പത്തനാപുരം: ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടത്തില്‍ ബിജെപി പ്രവര്ത്തകന് മര്‍ദ്ദനം. ബിജെപി മഞ്ചള്ളൂര്‍ യൂണിറ്റ് സെക്രട്ടറിയും ബിഎംഎസ് ഡ്രൈവേഴ്സ് യൂണിയന് അംഗവുമായ മഞ്ചള്ളൂര്‍ സരസ്വതിമന്ദിരത്തില്‍ ജയചന്ദ്ര (38) നാണ് മര്‍ദ്ദനമേറ്റത്. മഞ്ചള്ളൂര്‍ മഠത്തില്‍ ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ മദ്യപിച്ചെത്തിയ സാമൂഹ്യവിരുദ്ധസംഘം പ്രകോപനമില്ലാതെ ജയചന്ദ്രനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ആയുധങ്ങള്‍ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അക്രമിസംഘം കടന്നുകളയുകയും ചെയ്തു. മര്‍ദ്ദനത്തില്‍ തലയ്ക്കും കാലിനും ശരീരഭാഗത്തും പരിക്കേറ്റ ജയചന്ദ്രന് പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്. ഉത്സവാഘോഷം അലങ്കോലപ്പെടുത്തിയശേഷം ബിജെപി പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ സാമൂഹ്യവിരുദ്ധ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. പത്തനാപുരം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: