പത്തനംതിട്ട: ഭൂപരിഷ്ക്കരണനിയമം, നെല്‍വയല്‍ തണ്ണീര്‍ത്തടനിയമം തുടങ്ങിയവ ഭേദഗതി ചെയ്യുവാനുളള സര്‍ക്കാരിന്റെ നീക്കം പാരിസ്ഥിതിക വിനാശവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുമെന്ന് ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു.
ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിനു വേണ്ടി നാളിതുവരെ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപെട്ടപ്പോള്‍ കെജിഎസ് ഗ്രൂപ്പിനെ ഏതുവിധേനയും രക്ഷിക്കുവാന്‍ വേണ്ടിയാണ് ഇപ്പോള്‍ നിയമ ഭേദഗതിയുമായി സംസ്ഥാനസര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. ഈ രണ്ടു സുപ്രധാന നിയമങ്ങളാണ് കേരളത്തില്‍ അവശേഷിക്കുന്ന പ്രകൃതിയെയും തണ്ണീര്‍ത്തടങ്ങളെയും നെല്‍വയലുകളെയും സംരക്ഷിച്ചു നിലനിര്‍ത്തിപ്പോരുന്നത്.
വന്‍കിട വ്യവസായങ്ങള്‍ക്കും വികസനപദ്ധതികള്‍ക്കുവേണ്ടി തണ്ണീര്‍ത്തടങ്ങളും, നെല്‍വയലുകളും, പുഴകളും, നീര്‍ചാലുകളും മണ്ണിട്ട് നികത്തി സ്വാര്‍ഥലാഭം കൊയ്യുവാനുളള കോര്‍പ്പറേറ്റ് ശക്തികളുടെ ഗൂഢതന്ത്രങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയിരിക്കുന്നു.
വ്യവസായിക ആവശ്യങ്ങളുടെയും നാടിന്റെ വികസനത്തിന്റെയും പേര് പറഞ്ഞ് കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് കൊളളലാഭം ഉണ്ടാക്കുവാന്‍ കേരളത്തിലെ നെല്‍വയലുകളും, തോടുകളും, മലകളും തീറെഴുതികൊടുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.
ജനങ്ങളുടെ വെളളവും അന്നവും മുട്ടിച്ചും പ്രകൃതിയെ ഒന്നാകെ നശിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ തീക്കളി കേരളത്തെ ഒന്നാകെ വിനാശത്തിലേക്ക് തളളിവിടും. ജനങ്ങള്‍ വളരെയേറെ പ്രതീക്ഷകളോടും സമാശ്വാസത്തോടും കൂടിയാണ് തണ്ണീര്‍ത്തട നെല്‍വയല്‍ നിയമത്തെയും, ഭൂപരിഷ്ക്കരണ നിയമത്തെയും നോക്കിക്കാണുന്നത്. രണ്ടരലക്ഷം ഹെക്ടര്‍ നെല്‍വയല്‍ മാത്രമെ ഇനി അവശേഷിക്കുന്നുളളു.
കര്‍ശന നിയമങ്ങള്‍ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ 25 വര്‍ഷത്തിനുളളില്‍ 5 ലക്ഷം ഹെക്ടര്‍ നെല്‍വയല്‍ നഷ്ടപ്പെട്ടു. ഭൂപരിഷ്ക്കരണ നിയമ പ്രകാരം നിശ്ചയിച്ച ഭൂപരിധി നിലവിലുളളതുകൊണ്ടാണ് വന്‍കിടക്കാര്‍ക്ക് യഥേഷ്ടം ഭൂമി വാങ്ങിക്കൂട്ടാന്‍ കഴിയാതെ പോയത്.
ഭൂരഹിതരുടെയും നിര്‍ധനരുടെയും ഭൂമിയിലുളള അവകാശം നഷ്ടപ്പടുത്തുവാന് മാത്രമെ പുതിയ ഭേദഗതി ഇടയാക്കുകയുളളു. പാട്ടക്കാലാവധി കഴിഞ്ഞ ലക്ഷകണക്കിന് ഏക്കര്‍ തോട്ടം ഏറ്റെടുക്കാനല്ല, മറിച്ച് തോട്ടം ഇതര ഭൂമി കുത്തകകള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. ഇത് സാമൂഹിക നീതിയുടെ നിഷേധമാണ.് അതിനാല്‍ ഭൂപരിഷ്ക്കരണ തണ്ണീര്‍ത്തട നെല്‍വയല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുവാനുളള ശ്രമങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: