ആലപ്പുഴ: നെല്ലു സംഭരണം സംബന്ധിച്ച് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ കൃത്യമായ നിര്‍ദ്ദേശമുണ്ടെന്നും അത് 17 ശതമാനത്തില്‍ കൂടരുതെന്നും സംഭരണോദ്യോഗസ്ഥര് ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു. ഈര്‍പ്പത്തിന്റെ പേരില്‍ പണം തടഞ്ഞുവച്ചുവെന്ന ആരോപണം ശരിയല്ലെന്നും അവര്‍ വ്യക്തമാക്കി. കര്‍ഷകരുടെയും സപ്ലൈകോ ഉദ്യോഗസ്ഥരുടെയും യോഗം കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേരുന്നതിനു നടപടി സ്വീകരിക്കാന്‍ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി.
ജില്ലയിലെ സ്വകാര്യ ബസുകള്‍ക്കായി നിശ്ചയിച്ച സമയക്രമം ബന്ധപ്പെട്ടവര്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു യോഗം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. യാത്രക്കാരോടു ബസ് ജീവനക്കാര്‍ മോശമായി പെരുമാറരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്. ഗിരിജയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
പല അങ്കണവാടികള്‍ക്കും വഴിസൗകര്യമില്ലാത്ത പ്രശ്നം യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. എസ്റ്റിമേറ്റ് എടുക്കുമ്പോള്‍ വഴിസൗകര്യം ഉറപ്പാക്കണമെന്ന് നിര്വഹണോദ്യോഗസ്ഥര്ക്ക് നിര്‍ദ്ദേശം നല്‍കിയതായി തദ്ദേശസ്വയംഭരണവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
വാട്ടര്‍ അതോറിറ്റി എടത്വ സബ്ഡിവിഷന്റെ കീഴില്‍ വരുന്ന പഞ്ചായത്തുകളില്‍ വെള്ളക്കരം പിരിക്കുന്നതിന് മീറ്റര്‍ റീഡിങ് എടുക്കാന്‍ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിക്കുന്നമുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കുമെന്നും തിരുവല്ല എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വ്യക്തമാക്കിയതായി ജില്ലാ കുടുംബശ്രീമിഷന് അധികൃതര്‍ അറിയിച്ചു. അയ്യന് കോയിക്കല്‍ കോളനിയില്‍ താമസിക്കുന്ന പട്ടികവര്‍ഗകുടുംബങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് 2014-15 വാര്‍ഷികപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള തുക വിനിയോഗിച്ച് അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കി നല്‍കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചതായി കായംകുളം നഗരസഭാ സെക്രട്ടറി അറിയിച്ചു.
ഹരിപ്പാട് നാരകത്തറഭാഗത്ത് ദേശീയപാതയിലെ വലിയ കുഴികള്‍ അടച്ചതായും ആറു കിലോമീറ്റര്‍ ഭാഗത്തെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ദേശീയപാതാവിഭാഗം യോഗത്തെ അറിയിച്ചു. തണ്ണീര്‍മുക്കം ബണ്ടില്‍ രാത്രികാല പട്രോളിങ് ഏര്‍പ്പെടുത്താന്‍ ചേര്‍ത്തല ഡിവൈഎസ്പിക്ക് ജില്ലാ പോലീസ് സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കിയതായും യോഗത്തില്‍ അറിയിപ്പു ലഭിച്ചു.
കാവാലം-തട്ടാശേരി പാലം പണിയുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിലേക്ക് നല്കാന് യോഗം പ്രമേയത്തിലൂടെ തീരുമാനിച്ചു. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ചിക്കരക്കുട്ടികളുടെയും രക്ഷിതാക്കളുടെയും ആരോഗ്യ പരിശോധനകള്‍ക്ക് ഹോമിയോ-അലോപ്പതി വകുപ്പുകള്‍ എല്ലാ സജ്ഝീകരണങ്ങളുമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജപ്പാന് കുടിവെള്ളപദ്ധതിയിലെ മറവന്‍ തുരുത്തില്ക്കൂടിപ്പോകുന്ന പൈപ്പ് മാറ്റാന്‍ നടപടിയെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: