ആലപ്പുഴ: കയര്‍മേഖലയില്‍ യന്ത്രവത്ക്കരണം കൂടുതല്‍ ശക്തവും വ്യാപകവുമാക്കണമെന്നും കയറിന് തറവില പ്രഖ്യാപിക്കണമെന്നും കയര്‍തൊഴിലാളികളുടെ ആവശ്യം. കയര്‍ കേരള 2015ന്റെ സമാപന ദിവസം മന്ത്രി അടൂര്‍ പ്രകാശ് തൊഴിലാളികളുമായി നേരിട്ടു നടത്തിയ ആശയവിനിമയത്തിലാണ് ഈ ആവശ്യങ്ങള്‍ ഉയര്‍ന്നത്. നിലവില്‍ സഹകരണസംഘങ്ങള്‍ വഴി ഇലക്ട്രോണിക് റാട്ടുകള്‍ സൗജന്യമായി വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇതുവരെ അപേക്ഷ നല്‍കിയവര്‍ക്കെല്ലാം ഇലക്ട്രോണിക് റാട്ടുകള്‍ നല്‍കാനുള്ള സംവിധാനമായിട്ടുണ്ടെന്നും തൊഴിലാളികളുടെ ആവശ്യങ്ങളോടു പ്രതികരിച്ച മന്ത്രി പറഞ്ഞു. ഇനിയും അപേക്ഷ നല്കുന്നവര്ക്കും റാട്ടുകള്‍ നല്‍കും. റബറിനും മറ്റുമുള്ളതുപോലെ കയറിനും ഉത്പാദനച്ചെലവിനനുസരിച്ച് തറവില പ്രഖ്യാപിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നെത്തുന്ന കയറുമായാണ് ഇപ്പോള്‍ കേരളത്തിലെ കയര്‍ മേഖല മത്സരിക്കുന്നത്. യന്ത്രപ്പിരി സംവിധാനത്തിലൂടെ കൂടുതല്‍ കയര്‍ ഉത്പാദിപ്പിക്കുന്ന തമിഴ്നാടിന് ഇത് വിലകുറച്ചു വില്ക്കാന് സാധിക്കുന്നുണ്ട്.
കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങളും ഉത്പാദനത്തിനനുസരിച്ച് വേതനവും നല്‍കുകയും ചെയ്യുന്ന സംഘങ്ങള്‍ക്ക് ആവശ്യമായ എല്ലാ സര്‍ക്കാര്‍ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. കയര്‍ഫെഡ് കയറെടുക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ സത്വര നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു. കയര്‍ വികസന ഡയറക്ടര്‍ ഡോ. കെ. മദനന്, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എ.കെ. രാജന്, കയര്‍ അപ്പെക്സ് ബോഡി വൈസ് ചെയര്മാന് എം.കെ. അബ്ദുള്‍ ഗഫൂര്‍ ഹാജി, കയര്‍ കോര്പ്പറേഷന് ചെയര്മാന് കെ.ആര്. രാജേന്ദ്ര പ്രസാദ്, കയര്‍ മെഷീനറി മാനുഫാക്ച്വറിങ് കോര്പ്പറേഷന് ചെയര്മാന് ഡി. സുഗതന്, എന്‍സിആര്‍എംഐ ഡയറക്ടര്‍ കെ. ആര്. അനില്‍ തുടങ്ങിയവരും മുഖാമുഖത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: