ആലപ്പുഴ: ഓളപ്പരപ്പുകളില്‍ കേരളം സ്വര്‍ണക്കൊയ്ത്ത് തുടങ്ങുമോയെന്ന് ഫെബ്രുവരി രണ്ടിന് അറിയാം. രാവിലെ പുരുഷ-വനിതാ വിഭാഗങ്ങളില്‍ 2,000 മീറ്ററില്‍ സെമിഫൈനലും വൈകിട്ട് ഫൈനലും നടക്കും. ചൊവ്വാഴ്ച രാവിലെ ട്രാക്ക് 500 മീറ്ററായി ക്രമപ്പെടുത്തുന്ന നടപടികള്‍ ആരംഭിക്കും. 2000 മീറ്റര്‍ തുഴച്ചിലില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും 43 പ്രാഥമിക മത്സരങ്ങളാണ് ഞായറാഴ്ച വേമ്പനാട് കായലില്‍ പൂര്‍ത്തീകരിച്ചത്. ആദ്യദിനത്തിലെ പ്രാഥമിക മത്സരങ്ങളില്‍ ആതിഥേയരായ കേരളം അഞ്ച് ഇനങ്ങളില്‍ ആദ്യ സ്ഥാനത്തെത്തി. ഏഴ് മത്സരങ്ങളില്‍ സര്‍വീസസും അഞ്ച് മത്സരങ്ങളില്‍ ദല്‍ഹിയും ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.
ഒമ്പത് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. വനിതാ സിംഗിള്‍ സ്കള്, പുരുഷസിംഗിള് സ്കള്, പുരുഷ കോക്സ്ലസ് പെയേര്‍സ്, പുരുഷ കോക്ലസ് ഫോര്‍സ്, പുരുഷ ലൈറ്റ്വെയ്റ്റ് ഡബിള്‍ സ്കള്, വനിതാ കോക്സ്ലസ് പെയേഴ്സ്, വനിതാ കോക്സ്ലസ് ഫോര്‍സ്, വനിതാ ഡബിള്‍ സ്കള്, പുരുഷകോക്സ്ഡ് എയ്റ്റ്സ് വിഭാഗങ്ങളിലാണ് മത്സരം നടന്നത്. ഇതില്‍ പുരുഷ ലൈറ്റ് വേയ്റ്റ് ഡബിള്‍ സ്കള്, വനിതാ ഡബിള്‍ സ്കള്, വനിതാ സിംഗിള്‍ സ്കള്, വനിത കോക്സ്ലസ് പെയേഴ്സ്, വനിതാ കോക്സ്ലസ് ഫോര്‍സ് ഇനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി.
സര്‍വീസസ് പുരുഷ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്കള്, പുരുഷ സിംഗിള്‍ സ്കള്, പുരുഷ കോക്സസ്ഡ് എയ്റ്റ്സ്, പുരുഷ കോക്സ്ലസ് പെയേഴ്സ്, പുരുഷ കോക്സ്ലസ് ഫോര്‍സ്, പുരുഷ കോക്സ്ലസ് എയ്റ്റ്സ് ഇനങ്ങളില്‍ ആദ്യ സ്ഥാനത്തെത്തി. കര്‍ണാടക, തമിഴ്നാട്, തെലുങ്കാന, ഹരിയാന, ദല്‍ഹി, മദ്ധ്യപ്രദേശ്, ഒഡീഷ, മണിപ്പൂര്‍, ഉത്തര്‍ഖണ്ഡ് എന്നിവ വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി. 2,000 മീറ്റര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. ഇറ്റലിയില്‍ നിന്നെത്തിച്ച ഫിലിപ്പാ ലെഡോ കമ്പനിയുടെ 31 വള്ളങ്ങളാണ് റോവിങിന് ഉപയോഗിക്കുന്നത്. മത്സരങ്ങള്‍ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നടക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് സാംസ്കാരിക ജാഥ നടക്കും. ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കന്ന സാംസ്കാരിക ഘോഷയാത്ര മുനിസിപ്പല്‍ ടൗണ്‍ സ്ക്വയറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിനൊപ്പം ഭാരോദ്വഹന പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. 500 മീറ്റര്‍ തുഴച്ചില്‍ മത്സരങ്ങള്‍ നാളെ നടക്കും. നാലിന് സെമി ഫൈനല്‍. അഞ്ചിന് ഫൈനലും സമ്മാനം വിതരണവും നടക്കും. കനോയിങ്, കയാക്കിങ് മത്സരങ്ങള്‍ ഒമ്പതിന് ആരംഭിക്കും. തുഴച്ചില്‍ മത്സരങ്ങള്‍ നടക്കുന്ന വേദി ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. സംഘാടകരുമായും മത്സരാര്‍ത്ഥികളുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തി.
വനിതാ വിഭാഗത്തിലാണ് കേരളത്തിന് പ്രതീക്ഷകളേറെയും. പുരുഷവിഭാഗത്തില്‍ സര്‍വീസസ് കടുത്ത വെല്ലുവിളിയുയര്‍ത്തും. 14 പുരുഷന്മാരും ഒമ്പത് വനിതകളുമാണ് കേരളത്തിന് വേണ്ടി മാറ്റുരയ്ക്കുന്നത്. റാഞ്ചിയില്‍ നടന്ന കഴിഞ്ഞ ദേശീയ ഗെയിംസില്‍ എട്ട് സ്വര്‍ണവും ഒരു വെങ്കലവും നേടിയ സര്‍വീസസായിരുന്നു മികച്ച പ്രകടനം നടത്തിയത്. മൂന്നു സ്വര്‍ണം, നാലു വെള്ളി, നാലു വെങ്കലം എന്നിങ്ങനെയായിരുന്നു കേരളത്തിന്റെ സമ്പാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: