അംഗവൈകല്യത്തിന്റെ പരിമിതികള്‍ എഴുത്തിലൂടെ മറികടന്ന സരസു തോമസിന് അറുപതിന്റെ നിറവ്. ശയ്യാവലംബിയായ സരസു അഞ്ചാം വയസില്‍ ചെഷയര്‍ഹോമില്‍ എത്തിപ്പെടുകയായിരുന്നു. 49 വര്ഷവുംചെഷയര് ഹോമിലെ അന്തേവാസിയായി കഴിയുന്ന സരസു നാലു ചുവരുകള്‍ക്കപ്പുറമുള്ള ലോകത്തെ കണ്ടറിയുകയാണ്.
അഞ്ചാം വയസില്‍ ശരീരത്തിന്റെ 95 ശതമാനവും തളര്‍ന്ന് ചെഷയര്ഹോമിലെത്തുമ്പോള് ആരും കരുതിയില്ല അവര്‍ അറിയപ്പെടുന്ന എഴുത്തുകാരിയും ചിത്രകാരിയും ഗായികയും ഒക്കെ ആകുമെന്ന്. അറുപതാം പിറന്നാളിന് ചെഷയര്‍ ഹോമില്‍ ആശംസ നേരാനെത്തിയത് സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍.
മുഖ്യമന്ത്രിയുടെ ഭാര്യ മറിയാമ്മ ഉമ്മനും ജില്ലാ കളക്ടര്‍ ബിജു പ്രഭാകറും മുന്‍ചീഫ് സെക്രട്ടറി ഡോ.ഡി. ബാബുപോള്‍, വിലാംഗ ക്ഷേമവകുപ്പ് കമ്മിഷണര്‍ ഡോ. അഹമ്മദ് പിള്ള തുടങ്ങിയവര്‍ സരസു തോമസിന് ആശംസകള്‍ അര്‍പ്പിച്ചു.
മറിയാമ്മ ഉമ്മന്‍ പിറന്നാള്‍ കേക്ക് മുറിച്ചു. സരസുവിനെക്കുറിച്ച് എഴുതിയ
ജീവിതത്തിന്റെ വിഷമഘട്ടങ്ങളെ
സധൈര്യം പിന്നിട്ട് കയ്പ്പും മധുരമാക്കി…
എന്നുതുടങ്ങുന്ന കവിത ചെഷയര്‍ഹോമിലെ ഒരു അന്തേവാസി ആലപിച്ചു. കഴുത്ത് തിരിക്കുവാനും കൈകള്‍ കഷ്ടിച്ച് ചലിപ്പിക്കുവാനും മാത്രം കഴിയുന്ന സരസു ഇതിനകം മൂന്നു പുസ്തകങ്ങള്‍ എഴുതി. ചിത്രകാരികൂടിയാണ്. സാമൂഹ്യ കാര്യങ്ങളില്‍ ഇടപെടുന്നു. ‘ഇതാണെന്റെ കഥയും ഗീതവും’ എന്ന ആത്മകഥ സാഹിത്യലോകത്ത് ഏറെ ചര്‍ച്ചചെയ്തിട്ടുണ്ട്. ‘ജയത്തിനുണ്ടോ കുറുക്കുവഴി’ എന്ന പുസ്തകം മനുഷ്യര്‍ക്ക് പ്രതിസന്ധികളെ അതിജീവിക്കുവാന്‍ പ്രാപ്തമായ മാര്‍ഗരേഖയാണ്. റെയ്ച്ചല്‍ ബെന്നി എന്ന മിഷനറിയെക്കുറിച്ചുള്ള ‘സ്നേഹദൂതുമായി ജയിലുകളില്‍’ ആണ് അവസാനമായി എഴുതിയത്.
1955 ജനുവരിയില്‍ പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്ക പള്ളിക്കല്‍ വീട്ടില്‍ പൂര്‍ണ ആരോഗ്യതവതിയായി ജനിച്ച സരസുവിന് പോളിയോ ബാധിക്കുകയായിരുന്നു. ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലുമാകാതെ വേദനയും നിരാശയുമായി പ്രഥമികാവശ്യങ്ങള് പോലും നിറവേറ്റാന്‍ പരസഹായം വേണ്ട ജീവിതം. അങ്ങനെ ഒരുപാട് വേദനകള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. സഹോദരങ്ങള്‍ വിവാഹിതരായതോടെയാണ് 1978 ല്‍ തിരുവനന്തപുരത്തെ ചെഷയര്‍ ഹോമിലെത്തുന്നത്.
ആതുരാലയങ്ങളിലും അനാഥാലയങ്ങളിലും ശരണാലയങ്ങളിലും നന്മമാത്രം ചിന്തിക്കുന്നവര്‍ മാത്രമല്ല ഉള്ളതെന്ന് സരസുവിന് തിരിച്ചറിയാനും ജീവിതയാത്രയില്‍ സാധിച്ചു. അറുപതാം പിറന്നാള്‍ ആയപ്പോള്‍ വയസു കുറയുന്നതുപോലെ തോന്നുന്നതായി സരസു പറയുന്നു. ഞാന്‍ ഇപ്പോള്‍ 16-ാം വയസിലേക്കാണ് കടക്കുന്നത് എന്നു പറഞ്ഞു സരയു പിറന്നാള്‍ ആശംസ നേരാനെത്തിയവരെ നിറഞ്ഞ പുഞ്ചിരിയോടെയാണ് എതിരേറ്റത്.
ശ്വാസംമുട്ടല്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും എനിക്കുചുറ്റും ചെറുപ്പക്കാര്‍ കൂടുമ്പോള്‍ ഞാനും ചെറുപ്പമാകും. ദൈവത്തെ ആശ്രയിച്ചു ജീവിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദവും ആത്മവിശ്വാസവുമാണ് ഇന്ന് എന്റെ ജീവിതം മാന്നോട്ടു കോണ്ടുപോകുന്നതതെന്നുപറയുമ്പോഴും സൂര്യകാന്തിപ്പൂ വിടര്‍ന്നതുപോലെയുള്ള തിളക്കമാണ് ആ മുഖത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: