വാഹന റെക്കോര്‍ഡുകള്‍ പരിശോധിച്ചു. അവ ശരിയാണെന്ന് മനസിലാക്കിയപ്പോള്‍ അദ്ദേഹം മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി. മദ്യപിച്ചിട്ടില്ലെന്ന് മനസിലാക്കിയപ്പോള്‍ തിരികെ സ്റ്റേഷനില്‍ കൊണ്ടുവന്ന് മണിക്കുറുകളോളം ഇരുത്തിയ ശേഷം രാത്രി വിട്ടയച്ചു. പോലീസുകാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് കേസും രജിസ്റ്റര്‍ ചെയ്തു.
സംഭവം സംബന്ധിച്ച് മാവേലിക്കര സിഐ സമര്‍പ്പിച്ച അനേ്വഷണ റിപ്പോര്‍ട്ട് കമ്മീഷന് തള്ളി. സിഐ നടത്തിയത് അനേ്വഷണ പ്രഹസനമാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. എസ്ഐയുടെ പ്രവര്‍ത്തി ധിക്കാരപരവും നിയമവിരുദ്ധവുമാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എസ്ഐക്ക് കര്‍ശന താക്കീത് നല്‍കണമെന്ന് കമ്മീഷന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. പോലീസുകാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ് ഉയര്‍ന്ന പോലീസ് ഉദേ്യാഗസ്ഥനെ കൊണ്ട് അനേ്വഷിക്കണം. കേസിന്റെ കുറ്റപത്രം നല്കിയിട്ടുണ്ടെങ്കില് കോടതിയുടെ അനുമതി വാങ്ങി പുന:രനേ്വഷണം നടത്തണം. അനേ്വഷണത്തില്‍ എസ്ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: